സാമൂഹികമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു; ഹൈദരാബാദിലെ മെറ്റ ഓഫീസ് അടിച്ചുതകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

ഹൈദരാബാദ്: സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മെറ്റയുടെ ഓഫീസ് അടിച്ചുതകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തെലങ്കാനയിലാണ് സംഭവം. പ്രതിഷേധത്തിനിടെ പ്രവർത്തകർ ഓഫീസിലെ പൂച്ചട്ടികൾ എറിഞ്ഞുടയ്ക്കുകയും കെട്ടിടത്തിനുള്ളിൽ അതിക്രമിച്ചുകടക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജക്കിടി ശിവചരൺ റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മെറ്റയ്ക്കും കേന്ദ്രസർക്കാരിനുമെതിരേ മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു ഇരുപതിലധികം പേർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മെറ്റയ്ക്ക് നട്ടെല്ലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എക്സിൽ പോസ്റ്റ് പങ്കുവെച്ചു. നിയന്ത്രണമേർപ്പെടുത്തിയ അക്കൗണ്ടുകളും പോസ്റ്റുകളും ഏഴു ദിവസത്തിനകം പുനഃസ്ഥാപിക്കണം. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കോടതികളിലും തെരുവുകളിലും ഓഫീസുകളിലും പ്രതിഷേധം ശക്തമാക്കുമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ആക്രമണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ്, ദേശീയ ചുമതലയുള്ള മനീഷ് ശർമ എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് മെറ്റ നിയന്ത്രണമേർപ്പെടുത്തിയെന്നാണ് ആരോപണം. അതേസമയം പ്രതിഷേധം നടന്ന് 15 മിനിറ്റിനുള്ളിൽതന്നെ പ്രസിഡന്റിന്റെയും മറ്റു ഭാരവാഹികളുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനഃസ്ഥാപിക്കപ്പെട്ടതായി യൂത്ത് കോൺഗ്രസ് പിന്നീട് അവകാശപ്പെട്ടു. പ്രതിപക്ഷത്തിന്റെ ശബ്ദങ്ങളെ മെറ്റ തിരഞ്ഞുപിടിച്ച് നിയന്ത്രിക്കുകയാണെന്ന് സംഘടന ആരോപിച്ചു. സെൻസർഷിപ്പ് നടപടികൾക്കെതിരെ ഇനിയും പ്രതിഷേധങ്ങൾ തുടരുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
ആക്രമണത്തെ ബി.ജെ.പി. രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് ഗുണ്ടകളുടെ പാർട്ടിയാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. സ്വകാര്യ കമ്പനികളുടെ ഓഫീസുകൾ തകർക്കുന്നതാണ് കോൺഗ്രസിന്റെ മാതൃക. ലോക എ.ഐ. ഉച്ചകോടിക്കിടെ നഗ്നരായി പ്രതിഷേധിച്ച് ഇന്ത്യയെ അപമാനിച്ചവരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്നും അദ്ദേഹം ആരോപിച്ചു.
#BREAKING: IYC workers stormed into BJP ka BETA - META's Hyderabad office! 🔥
Enough of blocking opposition accounts and silencing independent voices!@Meta must follow India's Constitution, NOT the BJP's orders.
Remove restrictions from all accounts within 7 days, or we will… pic.twitter.com/DZbJEk8gFJ— Indian Youth Congress (@IYC) November 20, 2026