VD സതീശൻ മുഖ്യമന്ത്രിയായ ശേഷം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയത് 15,627 പോസ്റ്റുകൾ; ആറുമാസത്തെ കണക്ക് ഇങ്ങനെ

തിരുവനന്തപുരം: വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ഇതുവരെ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തത് 15,627 പോസ്റ്റുകൾ. സർക്കാരിന്റെ നിർദേശപ്രകാരം നീക്കം ചെയ്ത പോസ്റ്റുകളുടെ എണ്ണമാണ് ഇത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറുമാസത്തിനിടെയാണ് ഇത്രയും പോസ്റ്റുകൾ നീക്കിയത്. സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മോർഫ് ചെയ്ത ചിത്രങ്ങളും കൃത്രിമമായി ഉണ്ടാക്കിയ വ്യാജ പോസ്റ്റുകളും നീക്കം ചെയ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു. ആകെ 4,201 പരാതികളാണ് പോലീസിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതിൽ 3,472 പരാതികളിൽ പോലീസ് നിയമനടപടികൾ സ്വീകരിച്ചു. ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് അപകീർത്തികരമായ പോസ്റ്റുകൾക്കും മോർഫ് ചെയ്ത ഫോട്ടോകൾക്കും എതിരെ കേസുകൾ രജിസ്റ്റർ ചെയ്യുന്നത്.
കേന്ദ്ര സർക്കാരിന്റെ സഹയോഗ് പോർട്ടൽ മുഖേനയാണ് പോലീസ് ഇത്തരത്തിലുള്ള പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും ജില്ലാ പോലീസ് മേധാവിമാർക്കും എഡിജിപി സൈബർ ഓപ്പറേഷൻസിനും പോർട്ടൽ ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകൾ വഴി ലഭിക്കുന്ന പരാതികളിൽ വേഗത്തിൽ നടപടിയെടുക്കാൻ പുതിയ സംവിധാനം സഹായിക്കുന്നുണ്ട് എന്നാണ് വിലയിരുത്തൽ.
വ്യാജ വിവരങ്ങളും അധിക്ഷേപങ്ങളും പരത്തുന്ന പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് പോലീസ് ആദ്യം ഔദ്യോഗിക നോട്ടീസ് നൽകും. ഈ നോട്ടീസ് ലഭിച്ച ശേഷമാണ് സോഷ്യൽ മീഡിയ കമ്പനികൾ ഇത്തരം പോസ്റ്റുകൾ പൂർണ്ണമായും നീക്കം ചെയ്യുന്നത്.
Content Highlights: Home Minister Ramesh Chennithala informed the Kerala Assembly that authorities removed 15,627 social media posts—including morphed images and fake content—during the first six months of CM VD Satheesan's tenure.