'50 ശതമാനം വോട്ട് ഉറപ്പാക്കണം'; 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു വന്‍ വിജയം ലക്ഷ്യമിട്ട് ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:PTI
പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:PTI

ന്യൂഡല്‍ഹി: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2019-നേക്കാള്‍ വലിയ വിജയം ലക്ഷ്യംവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത വര്‍ഷം 50 ശതമാനം വോട്ട് ഉറപ്പാക്കണമെന്നാണ് മൂന്നാം വിജയത്തിനിറങ്ങുന്ന നരേന്ദ്ര മോദിയുടെ നിര്‍ദേശം. 

'അടുത്ത വര്‍ഷം ആകെ വോട്ടുകളുടെ 50 ശതമാനവും ബിജെപി നേടണം', ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വെള്ളിയാഴ്ച ചേര്‍ന്ന ദേശീയ യോഗത്തില്‍ നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 37.36 ശതമാനം വോട്ടുകള്‍ നേടിയ ബിജെപി 303 സീറ്റുകളിലായിരുന്നു വിജയിച്ചിരുന്നത്. 

50 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാല്‍ ബിജെപിക്ക് കൂടുതല്‍ നിര്‍ണായകമായ വിജയം നേടാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാറിന്റെ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാനും സ്ത്രീകള്‍, കര്‍ഷകര്‍, ചെറുപ്പക്കാര്‍, പാവപ്പെട്ടവര്‍ എന്നിങ്ങനെ നാല് പ്രധാനപ്പെട്ട മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മോദി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശം. 

മുന്‍പ് ഭരിച്ചിരുന്നവരില്‍ നിന്ന് വ്യത്യസ്തമായി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ സര്‍ക്കാര്‍ പ്രധാന്യം കൊടുക്കുന്നത്. പട്ടിണിയാണ് ഈ രാജ്യത്തെ ഏറ്റവും വലിയ ജാതിയെന്നും പ്രധാനമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു. 

യഥാര്‍ഥമായ വികസനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രതിപക്ഷം കളിക്കുന്ന നിഷേധാത്മകമായ രാഷ്ട്രീയത്തില്‍ വീണുപോകരുതെന്നുമാണ് പ്രധാനമന്ത്രി നല്‍കിയ മറ്റൊരു നിര്‍ദേശം. അത്തരത്തിലുള്ള രാഷ്ട്രീയം ശ്രദ്ധ അര്‍ഹിക്കുന്നില്ലെന്നും ശക്തമായി പ്രതിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നതിനായി സാമൂഹ്യ മാധ്യമങ്ങള്‍ വിലയിരുത്തണമെന്നും ഇന്‍സ്റ്റഗ്രാമിലെ റീലുകള്‍ പോലെയുള്ള നൂതനമായ മാര്‍ഗങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: 'Ab Ki Baar 50% Vote Paar': PM Modi Sets Target for Bigger Victory in 2024 at BJP Meet