'കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ഡിസ്റ്റിലറികള്‍ പൂട്ടുമോ? ഭൂഗര്‍ഭജലം ഊറ്റുന്ന പ്രശ്‌നമില്ല'

1500 പേര്‍ക്ക് തൊഴില്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന പാലക്കാട്ടെ മദ്യനിര്‍മാണ പ്ലാന്റിന്റെ പേരില്‍ വിവാദങ്ങള്‍ ഒടുങ്ങുന്നില്ല. ഇപ്പോള്‍ പ്രാരംഭ അനുമതി നേടിയ ഒയാസിസ് മാത്രമല്ല, ആര് അപേക്ഷിച്ചാലും പരിഗണിക്കുമെന്നാണ് എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് പറയുന്നത്. ചട്ടപ്രകാരവും സുതാര്യവുമായാണ് എല്ലാം ചെയ്തിട്ടുള്ളത്. കര്‍ണാടകത്തില്‍ ഡിസ്റ്റിലറിയുള്ള കോണ്‍ഗ്രസ് നേതാക്കളും അപേക്ഷിക്കട്ടെയെന്നു പറയുന്ന മന്ത്രി, വെള്ളത്തിന്റെ കാര്യത്തില്‍ ആശങ്കയേ വേണ്ടെന്നു അടിവരയിടുകയും ചെയ്യുന്നു. മാതൃഭൂമി പ്രതിനിധി എം.കെ.സുരേഷ് മന്ത്രിയുമായി സംസാരിച്ചതില്‍നിന്ന്.
?മദ്യക്കമ്പനി തുടങ്ങുമെന്ന നിലപാടുമായി മുന്നോട്ടുപോകുമെന്നാണ് കഴിഞ്ഞദിവസവും താങ്കള്‍ പറഞ്ഞത്. ഈ നയത്തില്‍ ഘടകകക്ഷികളുടെ പൂര്‍ണമനസ് സര്‍ക്കാരിന് നേടാനായില്ലല്ലോ. പ്രതിപക്ഷം ഓരോ ദിവസവും ഓരോ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. എതിര്‍ത്തുനില്‍ക്കുന്ന ഘടകകക്ഷികളുടെ വിശ്വാസം നേടാനാകുമോ
മുന്നണിയിലെ ഒരു ഘടകകക്ഷിയും പദ്ധതി വേണ്ടെന്നു പറഞ്ഞിട്ടില്ല. ബാക്കിയെല്ലാം മാധ്യമ വാര്‍ത്തകളാണ്. രാഷ്ട്രീയ പ്രേരിതമായ എതിര്‍പ്പാണ് പ്രതിപക്ഷത്തിന്റേത്. പ്ലാന്റ് വന്നാല്‍ ഭൂഗര്‍ഭജലം ചൂഷണം ചെയ്യും, കൃഷിക്ക് വെള്ളം കിട്ടില്ല എന്നൊക്കെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഭാഗമുണ്ട്. ഭൂഗര്‍ഭജലം ഊറ്റുന്ന പ്രശ്‌നമില്ല. അതിന്റെ ആവശ്യവും വരുന്നില്ല. അത് അനുവദിക്കുന്ന പ്രശ്‌നവുമില്ല. സര്‍ക്കാരിന്റെ ഉറച്ച നിലപാടാണിത്.
പ്ലാന്റ് പൂര്‍ണമായി പ്രവര്‍ത്തിക്കാന്‍ വേണ്ടത് അര ദശലക്ഷം ലിറ്റര്‍ വെള്ളമാണ്. മലമ്പുഴ ഡാമില്‍നിന്ന് ഇപ്പോള്‍ത്തന്നെ കിന്‍ഫ്രയ്ക്കും ഐ.ഐ.ടിയ്ക്കും 10 ദശലക്ഷം ലിറ്റര്‍ വെള്ളംകൊടുക്കാനുള്ള പദ്ധതിയുണ്ട്. കിന്‍ഫ്രയ്ക്ക് മലമ്പുഴ ഡാമില്‍നിന്ന് കൊടുക്കുന്ന വെള്ളത്തിന്റെ ഇരുപതിലൊന്നേ കമ്പനിയുടെ പൂര്‍ണപ്രവര്‍ത്തനത്തിന് ആവശ്യമുള്ളൂ. കിന്‍ഫ്രയ്ക്ക് വെള്ളം കൊടുക്കാന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് തീരുമാനിച്ചത്. ഇതില്‍നിന്ന് പ്ലാന്റിന് നല്‍കാനാവില്ലെന്നു പറയുന്നത് എന്തുന്യായമാണ്? ഇതിനാണ് പ്രതിപക്ഷനേതാവ് മറുപടി പറയേണ്ടത്. കാതലായ ചോദ്യത്തിന് മറുപടിയില്ലാത്തത് അദ്ദേഹത്തിനാണ്. എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ നിയമസഭയില്‍ ഉന്നയിക്കാമായിരുന്നല്ലോ.
പ്ലാന്റ് സ്ഥാപിക്കുന്നിടത്ത് മഴവെള്ളം സംഭരിക്കാമെന്നത് ബോധ്യപ്പെടാന്‍ 17-ന് പ്രതിപക്ഷ നേതാവിനെയും മുന്‍ നേതാവിനെയും പാലക്കാടേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. അന്നു പറ്റില്ലെങ്കില്‍ അവരുടെ സൗകര്യമനുസരിച്ച് യാത്രയാകാം. എലപ്പുള്ളി,വടകരപ്പതി പഞ്ചായത്തുകളിലായാണ് അഹല്യ കാമ്പസ്. ഇവിടെ 12 മഴവെള്ള സംഭരണികളില്‍ ഓരോന്നിനും 1.5 മുതല്‍രണ്ടുകോടി ലിറ്റര്‍വരെ ശേഷിയുണ്ട്. അതും കാണന്‍ സൗകര്യമൊരുക്കും.
?പ്ലാന്റിന് എത്ര കോടിയുടെ നിക്ഷേപമാണ്, തൊഴില്‍ സാധ്യത
600 കോടിയുടെ പദ്ധതി. 1500 പേര്‍ക്ക് തൊഴില്‍ കിട്ടുമെന്ന് പ്രതീക്ഷ. കാര്‍ഷികോത്പന്നങ്ങളില്‍നിന്ന് സ്പിരിറ്റ് ഉണ്ടാക്കുന്നതിനാല്‍ കര്‍ഷകരാണ് വലിയ ഗുണഭോക്താക്കള്‍. കാര്‍ഷികോത്പന്നങ്ങളുടെ വിലകൂടും. യഥാര്‍ഥത്തില്‍ ഇത് ബ്രൂവറിയല്ല, അവസാന ഘട്ടത്തിലാണ് ബ്രൂവറി.
കേരളത്തില്‍ വിദേശമദ്യം ഇപ്പോള്‍ത്തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. സ്പിരിറ്റ് ഇറക്കുമതി കൂടുതലും മഹാരാഷ്ട്രയിലും കര്‍ണാടകത്തില്‍നിന്നുമാണ്. കേരളത്തിന് ആവശ്യമുള്ള സ്പിരിറ്റ് ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനുള്ള സാഹചര്യം ഉളളപ്പോള്‍ അതുവേണ്ടെന്നു പറയുന്നതില്‍ എന്തുന്യായമാണുള്ളത്? കര്‍ണാടകയില്‍ 44 ഡിസ്റ്റിലറിയുണ്ട്. അവിടെ കേരളത്തിന്റെയത്ര മഴയുമില്ല. കര്‍ണാടകയില്‍ വെള്ളം പ്രശ്‌നമല്ലേ?
കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ഡിസ്റ്റിലറികള്‍ പൂട്ടുമോ? അപ്പോള്‍ പ്രതിപക്ഷത്തിന്റെ താത്പര്യം സംശയാസ്പദമല്ലേ? 44 ഡിസ്റ്റിലറിയുള്ള, കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഡിസ്റ്റിലറിയുള്ള കര്‍ണാടകയില്‍നിന്ന് സ്പിരിറ്റ് കൊണ്ടുവരാം. ഇവിടുണ്ടാക്കാന്‍ പറ്റില്ലെന്നാണോ.
?തദ്ദേശ സ്ഥാപനത്തിന്റെകൂടി ചുമതലയുള്ള മന്ത്രിയാണ് താങ്കള്‍. പ്ലാന്റ് വരുന്ന സ്ഥലം ഉള്‍പ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ വിശ്വാസം നേടാനായോ
കെ.എസ്.ഐ.ഡി.സി. പഞ്ചായത്തിനോട് അഭിപ്രായം തേടിയതിനു രേഖയുണ്ട്. ഇതൊരു വ്യവസായമാണ്. തുടക്കത്തില്‍ തദ്ദേശ സ്ഥാപനത്തിന്റെ അനുമതി ആവശ്യമില്ല. ഏകജാലക സംവിധാനമായതിനാല്‍ ആവശ്യമായ ഘട്ടത്തില്‍ അനുമതി നേടിയാല്‍ മതി. പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത് ഒന്നും അറിഞ്ഞിട്ടില്ലേയെന്നാണ്. ആര്‍ക്കുവേണ്ടിയാണ് പഞ്ചായത്ത് പ്രസിഡന്റിനെക്കൊണ്ട് കള്ളംപറയിച്ചത്.
?സാമൂഹിക വെല്ലുവിളിയായ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍, നിക്ഷേപത്തിന്റെ പേരില്‍ പ്ലാന്റ് സ്ഥാപിക്കുന്നത് ശരിയാണോ. മുമ്പ് നായനാര്‍ സര്‍ക്കാരെടുത്ത തത്വാധിഷ്ഠിത നിലപാടിന് വിരുദ്ധമല്ലേ ഇത്.
കേരളത്തില്‍ ഇപ്പോള്‍ത്തന്നെ സ്പിരിറ്റ് പുറത്തുനിന്ന് വരുന്നുണ്ട്. ഡിസ്റ്റിലറി അനുവദിക്കുന്നത് മദ്യാവശ്യത്തിനുമാത്രമല്ല, പെട്രോളിയം(വ്യാവസായിക) വിപണി ലക്ഷ്യംവെച്ചുകൂടിയാണ്. സര്‍ക്കാര്‍ ഇതിനെ വ്യവസായമായാണ് കാണുന്നത്. നായനാര്‍ സര്‍ക്കാര്‍ തീരുമാനിച്ചത് അന്നത്തെ അപേക്ഷകളുടെ അടിസ്ഥാനത്തില്‍, പുതിയ മദ്യശാല വേണ്ടെന്നാണ്. പിന്നീട് 2022, 2023,2024 വര്‍ഷങ്ങളിലെ മദ്യനയത്തില്‍ എല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
മദ്യക്കയറ്റുമതിയും അതിലെ വരുമാനവും ലക്ഷ്യമാണെന്നു പറഞ്ഞിട്ടുമുണ്ട്. കേരളം പോലെ നല്ല മഴകിട്ടുന്ന, 44 നദികളുള്ള സംസ്ഥാനത്ത് വെള്ളം അടിസ്ഥാനമാക്കിയുള്ള വ്യവസായം വരുന്നതില്‍ തെറ്റില്ല. കുടിക്കാനും കൃഷിക്കുമുള്ള വെള്ളം ഉറപ്പുവരുത്തണമെന്നേയുള്ളൂ.
?ഡല്‍ഹി മദ്യക്കേസില്‍ ആരോപണം നേരിട്ട ഒയാസിസ് മദ്യക്കമ്പനിയുടെ വരവ് ആരുമറിഞ്ഞില്ലെന്നാണ് ആക്ഷേപം
2023 നവംബര്‍ 30-നാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഒയാസിസിന്റെ അപേക്ഷ കിട്ടിയത്. യഥാര്‍ഥത്തില്‍ മദ്യനയത്തില്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം ഒയാസിസിനുമുമ്പേ ആദ്യമറിഞ്ഞത് പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവുമാണ്. അതുകൊണ്ടാണല്ലോ അവരുടെ എതിര്‍ പ്രസ്താവന അന്നുവന്നതും. ആര് അപേക്ഷിച്ചാലും നിയമവും ചട്ടവും പരിശോധിച്ച് അനുമതി നല്‍കും. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളോട് അപേക്ഷിക്കാന്‍ കേരളത്തിലെ പ്രതിപക്ഷം പറയട്ടെ. പ്രതിപക്ഷത്തിന് ധൈര്യമായി അവരെ ക്ഷണിക്കാം. ചട്ടപ്രകാരം പരിഗണിക്കും.
ഇതിനൊന്നും മന്ത്രിയുമായി ചര്‍ച്ച നടത്തേണ്ട ആവശ്യമേയില്ല. പണ്ട് ബാര്‍ ലൈസന്‍സിന് മന്ത്രിയെ കാണണമായിരുന്നു. ഇതാണ് പ്രതിപക്ഷത്തിന്റെ മനസിലുള്ളത്. ഇപ്പോള്‍ ഒന്നിനും മന്ത്രിയെ കാണേണ്ട. ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍മതി. മദ്യനയങ്ങളില്‍ പറഞ്ഞതും മാധ്യമങ്ങളില്‍ വന്നതുമായ കാര്യങ്ങള്‍ ഒയാസിസ് മാത്രമാണ് അറിഞ്ഞതെന്നു പറയുന്നത് അസംബന്ധമാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എങ്ങനെയറിഞ്ഞോ അതേ മാര്‍ഗത്തില്‍ ഒയാസിസും അറിഞ്ഞെന്നാണ് എന്റെ മറുപടി. സ്വന്തംഭൂമിയില്‍ സ്വന്തം പണം ഉപയോഗിച്ച് ഒരാള്‍ വ്യവസായം തുടങ്ങുന്നതിന് ടെന്‍ഡര്‍ എന്തിനാണ്? കേരളത്തില്‍ ഇതുവരെ അനുവദിച്ച ഡിസിറ്റിലറികള്‍ക്ക് ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടോ?
?ഒയാസിസ് ഭൂമി വാങ്ങിയത് കോളേജ് തുടങ്ങാനാണെന്നാണല്ലോ കേട്ടത്. ആ സ്ഥലത്താണോ പ്ലാന്റ് സ്ഥാപിക്കുന്നത്
കോളേജിന്റെ ഉടമകള്‍ എന്നെ വന്നുകണ്ടിരുന്നു. ഫാക്ടറി വരുന്നത് അവരുടെ സ്ഥലത്തല്ലെന്നു പറഞ്ഞു. കമ്പനിയുടേത് വേറെ സ്ഥലമാണ്. ഒയാസിസിന് സ്ഥലമെടുക്കാന്‍ ഇടനിലനിന്നത് കോണ്‍ഗ്രസിന്റെ ബ്ലോക്ക് അംഗമല്ലേ. ഇതല്ലേ ഇരട്ടത്താപ്പ്. എത്ര കിട്ടിയെന്ന് ഇടനിലക്കാരോട് പ്രതിപക്ഷനേതാവ് ചോദിക്കണം.
പഴയൊരു കഥപറയാം. വര്‍ഷങ്ങള്‍ക്കുമുമ്പ് വടകരപ്പതിയില്‍ വിന്‍ഡ് ഫാം തുടങ്ങാന്‍ സ്വകാര്യസംരംഭകര്‍ മുന്നോട്ടുവന്നു. എതിര്‍പ്പുയര്‍ന്നപ്പോള്‍ അന്ന് എം.പിയായിരുന്ന താനും ചര്‍ച്ചയ്‌ക്കെത്തി. ഫാം വന്നാല്‍ ഭൂഗര്‍ഭജലം വറ്റും, ആടും കോഴിയും ചാകും, പശുവിന്റെ പാല്‍ വറ്റും, പുരുഷന്മാര്‍ക്ക് വന്ധ്യതയുണ്ടാകും എന്നൊക്കെ പറഞ്ഞായിരുന്നു എതിര്‍പ്പ്. സമരക്കാരുടെ ആശങ്കകേട്ട് ഐ.ഐ.ടി. ഡയറക്ടര്‍ ഡോ.പി.ബി.സുനില്‍കുമാര്‍ ചിരിച്ചു. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന ഡയറക്ടറുടെ റിപ്പോര്‍ട്ടും പ്രതിഷേധക്കാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതേ മനോഭാവമാണ് പാലക്കാട്ടെ പ്ലാന്റിന്റെ കാര്യത്തില്‍പ്രതിപക്ഷത്തിനും.
വെളളത്തിന്റെ കണക്കിങ്ങനെ
മലമ്പുഴയില്‍നിന്ന് കിന്‍ഫ്രയിലേക്ക് പ്രതിദിനം 10 ദശലക്ഷം ലിറ്റര്‍ വെള്ളമെത്തിക്കുന്ന പദ്ധതി പുരോഗമിക്കുന്നുണ്ട്. മലമ്പുഴ ഡാമിന്റെ സംഭരണശേഷി 226000 ദശലക്ഷം ലിറ്ററാണ്. പാലക്കാട് നഗരസഭയ്ക്കും പിരിയാരി പഞ്ചായത്തിന് ഭാഗികമായും നല്‍കുന്ന വെള്ളം പ്രതിദിനം 45 ദശലക്ഷം ലിറ്റര്‍.
ഇതിനുപുറമേ പുതുപ്പെരിയാരം, അകത്തേത്തറ, മരുത് റോഡ് തുടങ്ങിയ പഞ്ചായത്തുകള്‍ക്ക് പൂര്‍ണമായും മുണ്ടൂരിന് ഭാഗികമായും വെള്ളം കൊണ്ടുപോകുന്നു-ഇത് ദിനംപ്രതി 21.5 ദശലക്ഷം ലിറ്ററാണ്. പുതുശേരിക്കുവേണ്ടി പ്രതിദിനം 5 ദശലക്ഷം ലിറ്ററിന്റെ പദ്ധതി പുരോഗമിക്കുകയാണ്. ഇവയെല്ലാം ചേര്‍ത്താലും വേണ്ടിവരുന്നത് 81.5 ദശലക്ഷം ലിറ്റര്‍ മാത്രമാണ്.
എല്ലാക്കാലത്തും ഇതേ അളവില്‍ വെള്ളം ആവശ്യമായി വരില്ല. വേണമെന്നുതന്നെ കൂട്ടിയാലും 81.5X 365 ദിവസം:29,747.5 ദശലക്ഷം ലിറ്റര്‍. അതായത് ഒരുവര്‍ഷം ആവശ്യമായി വരുന്നത് ഒറ്റത്തവണയുള്ള ശേഷിയുടെ വെറും 13.16% മാത്രം. കുടിവെള്ളത്തിന് പരമാവധി 96 ദശലക്ഷം ലിറ്റര്‍ ആണ് മലമ്പുഴ പദ്ധതിയില്‍.
കഴിഞ്ഞ 10 വര്‍ഷത്തില്‍ ജലദൗര്‍ലഭ്യംകൊണ്ട് മലമ്പുഴ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരുകയോ വെള്ളത്തിന് കുറവോ ഉണ്ടായിട്ടില്ല. കിന്‍ഫ്രയില്‍ 15 കോടി ലിറ്ററിലധികം ശേഷിയുള്ള മഴവെള്ള സംഭരണിയുമുണ്ട്.
Content Highlights: mb rajesh interview on palakkad brewery project