വധശിക്ഷ സ്വീകരിക്കാൻ സന്നദ്ധനാണ്,വിവാഹ മോചനത്തിന് തീരുമാനിച്ചു; കോടതിയെ അറിയിച്ച് യാസിൻ മാലിക്

#ന്യൂസ് ഡെസ്ക്
യാസിന്‍ മാലികും മുഷാല്‍ മാലികും |ഫോട്ടോ:PTI
യാസിന്‍ മാലികും മുഷാല്‍ മാലികും |ഫോട്ടോ:PTI

ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന നിരോധിത ഭീകര സംഘടനയായ ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (JKLF) തലവനും വിഘടനവാദി നേതാവുമായ യാസിൻ മാലിക്കിന്റെ അപ്രതീക്ഷിത നീക്കം. 1990-ലെ സരളാ ഭട്ട് വധക്കേസിൽ വധശിക്ഷ സ്വീകരിക്കാൻ സന്നദ്ധത അറിയിച്ച് കോടതിക്ക് യാസിൻ മാലിക് സത്യവാങ്മൂലം നൽകി. പാകിസ്താൻ സ്വദേശിയായ ഭാര്യ മുഷാൽ മാലിക്കുമായി വിവാഹമോചനം നേടാനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

2019 മുതൽ തിഹാറിൽ കഴിയുന്ന മാലിക്, ബുധനാഴ്ച ശ്രീനഗറിലെ അഡീഷണൽ സെഷൻസ് കോടതിയിൽ തന്റെ അഭിഭാഷകൻ അബു ആദിൽ പണ്ഡിറ്റ് വഴി 25 പേജുള്ള എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം സമർപ്പിച്ചു. സെപ്റ്റംബർ 19-ന് കോടതി ഈ കേസ് പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്.

കശ്മീരി പണ്ഡിറ്റ് നഴ്‌സായ സരളാ ഭട്ടിന്റെ വധക്കേസിലെ നടപടികളെ ഇനി ചോദ്യം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ച മാലിക് തന്റെ പിന്മാറ്റം കുറ്റം സമ്മതിക്കുന്നതായി വ്യാഖ്യാനിക്കരുതെന്നും വ്യക്തമാക്കി. ഇസ്തിഖാറ നമസ്‌കാരത്തിന് ശേഷമാണ് താൻ നിർണായക തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു.

വിചാരണ നടപടികളെ എതിർക്കുന്നില്ല. എനിക്ക് വധശിക്ഷ നൽകാം-മാലിക് അറിയിച്ചു. ആദ്യമായിട്ടല്ല യാസിൻ മാലിക് ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നത്. 2022-ൽ പ്രത്യേക എൻ.ഐ.എ കോടതി അദ്ദേഹത്തെ ഭീകരവാദ ഫണ്ടിംഗ് കേസിൽ കുറ്റക്കാരനാണെന്ന് വിധിച്ചപ്പോൾ, അദ്ദേഹം കുറ്റപത്രത്തെ എതിർക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. അതിനുശേഷം അദ്ദേഹത്തിന്റെ ജീവപര്യന്തം തടവ് വധശിക്ഷയായി ഉയർത്തണമെന്ന് എൻഐഎ ആവശ്യപ്പെടുകയും ചെയ്തു.

ജീവിതകാലം മുഴുവൻ വിധവയായി കഴിയേണ്ടതില്ല എന്നതുകൊണ്ടാണ് മുഷാലുമായുള്ള വിവാഹ മോചനത്തിന് തയ്യാറാകുന്നതെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ എട്ട് വർഷമായി ജയിലിൽ വെച്ച് ഭാര്യയോട് ഫോണിൽ സംസാരിക്കാനോ വീഡിയോ കോളിലൂടെ കാണാനോ തന്റെ കുടുംബവുമായി ബന്ധപ്പെടാനോ തന്നെ അനുവദിച്ചിട്ടില്ല. 'ഏറെ വേദനയോടെയാണ് ഞാൻ ഈ തീരുമാനം എടുത്തത്. ഈ സാഹചര്യത്തിന്റെ ഭാരം പേറി ജീവിച്ചുകൊണ്ടോ വിധവയെപ്പോലെയോ മുഷാൽ തന്റെ ജീവിതകാലം മുഴുവൻ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അഭിമാനത്തോടും പ്രതീക്ഷയോടും കൂടി അവൾ തന്റെ ജീവിതത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' യാസിൻ മാലിക് വ്യക്തമാക്കി.

Content Highlights: JKLF leader Yasin Malik submitted a 25-page affidavit in Srinagar court., He expressed willingness to accept the death penalty in the 1990 Sarala Bhat murder case., He clarified that his decision not to contest proceedings should not be seen as a confession., He announced his decision to divorce his Pakistan-born wife, Mushaal Malik, so she can move on.