‘മെച്ചപ്പെട്ട വിജയം ഉണ്ടാകുമെന്നാണ് പാർട്ടി ഘടകങ്ങൾ നൽകിയ വിവരം’; സംഭവിച്ചതെന്ത് | ഗോവിന്ദൻ പറയുന്നു

#ബിജു പങ്കജ് | എം.വി.ഗോവിന്ദന്‍
എം.വി.ഗോവിന്ദന്‍
എം.വി.ഗോവിന്ദന്‍

പാർട്ടി അവലോകന യോഗങ്ങൾക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയെ കുറിച്ച് കാരണങ്ങൾ കണ്ടെത്തിയിരിക്കുകയാണ് സിപിഎം. ഇത്തരമൊരു തോൽവി സിപിഎം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറയുന്നത്. പാർട്ടിയുടെ താഴെ തട്ടിൽനിന്ന് ലഭിച്ച വിവരങ്ങൾ മെച്ചപ്പെട്ട വിജയം ഉണ്ടാകുമെന്നതായിരുന്നുവെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു. തോൽവിയുടെ കാരണം സംബന്ധിച്ചു പുതിയ നീക്കങ്ങളെ കുറിച്ചും ഗോവിന്ദൻ മനസ്സ് തുറക്കുന്നു....

പിണറായി വിജയന്റെ മാത്രം ഫ്ളക്സ് കേരളമൊട്ടാകെ വന്നത് ജനസമൂഹത്തിൽ വലിയ ചർച്ചയായില്ലേ?

കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ തിരഞ്ഞെടുപ്പിലും പൊതുവായ മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്നതിനായാണ് ഫ്ളക്സ് ബോർഡുകൾ ഉപയോഗിച്ചത്. അതിൽ മുഖ്യമന്ത്രി എന്ന നിലയിലും പാർട്ടി നേതാവ് എന്ന നിലയിലും പിണറായി വിജയന്റെ ചിത്രം മാത്രമാണ് വന്നത് എന്നത് ശരിയാണ്. അത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ആ വിമർശനങ്ങളെ ഞങ്ങൾ പരിശോധിക്കും.

ഈ പരാജയത്തിൽ താങ്കൾക്ക് വ്യക്തിപരമായി മാനസിക വേദന അനുഭവപ്പെടുന്നുണ്ടോ?

ഒരു മാനസിക വ്യഥയും ഞാൻ അനുവദിക്കില്ല, അനുഭവിക്കുകയുമില്ല. ഇത് വ്യക്തിപരമായ വിഷയമായി കാണേണ്ടതില്ല. എനിക്കെതിരായോ പിണറായി വിജയനെതിരായോ പാർട്ടി നേതൃത്വത്തിനെതിരായോ വരുന്ന ആക്രമണങ്ങളുടെ പിന്നിൽ പാർട്ടി വിരുദ്ധതയാണുള്ളത്. അത് മനസ്സിലാക്കുന്ന ഒരാളായ എനിക്ക് വിമർശനം വന്നതുകൊണ്ട് വ്യക്തിപരമായ വേദന തോന്നേണ്ട കാര്യമില്ല.

താഴെതട്ടിൽ നിന്നുള്ള റിപ്പോർട്ടുകളിൽ പി.കെ. ശ്യാമളയുടെ പേര് ഉണ്ടായിരുന്നില്ലെന്നാണ് താങ്കളുടെ ഭാര്യയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പറയുന്നത്?

ശുദ്ധ അസംബന്ധമാണ്. ജില്ലാ കമ്മിറ്റി പൊതുവേ അംഗീകരിച്ച ലിസ്റ്റാണ് സംസ്ഥാന കമ്മിറ്റിക്ക് നൽകിയത്. ബാക്കി പറയുന്നതെല്ലാം കള്ളപ്രചാരണമാണ്.

വി.ഡി. സതീശൻ സർക്കാരിന്റെ ഈ ചെറിയ കാലയളവിലെ പ്രവർത്തനം വിലയിരുത്താൻ കഴിയുമോ?

വിലയിരുത്താൻ കഴിയും. നെഹ്റുവിയൻ സിദ്ധാന്തത്തിന്റെ ഭാഗമായിട്ടാണ് ഞാൻ ഇടതുപക്ഷക്കാരനായി ഭരണത്തിലേക്ക് വരുന്നതെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ആഗോളവൽക്കരണവും സ്വകാര്യവൽക്കരണവുമാണ് ഈ സർക്കാരിന്റെ മുദ്രാവാക്യം എന്ന് അദ്ദേഹത്തിന്റെ ആദ്യത്തെ മൂന്നാഴ്ചക്കാലത്തെ ഭരണത്തിൽ നിന്നുതന്നെ വ്യക്തമാകുന്നു.

എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്?

നെഹ്റുവിയൻ സിദ്ധാന്തത്തിന്റെ പ്രധാന ഭാഗം പൊതുമേഖലയാണ്. എന്നാൽ ഈ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും വിൽക്കാനും സ്വകാര്യവൽക്കരിക്കാനുമാണ് ശ്രമിക്കുന്നത്. കരിമണൽ ഉൾപ്പെടെയുള്ള മേഖലകളിൽ സ്വകാര്യ മൂലധനത്തിന് പ്രവേശനം നൽകാനുള്ള നിലപാടും അതിന്റെ ഭാഗമാണ്. അതിനാൽ ഈ സർക്കാരിന്റെ അടിസ്ഥാന സമീപനം തീവ്ര വലതുപക്ഷ സ്വഭാവമുള്ളതാണ്.

ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ, ജി. സുധാകരൻ എന്നിവർ നിയമസഭയിൽ പ്രതിപക്ഷ നിരയിൽ ഇരിക്കുമ്പോൾ താങ്കളുടെ വികാരം എന്താണ്?

പ്രതിപക്ഷ നിരയിൽ കാണുമ്പോൾ വേറെ എന്ത് വികാരം ഉണ്ടാകണം? അവർ യു.ഡി.എഫിന്റെ ഭാഗമായി മത്സരിച്ച് വിജയിച്ചവരാണ്. അതിനാൽ അവരെ യു.ഡി.എഫിനെ കാണുന്നതുപോലെ തന്നെയാണ് കാണുന്നത്. അവർ യഥാർത്ഥത്തിൽ ഇടതുപക്ഷക്കാരല്ല. വി.ഡി. സതീശൻ പറയുന്ന തരത്തിലുള്ള നെഹ്റുവിയൻ ഇടതുപക്ഷമാണത്.

വെള്ളാപ്പള്ളി നടേശനോടുള്ള പാർട്ടിയുടെ നിലപാട് എന്താണ്?

വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ ആരായാലും വർഗീയ നിലപാട് സ്വീകരിക്കുന്നുവെങ്കിൽ അതിനെ ഒരു തരത്തിലും അംഗീകരിക്കില്ല. ഭൂരിപക്ഷ വർഗീയതയായാലും ന്യൂനപക്ഷ വർഗീയതയായാലും അതിനെ ഫലപ്രദമായി പ്രതിരോധിക്കേണ്ടതാണ്. കേരളത്തിലെ മതനിരപേക്ഷ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാൻ വേറെ വഴിയില്ല.

ഈ പരാജയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി തെറ്റുതിരുത്തൽ പ്രക്രിയ ആരംഭിച്ചിരിക്കുകയാണോ?

അതെ. ഈ അസംബ്ലി തിരഞ്ഞെടുപ്പിൽ ഞങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിലുള്ള പരാജയമാണ് ഉണ്ടായത്. അതിന്റെ അർഥം ഞങ്ങളുടെ എല്ലാ തീരുമാനങ്ങളും തെറ്റായിരുന്നു എന്നല്ല. എന്നാൽ ഇത്രയും വലിയൊരു പരാജയം ഉണ്ടാകുമെന്ന് പാർട്ടി നേതൃത്വത്തിനും താഴെതട്ടിലെ ഘടകങ്ങൾക്കും മുൻകൂട്ടി മനസ്സിലാക്കാൻ സാധിച്ചില്ല. താഴെനിന്ന് ലഭിച്ച വിവരങ്ങൾ മെച്ചപ്പെട്ട വിജയം ഉണ്ടാകുമെന്നതായിരുന്നു. അതിനെ ഞങ്ങൾ ഗൗരവമുള്ള സ്വയംവിമർശനമായി കാണുന്നു.

ഈ പരാജയത്തിന്റെ കാരണം ചുരുക്കത്തിൽ പറയാമോ?

ചുരുക്കത്തിൽ ഒന്നോ രണ്ടോ കാരണങ്ങളായി പറയാൻ കഴിയില്ല. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ രണ്ടാം ടേം പൂർത്തിയാക്കി മൂന്നാം ടേമിലേക്ക് പോകുന്നത് വിവിധ സ്ഥാപിത താൽപ്പര്യങ്ങൾക്കും സാമ്പത്തിക ശക്തികൾക്കും ചില മാധ്യമങ്ങൾക്കും ചില രാഷ്ട്രീയ പാർട്ടികൾക്കും സ്വീകാര്യമായിരുന്നില്ല. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും സാമ്പത്തിക ശക്തികളും പിന്തിരിപ്പൻ സമീപനം സ്വീകരിക്കുന്ന വിഭാഗങ്ങളും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഞങ്ങൾക്കെതിരെ യോജിച്ചു.

ആന്റി-ഗവൺമെന്റ് തരംഗം ഉണ്ടായിരുന്നോ?

ആന്റി-ഗവൺമെന്റ് തരംഗം ഉണ്ടായിട്ടില്ല. പൊതുവേ സർക്കാരിനോടുള്ള മതിപ്പുണ്ടായിരുന്നു. എന്നാൽ വിവിധ ചെറുതും വലുതുമായ വിഭാഗങ്ങൾക്കിടയിൽ അസംതൃപ്തിയുണ്ടായിരുന്നു. കെട്ടിട നിർമ്മാണ തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, പരമ്പരാഗത മേഖലയിലെ തൊഴിലാളികൾ തുടങ്ങി പല വിഭാഗങ്ങൾക്കും പെൻഷൻ, കൂലി കുടിശ്ശിക, ജീവിതപ്രയാസങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അവ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പൂർണ്ണമായ തൃപ്തിയിലേക്ക് അവരെ എത്തിക്കാൻ കഴിഞ്ഞില്ല. ആ അസംതൃപ്തി തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.

ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായോ? അയ്യപ്പ സംഗമം വേണ്ടാത്ത കാര്യമായിരുന്നുവെന്ന് തോന്നുന്നുണ്ടോ?

ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കണം. ദേവസ്വം ബോർഡ് ഇതിനു മുമ്പും ഇത്തരത്തിലുള്ള സംഗമങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണ ദേവസ്വം ബോർഡ് നടത്തിയ അയ്യപ്പ സംഗമത്തെ സർക്കാർ നടത്തിയ പരിപാടിയായി വ്യാഖ്യാനിക്കപ്പെട്ടു. അത് ശരിയായിരുന്നില്ല. എന്നാൽ അങ്ങനെ ഒരു നരേഷൻ രൂപപ്പെട്ടു. അതിനൊപ്പം ആർ.എസ്.എസ്. നേതൃത്വവുമായി ബന്ധപ്പെട്ട ഒരു പ്രധാന വ്യക്തിയുടെ സന്ദേശം അവിടെ വായിക്കപ്പെട്ടത് ആശങ്കകൾ സൃഷ്ടിച്ചു. അത് തെറ്റായിരുന്നു എന്ന് ഞങ്ങൾ സ്വയംവിമർശനത്തോടെ വ്യക്തമാക്കിയിട്ടുണ്ട്.

യോഗി ആദിത്യനാഥിന്റെ സന്ദേശം എങ്ങനെയാണ് അവിടെ എത്തിയത്?

സർവദേശീയ തലത്തിൽ നടത്തിയ സമ്മേളനത്തെക്കുറിച്ച് എല്ലാ സംസ്ഥാന സർക്കാരുകൾക്കും കത്തയച്ചിരുന്നു. അതിന്റെ ഭാഗമായി യു.പി. സർക്കാരിൽ നിന്നും സന്ദേശം വന്നു. എന്നാൽ ആ സന്ദേശം വായിക്കപ്പെട്ടത് തെറ്റായ സന്ദേശം നൽകുന്ന സാഹചര്യം സൃഷ്ടിച്ചു.

വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ പാർട്ടി വേണ്ടവിധം പ്രതിരോധിച്ചില്ലെന്ന വിമർശനമുണ്ട്?

മുസ്ലിം സമുദായത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പ്രയോഗങ്ങളെ ഞങ്ങൾ അന്നുതന്നെ ശക്തമായി എതിർത്തിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയും നൽകിയിരുന്നു. പത്രസമ്മേളനങ്ങളിലും ഞാൻ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വർഗീയ നിലപാടിനോട് സി.പി.ഐ.എം. യോജിക്കില്ലെന്ന്. എന്നാൽ പൊതുവിൽ രൂപപ്പെട്ട ആശയത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ നമുക്ക് ആവശ്യമായ ഉയരത്തിലെത്താൻ കഴിഞ്ഞില്ല എന്നത് ഞങ്ങൾ സ്വയംവിമർശനമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വെള്ളാപ്പള്ളിക്ക് നൽകിയ സ്വീകരണത്തിൽ ചില പ്രശംസാപരമായ പരാമർശങ്ങൾ ഉണ്ടായത് പിഴവായില്ലേ?

ഒരു അനുമോദന യോഗത്തിൽ വ്യക്തിപരമായ പ്രശംസകൾ സ്വാഭാവികമായി വരാം. അതിനെ വർഗീയതയെ പ്രീണിപ്പിക്കുന്നതായി കാണേണ്ടതില്ല. ഒരാളുടെ സമൂഹത്തിലുള്ള സ്ഥാനത്തെ അടിസ്ഥാനമാക്കി ചില വാക്കുകൾ പറഞ്ഞിട്ടുണ്ടാകാം. എന്നാൽ വർഗീയ പരാമർശങ്ങളെ അംഗീകരിക്കാനാവില്ല എന്നതാണ് ഞങ്ങളുടെ വ്യക്തമായ നിലപാട്.

ശബരിമല അയ്യപ്പ സംഗമത്തിൽ വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രിയുടെ വാഹനത്തിൽ കയറ്റിയ സംഭവത്തെ കുറിച്ചുള്ള വിശദീകരണം ശരിയായ നറേഷനാണോ?

അത്രയേ കാണേണ്ടതുള്ളൂ. വെള്ളാപ്പള്ളി നടേശന്റെ വാഹനം ഒരു ഘട്ടത്തിൽ നിർത്തി. അദ്ദേഹം നടന്ന് വരുമ്പോൾ മുഖ്യമന്ത്രിയുടെ വാഹനം മുന്നോട്ടുവന്നു. മുഖ്യമന്ത്രി എന്ന പരിഗണനയിൽ അദ്ദേഹത്തെ വാഹനത്തിൽ കയറ്റി. അതിനപ്പുറം മുൻകൂട്ടി ആസൂത്രണം ചെയ്ത പരിപാടിയൊന്നുമല്ല അത്.

വർഗീയ പരാമർശങ്ങൾ നടത്തുന്ന ഒരാളെ മുഖ്യമന്ത്രി വാഹനത്തിൽ കയറ്റുന്ന ദൃശ്യം ജനങ്ങളിൽ തെറ്റായ സന്ദേശം നൽകില്ലേ?

മാധ്യമങ്ങൾ അതിനെ വ്യാഖ്യാനിച്ച രീതിയിലാണ് പ്രശ്നം ഉണ്ടായത്. കഴിഞ്ഞ അഞ്ച് വർഷമായി പിണറായി വിജയനെതിരെയും സർക്കാരിനെതിരെയും പാർട്ടിക്കെതിരെയും വ്യക്തിപരമായ തേജോവധത്തിന്റെ രീതിയിൽ ആക്രമണം നടന്നിട്ടുണ്ട്. അത് ഒറ്റപ്പെട്ട കാര്യമല്ല; ബോധപൂർവ്വം ആസൂത്രണം ചെയ്ത പ്രചാരണമാണ്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ കുറിച്ചും വിമർശനമുണ്ട്. ഇത്രയും വാഹനങ്ങൾ ആവശ്യമാണോ?

പ്രോട്ടോക്കോൾ അനുസരിച്ചാണ് വാഹനങ്ങൾ തീരുമാനിക്കുന്നത്. പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ സഞ്ചരിക്കുമ്പോൾ എത്രത്തോളം പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് നമുക്കറിയാം. കേരളത്തിൽ സാധാരണയായി ഇത്രയും വാഹനങ്ങൾ ഉപയോഗിക്കുന്നില്ല. സംഘർഷസാധ്യതയുള്ള സാഹചര്യങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരും പ്രോട്ടോക്കോൾ സംവിധാനങ്ങളും ചേർന്നാണ് കൂടുതൽ വാഹനങ്ങൾ ഉണ്ടായിരിക്കുക.

നവകേരള സദസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പ്രവർത്തകരെ മർദിച്ച സംഭവങ്ങൾ ഉണ്ടായില്ലേ?

ഭീകരമായ ആക്രമണങ്ങൾ നടന്നു എന്ന രീതിയിലുള്ള നരേഷൻ ശരിയല്ല. സർക്കാരുമായി ഏറ്റുമുട്ടുന്ന സാഹചര്യങ്ങളിൽ മുൻകാലങ്ങളിലും ലാത്തിച്ചാർജ്, ടിയർ ഗ്യാസ്, വെടിവെപ്പ് തുടങ്ങിയവ നടന്നിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാലത്ത് അത്തരം സംഭവങ്ങൾ താരതമ്യേന വളരെ കുറവായിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് അവതരിപ്പിക്കുകയാണ് ചെയ്തത്. കോടതിയും അതിനെ അത്തരത്തിൽ കണ്ടിട്ടില്ല.

ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ, ജി. സുധാകരൻ എന്നിവർ പാർട്ടിയിൽ തന്നെ തുടരാൻ താങ്കൾ ഇടപെട്ടിരുന്നെങ്കിൽ കഴിഞ്ഞേനെയെന്ന വിമർശനമുണ്ട്.

അത് സാധ്യമാകുമായിരുന്നില്ല. എല്ലാവരും ശ്രമിച്ചിട്ടുണ്ടെങ്കിലും അവർക്ക് മത്സരിക്കണമെന്ന നിലപാടായിരുന്നു. അവസരവാദപരമായി പാർലമെന്ററി സംവിധാനത്തിലേക്ക് വഴുതിപ്പോയതാണ് അവർ ചെയ്തത്. പാർട്ടിക്കകത്ത് എന്തോ കാരണങ്ങളുണ്ടെന്ന രീതിയിൽ പറഞ്ഞത് ഒരു നിമിത്തമാക്കലാണ്.

തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച പറ്റിയെന്ന് ജില്ലാ നേതൃത്വം പറഞ്ഞിട്ടുണ്ടോ?

പറഞ്ഞിട്ടുണ്ട്. എന്നാൽ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത് ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റും തീരുമാനിച്ച കാര്യമാണ്. സംസ്ഥാന കമ്മിറ്റിക്ക് നൽകിയത് പൊതുവേ അംഗീകരിച്ച ലിസ്റ്റാണ്.

താങ്കളുടെ ഭാര്യയുടെ സ്ഥാനാർത്ഥിത്വം പാർട്ടി അണികളിൽ ആശയക്കുഴപ്പവും എതിർപ്പും സൃഷ്ടിച്ചില്ലേ?

എതിർപ്പും അനുകൂലതയും ഉണ്ടായിട്ടുണ്ട്. അതെല്ലാം കൂടി ചേർത്തുകൊണ്ടാണ് ജില്ലാ കമ്മിറ്റി സ്വയംവിമർശനം നടത്തിയത്. സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ആ സ്വയംവിമർശനത്തിനൊപ്പം നിന്നിട്ടുണ്ട്.

തിരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട് വെള്ളം ചേർത്തതാണെന്ന ആരോപണം ഉയരുന്നുണ്ട്.

അത് അടിസ്ഥാനരഹിതമാണ്. റിപ്പോർട്ട് കണ്ടിട്ടില്ലാത്തവർ വെറുതെ ആരോപണം ഉന്നയിക്കുകയാണ്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ഏകകണ്ഠമായി അംഗീകരിച്ച റിവ്യൂ റിപ്പോർട്ടാണ് അത്. റിപ്പോർട്ട് ഇപ്പോഴും പാർട്ടി ഘടകങ്ങളിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പരാജയവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ അതിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവ ഫലപ്രദമായി തിരുത്തി മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകാൻ തീരുമാനിച്ചത് എന്തുകൊണ്ട്? മറ്റൊരു രണ്ടാം നിര നേതാവിനെ ഉയർത്തിക്കൊണ്ടുവരാമായിരുന്നില്ലേ?

പ്രതിപക്ഷ നേതാവ് എന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗമാണ്. മുമ്പും ഇതേ രീതിയിലുള്ള നിലപാടാണ് പാർട്ടി സ്വീകരിച്ചിരുന്നത്. സഖാവ് വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണൻ പ്രതിപക്ഷ ഉപനേതാവായിട്ടുണ്ട്. അസംബ്ലിക്കകത്തും പുറത്തും രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്വം നിർവഹിക്കേണ്ടത് പാർട്ടി നേതൃത്വമാണ്. അതിനാലാണ് സഖാവ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചത്.

കെ.കെ. ശൈലജയെ പേരാവൂർ പോലൊരു സീറ്റിൽ മത്സരിപ്പിച്ച് പരാജയപ്പെടുത്തിയെന്ന ആരോപണമുണ്ട്.

അത് പാർട്ടി വിരുദ്ധ പ്രചാരണമാണ്. ശൈലജ ഏഴ് പ്രാവശ്യം മത്സരിച്ചിട്ടുണ്ട്. ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. പേരാവൂർ മണ്ഡലത്തിൽ മുമ്പ് ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. കെ.പി.സി.സി. പ്രസിഡന്റിന്റെ മണ്ഡലമായ പേരാവൂർ പിടിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. എന്നാൽ കേരളത്തിലെ പൊതുസാഹചര്യം കാരണം ആ വിജയം നേടാനായില്ല. അതിനപ്പുറം പറയുന്നതെല്ലാം സാങ്കൽപ്പിക പ്രചാരവേലയാണ്.

ജനങ്ങളുടെ അഭിപ്രായം അറിയാൻ പാർട്ടി വാട്സ്ആപ്പ് നമ്പർ നൽകിയിട്ടുണ്ട്. അതിന് എങ്ങനെയാണ് പ്രതികരണം?

അസാധാരണമായ പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ മണിക്കൂറിൽ തന്നെ 1,600 സന്ദേശങ്ങൾ ലഭിച്ചു. പിന്നീട് അത് 5,000 കടന്നു. ഇപ്പോൾ 15,000-ലധികം സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ആ നമ്പറിൽ തുടരാൻ പോലും ബുദ്ധിമുട്ടായതിനാൽ മറ്റൊരു നമ്പർ കൂടി ചേർക്കേണ്ടി വന്നു. കേരളത്തിലും കേരളത്തിന് പുറത്തും ലോകത്തിന്റെ പല ഭാഗങ്ങളിലും പാർട്ടിക്ക് സംഭാവന നൽകണമെന്ന ആഗ്രഹമുള്ള ലക്ഷക്കണക്കിന് ആളുകളുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു.

പ്രധാനമായും ആളുകൾ എന്ത് നിർദേശങ്ങളാണ് നൽകുന്നത്?

സംഘടന ശക്തിപ്പെടുത്തണം, യുവജനങ്ങളിലേക്ക് കടന്നുചെല്ലണം, ജൻഡർ വിഭാഗങ്ങൾക്കിടയിൽ കൂടുതൽ സജീവമായി പ്രവർത്തിക്കണം, കേരളത്തിലെ സാമൂഹിക ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് പഠിക്കണം തുടങ്ങിയ നിരവധി നിർദേശങ്ങളാണ് വരുന്നത്. ഇടത്തരം വിഭാഗങ്ങളുടെ വളർച്ച, സാമൂഹിക ഘടനയിലെ മാറ്റങ്ങൾ എന്നിവയെക്കുറിച്ചും ആളുകൾ നിർദേശങ്ങൾ നൽകുന്നുണ്ട്. അവയെല്ലാം പരിശോധിച്ച് സോർട്ട് ചെയ്ത് ഗൗരവമായി പരിഗണിക്കും.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ ഇ.ഡി. റെയ്ഡിനിടെ ഇ.ഡി. ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിക്കപ്പെട്ടത് ശരിയായ പ്രവണതയാണോ?

വാഹനം തകർക്കുന്നത് നല്ല പ്രവണതയല്ല. അത് ഞങ്ങൾ അംഗീകരിക്കുന്നില്ല. എന്നാൽ അഞ്ചെട്ട് മണിക്കൂർ നീണ്ടുനിന്ന റെയ്ഡും അതിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ സംഘർഷാവസ്ഥയും ജനങ്ങളിൽ പ്രതിഷേധം സൃഷ്ടിച്ചു. ഇ.ഡി.യുടെ നടപടി പിണറായി വിജയനെ രാഷ്ട്രീയമായി ലക്ഷ്യമിടുന്നതിന്റെ ഭാഗമാണെന്ന് ആളുകൾ കണ്ടു. അതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. അതേസമയം, വാഹനം ആക്രമിച്ചത് അംഗീകരിക്കാനാവില്ല.

വീണാ വിജയനെ ഇ.ഡി. ചോദ്യം ചെയ്യാൻ വിളിച്ചാൽ പാർട്ടിയുടെ നിലപാട് എന്താണ്?

വിളിച്ചാൽ അവർ നിയമപരമായി നേരിടും. ആ കേസ് അവർ തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്. എന്നാൽ ആ കേസിന്റെ പേരിൽ പിണറായി വിജയനെ രാഷ്ട്രീയമായി ലക്ഷ്യമിട്ട് ആക്രമിക്കാൻ ശ്രമിച്ചാൽ, അതിനെ പാർട്ടി രാഷ്ട്രീയമായും നിയമപരമായും നേരിടും.

ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം നൽകുന്നതിൽ താങ്കൾ തടസ്സം നിന്നുവെന്ന വാർത്തയുണ്ടായിരുന്നു..?

അത് തെറ്റായ വാർത്തയാണ്. ബിനീഷ് കോടിയേരിക്ക് മെമ്പർഷിപ്പ് നൽകുന്നതിനെ ഞങ്ങൾ എതിർത്തിട്ടില്ല. അദ്ദേഹം ജയിലിലായിരുന്ന സമയത്ത് മെമ്പർഷിപ്പ് പുതുക്കിയിരുന്നില്ല. അതിനാൽ പിന്നീട് സംഘടനാപരമായി പരിശോധിച്ച് അംഗത്വം നൽകേണ്ട സാഹചര്യമായിരുന്നു. തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റിയിൽ വിഷയം വന്നപ്പോൾ, സംഘടനാപരമായി പരിശോധിച്ച് ആവശ്യമായ തീരുമാനം എടുക്കാമെന്ന് ഞാൻ തന്നെ പറഞ്ഞു. സ്‌ക്രൂട്ടിനിക്ക് മുമ്പ് അംഗത്വം നൽകുന്നതാണ് നല്ലതെന്നും ഞാൻ തന്നെയാണ് അറിയിച്ചത്.

കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ പാർട്ടി തിരിഞ്ഞുനോക്കുന്നില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

അത് ശരിയല്ല. ഞാൻ നിരവധി തവണ കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ പോയിട്ടുണ്ട്. കുടുംബാംഗങ്ങളുമായി സംസാരിച്ചിട്ടുണ്ട്. ഞങ്ങൾക്കിടയിൽ യാതൊരു വ്യക്തിപരമായ പ്രശ്നവുമില്ല. കോടിയേരിയുടെ കുടുംബത്തോടും നായനാരുടെ കുടുംബത്തോടും ചടയൻ ഗോവിന്ദന്റെ കുടുംബത്തോടുമെല്ലാം പാർട്ടി എന്നും ബന്ധപ്പെട്ടു തന്നെയാണ് പോകുന്നത്. പഴയകാല നേതാക്കളെയും അവരുടെ കുടുംബങ്ങളെയും സ്മരിക്കാതെ പാർട്ടിക്ക് മുന്നോട്ടുപോകാനാകില്ല.

കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം എ.കെ.ജി. സെന്ററിൽ പൊതുദർശനത്തിന് വെച്ച ശേഷം കണ്ണൂരിൽ എത്തിക്കാമായിരുന്നില്ലേ?

അന്നത്തെ സാഹചര്യത്തിൽ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ചെന്നൈയിൽ നിന്ന് നേരെ കണ്ണൂരിലേക്ക് കൊണ്ടുപോയത്. കുടുംബാംഗങ്ങളുമായി ആലോചിച്ചാണ് ആ തീരുമാനം എടുത്തത്. കണ്ണൂരിൽ എല്ലാ ആദരവോടെയും എല്ലാ വിഭാഗം ജനങ്ങളും പങ്കെടുത്തുകൊണ്ടാണ് സംസ്‌കാരച്ചടങ്ങ് നടന്നത്.

വനിതകൾക്ക് ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച തീരുമാനത്തെക്കുറിച്ച് എന്താണ് നിലപാട്?

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നു എന്ന് പറയുമ്പോൾ കേരളത്തിലെ എല്ലാ സ്ത്രീകൾക്കും അതിന്റെ പ്രയോജനം ലഭിക്കണം. മലബാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഓർഡിനറി ബസുകൾ വളരെ കുറവാണ്. ചില സ്ഥലങ്ങളിൽ ദിവസം ഒന്നോ രണ്ടോ ഓർഡിനറി സർവീസുകൾ മാത്രമേ ഉണ്ടാകൂ. അതിനാൽ ഇത് ഫലപ്രദമാക്കണമെങ്കിൽ കെ.എസ്.ആർ.ടി.സി.യുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം ബസുകളിലും സ്ത്രീകൾക്ക് യാത്ര അനുവദിക്കുന്ന നിലപാട് സ്വീകരിക്കണം.

താങ്കളുടെയും പിണറായി വിജയന്റെയും സംസാരശൈലി, പെരുമാറ്റരീതികൾ എന്നിവ തിരഞ്ഞെടുപ്പിൽ ചർച്ചയായി. ഇതിൽ തിരുത്തൽ ആവശ്യമുണ്ടെന്ന് തോന്നുന്നുണ്ടോ?

പത്രസമ്മേളനങ്ങളിൽ ഞാൻ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ച് ചില ആക്ഷേപങ്ങൾ വന്നിട്ടുണ്ട്. അതിൽ തിരുത്തേണ്ട ഭാഗങ്ങൾ തിരുത്തും. പത്രപ്രവർത്തകരോട് ഞാൻ ചിലപ്പോഴൊക്കെ തിരിച്ചുചോദ്യങ്ങൾ ചോദിക്കും. അത് ചിലർക്കിഷ്ടമാകാറില്ല. എന്നാൽ അതിനെ അടിസ്ഥാനമാക്കി ഒരു നറേഷൻ ഉണ്ടാക്കുകയാണ് ചിലർ ചെയ്തത്. വ്യക്തിപരമായ വിമർശനങ്ങളിലേക്കല്ല ഞാൻ നോക്കുന്നത്. പാർട്ടിക്കെതിരായ ആക്രമണത്തിന്റെ ഭാഗമായാണ് അതെല്ലാം കാണുന്നത്.

താങ്കളുടെ മകൻ തന്നെ ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുവെന്ന് താങ്കൾ പറഞ്ഞിരുന്നു. എന്താണ് അദ്ദേഹം പറഞ്ഞത്?

ഓരോ കാര്യങ്ങളും അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഭാവങ്ങൾ ശ്രദ്ധിക്കണമെന്നാണ് പറഞ്ഞത്. നമ്മൾ സാധാരണ ജീവിതത്തിൽ നിന്ന് വന്നവരാണ്. മനസ്സിലുള്ളതല്ലാതെ മറ്റൊന്ന് പ്രകടിപ്പിക്കുന്ന ശീലം നമ്മൾ വളർത്തിയിട്ടില്ല. എന്നാൽ പരമാവധി ശ്രദ്ധിക്കണം എന്ന ഉപദേശം ആരിൽ നിന്നായാലും സ്വീകരിക്കും. മകന്റെ ഉപദേശവും അതുപോലെ തന്നെയാണ്.

അതായത് താങ്കൾ പഠിച്ചുകൊണ്ടിരിക്കുകയാണോ?

തീർച്ചയായും. മാർക്സിസത്തിന്റെ പ്രധാനപ്പെട്ട പഠനം തന്നെ അതാണ്, എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. മാറ്റമില്ലാത്തത് മാറ്റം മാത്രമാണ്. മനുഷ്യനും സമൂഹവും ശാസ്ത്രവും സാങ്കേതികവിദ്യയും ചരിത്രവും നിയമവും എല്ലാം മാറിക്കൊണ്ടിരിക്കുന്നു. പുതിയ കണ്ടെത്തലുകളും പുതിയ ശാസ്ത്രസത്യങ്ങളും ഉണ്ടാകുന്നു. അവയെ ഉൾക്കൊണ്ടുകൊണ്ടല്ലാതെ മാർക്സിസത്തിന് വികസിക്കാൻ കഴിയില്ല. മാർക്സ് എഴുതിയ വരികൾ മാത്രം ആവർത്തിക്കുന്നതല്ല മാർക്സിസം. ഈ നിമിഷം വരെ ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങളെ പഠിച്ചുകൊണ്ടിരിക്കുന്ന തുടർച്ചയായ പ്രക്രിയയാണ് അത്. നമ്മൾ എല്ലാവരും പഠിച്ചുകൊണ്ടിരിക്കുന്നവരാണ്.

Content Highlights: CPM acknowledges unexpected election defeat in 2026., Internal party correction and review process initiated., Addressing public sentiment regarding governance and policy implementation., Clarification on party stance regarding communalism and political alliances., Commitment to public engagement and organizational strengthening.