ആന്ധ്ര മുഖ്യമന്ത്രിക്കെതിരായ പരാമർശം: മുൻ മന്ത്രി അമ്പാട്ടി രാംബാബു അറസ്റ്റിൽ; സംഘർഷം

ഗുണ്ടൂർ: വൈഎസ്ആർ കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ അമ്പാട്ടി രാംബാബു അറസ്റ്റിൽ. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരേ അധിക്ഷേപ പരാമർശം നടത്തിയതിനും പോലീസിന് നേരേ അതിക്രമം കാട്ടിയതിനുമാണ് ശനിയാഴ്ച രാത്രി രാംബാബുവിനെ ഗുണ്ടൂർ വികാസ്‌നഗറിലെ വീട്ടിൽനിന്ന് അറസ്റ്റ്‌ചെയ്തത്. അമ്പാട്ടി രാംബാബുവിന്റെ വീടിന് മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കനത്ത പോലീസ് സുരക്ഷയിലാണ് ഇദ്ദേഹത്തെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നല്ലപ്പാഡു പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
തിരുപ്പതി ലഡുവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിക്കെതിരേ തെലുഗുദേശം പാർട്ടി(ടിഡിപി) പ്രവർത്തകർ നേരത്തേ ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇതിനെ അമ്പാട്ടി രാംബാബുവും വൈഎസ്ആർ പ്രവർത്തകരും എതിർത്തു. വിഷയത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരേ അമ്പാട്ടി രാംബാബു അധിക്ഷേപ പരാമർശവും നടത്തി. ഇതോടെ പ്രകോപിതരായ ടിഡിപി പ്രവർത്തകർ അമ്പാട്ടി രാംബാബുവിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി.
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച രാംബാബുവിനെ കസ്റ്റഡിയിലെടുക്കണമെന്നായിരുന്നു ടിഡിപി പ്രവർത്തകരുടെ ആവശ്യം. അമ്പാട്ടി രാംബാബുവിന്റെ വീടിന് നേരേയും ആക്രമണമുണ്ടായി. വീട്ടിലുണ്ടായിരുന്ന വാഹനവും തകർത്തു. വൈഎസ്ആർ പ്രവർത്തകരും വീടിന് മുന്നിൽ തടിച്ചുകൂടിയതോടെ ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ടിഡിപി പ്രവർത്തകർ അമ്പാട്ടി രാംബാബുവിനെ കൊല്ലാൻ ശ്രമിച്ചെന്നായിരുന്നു വൈഎസ്ആർ കോൺഗ്രസിന്റെ ആരോപണം. ഇതിനിടെയാണ് കനത്ത പ്രതിഷേധത്തിനിടെ അമ്പാട്ടി രാംബാബുവിനെ പോലീസ് വീട്ടിൽനിന്ന് അറസ്റ്റ്‌ചെയ്തത്.
Content Highlights: Senior YSR Congress leader and former minister Ambati Rambabu arrested in Guntur for insulting Andhra CM Chandrababu Naidu and assaulting police.