മോദിയാണ് നേതാവെന്ന തീരുമാനം അദ്വാനിയെ അറിയിച്ചത് വേദനയോടെ-വെങ്കയ്യ നായിഡു|അഭിമുഖം

#എം.പി. സൂര്യദാസ്
വെങ്കയ്യ നായിഡു |ഫോട്ടോ: അജിത് ശങ്കരന്‍
വെങ്കയ്യ നായിഡു |ഫോട്ടോ: അജിത് ശങ്കരന്‍
‘പിതൃതുല്യനായിമാത്രം കണ്ടിട്ടുള്ള അദ്വാനിയെച്ചെന്ന് മോദിയെ പ്രധാനമന്ത്രിയാക്കാനുള്ള പാർട്ടി തീരുമാനം അറിയിച്ചപ്പോൾ അദ്ദേഹം എതിർത്തൊന്നും പറഞ്ഞില്ല. എങ്കിലും അത് എന്നെ ഏറെ വേദനിപ്പിച്ചു.’ - മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു

''നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന 2014-ലെ ഗോവ സമ്മേളനത്തിലെ ഭൂരിപക്ഷ തീരുമാനം എല്‍.കെ. അദ്വാനിയെ അറിയിക്കാന്‍ പാര്‍ട്ടി തീരുമാനപ്രകാരം ചെന്നുകണ്ടത് ഇന്നും വേദനിപ്പിക്കുന്ന ഓര്‍മയാണ്. അന്ന് ഗോവയില്‍ ചേര്‍ന്ന കേന്ദ്ര എക്സിക്യൂട്ടീവും പാര്‍ലമെന്ററി ബോര്‍ഡും ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിയെയാണ് പിന്തുണച്ചത്. വാജ്പേയി പ്രധാനമന്ത്രിയായ ശേഷം നടന്ന 2004 ലും 2009 ലും പാര്‍ട്ടി പരാജയപ്പെട്ടു. ഇനി മൂന്നാമതൊരിക്കല്‍കൂടി പരാജയപ്പെട്ടാല്‍ സംഘടന ദുര്‍ബലമാവും. ഇതു മനസ്സിലാക്കിയാണ് പ്രായംകുറഞ്ഞ നേതാവായ മോദിയെ ഞാന്‍ പിന്തുണച്ചത്.'' അദ്വാനിയെ തഴഞ്ഞ് മോദിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിയ അന്നത്തെ സാഹചര്യം വിശദീകരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.

2014-ല്‍ അദ്വാനി സജീവമായി രംഗത്തുള്ള കാലമല്ലെ. പ്രായം കൂടുതല്‍ എന്ന് പറയാന്‍ സാധിക്കുമോ ?

* പ്രായം കൂടിപ്പോയി എന്നതല്ല പ്രശ്നം. 2004 ലും 2009 ലും പരാജയപ്പെട്ട പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ ഒരു യുവ നേതാവ് വേണം എന്നത് പൊതുവായ ആവശ്യമായിരുന്നു. പിന്നെ മൂന്നുതവണ ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ മോദിക്കുള്ള അനുഭവ പരിചയം (ഭരണപരിചയം) പ്രധാനമാണ്. ഈ രണ്ട് കാരണങ്ങള്‍ വെച്ച സാഹചര്യം മോദിക്ക് അനുകൂലമായി. ഞാനും മോദിയെയാണ് അനുകൂലിച്ചത്. പിതൃതുല്യനായി മാത്രം കണ്ടിട്ടുള്ള അദ്വാനിയെ ചെന്ന് പാര്‍ട്ടി തീരുമാനം അറിയിച്ചപ്പോള്‍ അദ്ദേഹം എതിര്‍ത്തൊന്നും പറഞ്ഞില്ല. എങ്കിലും അത് എന്നെ ഏറെ വേദനിപ്പിച്ചു.

താങ്കള്‍ അന്ന് ഗോവ സമ്മേളനത്തില്‍ മോദിക്കുവേണ്ടി കരുനീക്കിയോ ?

* മോദിയെ ഞാന്‍ ശക്തമായി പിന്തുണച്ചു എന്നത് ശരിയാണ്. എന്നാല്‍ അംഗങ്ങളെ ക്യാന്‍വാസ് ചെയ്യലായിരുന്നില്ല പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും താത്പര്യം മുന്നില്‍ക്കണ്ട് എന്റെ നിലപാട് ഞാന്‍ മറ്റു അംഗങ്ങളെ ശക്തമായി ധരിപ്പിച്ചു. ദേശീയ സമിതിയിലെ പലരുമായി ആശയവിനിമയം നടത്തി. അന്ന് എടുത്ത നിലപാട് ശരിയായിരുന്നുവെന്ന് തെളിയിക്കപ്പെടുകയും ചെയ്തു.

നരേന്ദ്രമോദിയും വെങ്കയ്യ നായിഡുവും | Photo: AFP

ബി.ജെ.പി.ക്ക് മുമ്പ് ഒട്ടേറെ മികച്ച നേതാക്കളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പാര്‍ട്ടിക്കു പറത്ത് സ്വാധീനമുള്ള താങ്കളെയും പ്രമോദ് മഹാജനെയും പോലുള്ള നേതാക്കള്‍ ഇല്ല എന്നത് ശരിയാണോ?

* ബി.ജെ.പി.യുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് ഞാന്‍ പ്രതികരിക്കുന്നത് ശരിയല്ല. എന്നാല്‍, പാര്‍ട്ടിയില്‍ മികച്ച ഒട്ടേറെ നേതാക്കളുണ്ട്. പുതിയ നേതാക്കള്‍ വളര്‍ന്നുവരണം. അവര്‍ക്ക് അവസരം നല്‍കണം എന്നാണ് എന്റെ അഭിപ്രായം. വാജ്പേയിക്കുശേഷം ഇനി ആര്, അദ്വാനിക്കുശേഷം ആര് എന്നീ ചോദ്യങ്ങള്‍ ചോദിച്ചതുപോലെ ഇപ്പോള്‍ മോദിക്കുശേഷം ആര് എന്ന് ചോദിക്കുന്നവരുണ്ട്. മോദിക്കുശേഷം ആരുമില്ല എന്ന നിലയില്‍ നേതൃദാരിദ്ര്യം ബി.ജെ.പി.ക്കില്ല. കഴിവുള്ളവര്‍ ഉണ്ട്. അവര്‍ ചര്‍ച്ച ചെയ്ത് അവരെ കണ്ടെത്തട്ടെ.

രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ ഒരു മൂല്യച്യുതി ഇന്ന് അനുഭവപ്പെടുന്നുണ്ടോ?

* പൊതു ജീവിതത്തില്‍ നിശ്ചിത തോതില്‍ മൂല്യച്യുതി ഉണ്ടായിട്ടുണ്ട്. പാരമ്പര്യത്തെ അവഗണിക്കുകയും വ്യക്തിമൂല്യങ്ങള്‍ ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയക്കാരിലെ മൂല്യത്തകര്‍ച്ച ജനങ്ങളെ നിരാശരാക്കിയിട്ടുണ്ട്. ഇത് പാര്‍ലമെന്റ് നിയമസഭാ സംവിധാനത്തോടുള്ള താത്പര്യം ജനങ്ങളില്‍ കുറച്ചിട്ടുണ്ട്. രാജ്യം എല്ലാ രീതിയിലും മുന്നേറുമ്പോള്‍ ഇത്തരമൊരു മൂല്യത്തകര്‍ച്ച പരിഹരിക്കപ്പെടേണ്ടതാണ്.

ഈ മൂല്യത്തകര്‍ച്ചക്ക് ആരാണ് ഉത്തരവാദി ?

* ഇതിന് ഏതെങ്കിലും ഒരു പാര്‍ട്ടിയെയോ വ്യക്തിയെയോ കുറ്റപ്പെടുത്താനാവില്ല. കഴിഞ്ഞ കുറേക്കാലങ്ങളിലായി സംഭവിച്ച വീഴ്ചയാണ്. മൗലികാവകാശവും അഭിപ്രായ സ്വാതന്ത്ര്യവും തടഞ്ഞ 1975-ലെ അടിയന്തരാവസ്ഥ ഇതിന് വലിയൊരു അളവുവരെ കാരണമായിട്ടുണ്ട്.

കോടതിയില്‍ പരാജയപ്പെട്ടപ്പോള്‍ കോടതിയേയും ജഡ്ജിമാരെയും മറികടക്കാനുള്ള നീക്കം നടത്തി. അവിടുന്നാണ് മൂല്യത്തകര്‍ച്ച തുടങ്ങുന്നത്. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ആളുകള്‍ പാര്‍ട്ടി മാറുന്നു. ആദ്യം വ്യക്തികളാണ് കൂറുമാറിയിരുന്നത്. പിന്നെ കൂട്ടത്തോടെയുള്ള കുറുമാറ്റമായി. ഇതു തടയാന്‍ കൂറുമാറ്റ നിരോധനനിയമം കൊണ്ടുവന്നു. പക്ഷേ, ആ നിയമം ഉദ്ദേശിച്ച ഫലം ചെയ്തില്ല. കൂറുമാറ്റ നിരോധനനിയമം ഭേദഗതി ചെയ്യേണ്ട സമയം അതിക്രമിച്ചു. ആരാണോ കൂറുമാറുന്നത് അദ്ദേഹത്തിന് ലഭിച്ച പദവി രാജിവെച്ചുകൊണ്ടുവേണം കൂറുമാറാന്‍. ഇങ്ങനെ നിയമം ഭേദഗതി ചെയ്താല്‍ മാത്രമേ രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയുള്ള കൂറുമാറ്റം തടയാന്‍ പറ്റൂ.

ജനപ്രതിനിധികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ എന്തെങ്കിലും സംവിധാനം വേണ്ടേ ?

* ജനം അവരുടെ ജനപ്രതിനിധിയുടെ പ്രവര്‍ത്തനം പരിശോധിച്ച് വിലയിരുത്തി വോട്ടു ചെയ്യണം. സഭയില്‍ ബഹളവും ഒച്ചപ്പാടും അടിപിടിയും നടത്തുന്ന അംഗത്തെ ജനം തിരിച്ചറിയണം. നേരത്തെ ക്യാരക്ടര്‍, കാലിബര്‍, കപ്പാസിറ്റി, കോണ്‍ടാക്ട് -ഈ നാല് 'സി' നോക്കിയാണ് ജനം വോട്ടു ചെയ്തിരുന്നത്. ഇന്ന് അതു മാറി കാസ്റ്റ്, കമ്മ്യൂണിറ്റി, കാഷ്, ക്രിമിനാലിറ്റി എന്ന നാല് 'സി' വിലയിരുത്തല്‍ സൂചിക. രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവരുടെ ജനപ്രതിനിധികള്‍ക്ക് സ്വയം ഒരു പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തണം. 

ജനപ്രതിനിധി സഭകളില്‍ എല്ലാ വോട്ടെടുപ്പിനും പാര്‍ട്ടികള്‍ വിപ്പ് നല്‍കുന്നത് കൂടിവരികയാണ്. സ്വതന്ത്രമായി ചിന്തിച്ച് അഭിപ്രായം രേഖപ്പെടുത്താനുള്ള അംഗത്തിന്റെ അവകാശത്തെ ചോദ്യം ചെയ്യുന്ന സമീപനമല്ലേ ഇത് ?

* ഓരോ വിഷയത്തിന്റെയും മെറിറ്റ് നോക്കിവേണം വിപ്പ് നല്‍കാന്‍. പാര്‍ട്ടിയുടെ മാനിഫെസ്റ്റോ പ്രകാരമാണ് ഭരിക്കുന്നത്, പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ അംഗങ്ങള്‍ക്ക് സാധിക്കണം. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കണം. പാര്‍ട്ടികളിലെ ആഭ്യന്തര ജനാധിപത്യം പരമപ്രധാനമാണ്. 

ഇന്ന് മിക്ക പാര്‍ട്ടികളിലും തീരുമാനമെടുക്കുന്നത് തുറന്ന ചര്‍ച്ചകളിലൂടെയല്ല. ഇത് തെറ്റായ രീതിയല്ലേ ?

* പാര്‍ട്ടികളില്‍ ആഭ്യന്തര ജനാധിപത്യം ഇല്ലാത്ത് കഷ്ടമാണ്. തീരുമാനം മുഴവനെടുക്കാന്‍ നേതാവിനെ ചുമതലപ്പെടുത്തും. നേതാവ് എല്ലാം തീരുമാനിക്കുന്ന ഏകാധിപതിയായി മാറുന്നു. ഇത് ശരിയായ സമീപനമല്ല. ഭരണഘടന നിലവില്‍വന്നതിന്റെ 75-ാം വാര്‍ഷികമല്ലേ. ഭരണഘടന നമ്മളെ തോല്പിച്ചോ അതോ നമ്മള്‍ ഭരണഘടനയെ തോല്പിച്ചോ? നമ്മുടെ ഭരണഘടനക്ക് ഒന്നും സംഭവിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനയാണ്. എത്രവണ ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ബഹളം വെക്കുന്നവര്‍ ഇക്കാര്യം ആത്മപരിശോധന നടത്തണം. 

'ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്' താങ്കള്‍ സ്വാഗതം ചെയ്യുന്നുണ്ടോ ?

* നമ്മള്‍ ഒരു രാജ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ. എന്നും തിരഞ്ഞെടുപ്പ് എന്ന അവസ്ഥ മാറേണ്ടതുണ്ട്. ചെലവുചുരുക്കാന്‍ പര്യാപ്തമായ തീരുമാനമാണ്. അതേസമയം, ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയവും ആശങ്കയുമുണ്ടെങ്കില്‍ അത് മാറ്റാന്‍ ചര്‍ച്ചകള്‍ നടത്തണം.

നെഹ്റുവിനും കുടുംബത്തിനും നേരെ നടക്കുന്ന മോശമായ പ്രചരണം അംഗീകരിക്കുന്നുണ്ടോ? പട്ടേലായിരുന്നു പ്രധാനമന്ത്രി ആവേണ്ടിയിരുന്നതെന്ന വാദം ഇപ്പോള്‍ അപ്രസക്തമല്ലേ?

* ആര്‍ക്കെതിരെയുമുണ്ടാവുന്ന വ്യക്തിപരമായ ആക്ഷേപം ശരിയല്ല. സമൂഹമാധ്യമങ്ങളെ തെറ്റായി ഉപയോഗിക്കുന്നത് തടയേണ്ടതുണ്ട്. എന്നാല്‍, പട്ടേലിനെയാണ് ഭൂരിപക്ഷം മുഖ്യമന്ത്രിമാരും അന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത് എന്നത് നിലനില്‍ക്കുന്ന വാദമാണ്. ചരിത്രം മനസ്സിലാക്കുന്നതും പഠിക്കുന്നതും നല്ലതാണ്.

നരേന്ദ്ര മോദിയും എൽകെ അദ്വാനിയും | Photo: AP

അപ്പോള്‍ അദ്വാനിയെ രാഷ്ട്രപതിയായി പരിഗണിക്കുമെന്ന് ഭൂരിപക്ഷം ബി.ജെ.പി.ക്കാരും പ്രതീക്ഷിച്ചിട്ടും പരിഗണിക്കാതിരുന്നത് ശരിയാണോ ?

* അത് ബി.ജെ.പി.യുടെ പാര്‍ട്ടി തീരുമാനമാണ്. അതിലെന്തെങ്കിലും വ്യക്തിതാത്പര്യം കാണാന്‍ ശ്രമിക്കുന്നത് ശരിയല്ല. 

ഉപരാഷ്ട്രപതിയായിരുന്ന താങ്കളേയും രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചില്ല. ഇത് ഒരു അനീതിയായി കാണുന്നുണ്ടോ ?

* ആരെ രാഷ്ട്രപതിയാക്കണം എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. എനിക്ക് അതില്‍ ഒരു പ്രയാസവുമില്ല. വെറുമൊരു കര്‍ഷക കുടുംബത്തില്‍ ജനിച്ച എന്നെ എം.എല്‍.എ., എം.പി., വിവിധ വകുപ്പുകളില്‍ കേന്ദ്രമന്ത്രി, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍, ഒടുവില്‍ ഉപരാഷ്ട്രപതി തുടങ്ങി പലനിലകളിലും പരിഗണിച്ചിട്ടുണ്ട്. ഞാന്‍ സംതൃപ്തനാണ്.

മണിപ്പൂര്‍ പ്രശ്നം പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടോ

* മണിപ്പൂരിലേത് ഒരു വംശീയ പ്രശ്നമാണ്. കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ട സ്ഥലത്ത് ഇടപെട്ടിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് ഒറ്റക്കെട്ടായി പരിഹരിക്കേണ്ടതാണ് ഈ വിഷയം.

പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാതിരുന്നത് മോശമല്ലേ. അദ്ദേഹം എത്രയോ വിദേശയാത്രകള്‍ ഈ കാലളവില്‍ നടത്തി.

* പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ചില്ല എന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. അതൊരു രാഷ്ട്രീയ ആരോപണമാണ്. മണിപ്പൂര്‍ വിഷയത്തില്‍ ഞാന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കേണ്ടതായിരുന്നുവെന്ന് മോദിയോട് പറഞ്ഞിരുന്നോ?

* പ്രധാനമന്ത്രിയോട് പറഞ്ഞ കാര്യങ്ങള്‍ പരസ്യമായി പറയുന്നത് ശരിയല്ല.

പാര്‍ലമെന്റ് സമ്മേളിക്കുന്ന അവസരത്തില്‍പോലും പ്രധാനമന്ത്രി വിദേശത്താണല്ലോ ?

* പാര്‍ലമെന്റ് സമ്മേളിക്കുന്ന അവസരങ്ങളില്‍ പരമാവധി പ്രധാനമന്ത്രിയും മന്ത്രിമാരും സഭയിലുണ്ടാവേണ്ടതാണ്. അത്രയും ഗൗരവമുള്ള കാരണമാണെങ്കില്‍ മാത്രമേ വിട്ടുനില്‍ക്കാവൂ. ചില അത്യാവശ്യ ഘട്ടത്തില്‍ വിദേശത്ത് പോകേണ്ടിവരും. പക്ഷേ, പാര്‍ലമെന്റ് ഉള്ളപ്പോള്‍ സഭയില്‍ ഉണ്ടാവുകയെന്നത് ആവശ്യമാണ്. 

താങ്കളെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച സംഭവം എന്താണ്?

* എന്നും ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കണമെന്നതായിരുന്നു എന്റെ ആഗ്രഹം. ഉപരാഷ്ട്രപതി എന്ന ഭരണഘടനാ പദവിയിലേക്ക് പരിഗണിച്ചപ്പോള്‍ പാര്‍ട്ടി അംഗത്വം രാജിവെക്കേണ്ടി വന്നു. അന്ന് കണ്ണുനിറഞ്ഞു. ഇനി പാര്‍ട്ടി ഓഫീസില്‍ പോകാന്‍ കഴിയില്ല എന്ന ചിന്ത മനസ്സിനെ വല്ലാതെ അലട്ടി. എങ്കിലും പാര്‍ട്ടി ഏല്പിച്ച ചുമതല ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനായി.

WATCH FULL INTERVIEW

Content Highlights: Venkaiah Naidu recounts the 2014 BJP Goa conclave decision to support Modi over Advani for PM