റേഡിയേഷൻ പരിശോധന, 'നോ-ഫ്ലൈ സോൺ', 700 CCTV ക്യാമറകൾ, സ്വന്തം ലിമോസിൻ; സുരക്ഷാവലയത്തിൽ ഷീ ജിൻപിങ് ഡൽഹിയിൽ

#ന്യൂസ് ഡെസ്ക്
ഷി ജിൻപിങ്ങിനെ വിമാനത്താവളത്തിൽ വെച്ച് സഹമന്ത്രി ജിതിൻ പ്രസാദ സ്വീകരിക്കുന്നു | PHOTO: REUTERS
ഷി ജിൻപിങ്ങിനെ വിമാനത്താവളത്തിൽ വെച്ച് സഹമന്ത്രി ജിതിൻ പ്രസാദ സ്വീകരിക്കുന്നു | PHOTO: REUTERS

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ന്യൂഡൽഹിയിലെത്തി. ഏഴ് വർഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഇന്ത്യ സന്ദർശനമാണിത്. വിമാനത്താവളത്തിൽ കേന്ദ്ര സഹമന്ത്രി ജിതിൻ പ്രസാദ അദ്ദേഹത്തെ സ്വീകരിച്ചു. 24 മണിക്കൂർ നീളുന്ന സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചൈനീസ് പ്രസിഡന്റിന്റെ വരവിനോടനുബന്ധിച്ച് ഡൽഹിയിലുടനീളം വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 15,000-ലധികം പോലീസ് ഉദ്യോഗസ്ഥരെയും 200 കമ്പനി പാരാമിലിറ്ററി സേനയെയുമാണ് തലസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ശാന്തിപഥ് വരെയുള്ള പാതയിൽ 700-ലധികം സിസിടിവി ക്യാമറകളും അഞ്ച് കൺട്രോൾ റൂമുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലെ പ്രത്യേക കൺട്രോൾ റൂം വഴി അഞ്ഞൂറോളം ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ തത്സമയം നിരീക്ഷിക്കുന്നുണ്ട്.

ഷീ ജിൻപിങ് താമസിക്കുന്ന ഹോട്ടലും പരിസരവും 'നോ-ഫ്ലൈ സോൺ' ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ആണവ, വികിരണ, ജൈവ ഭീഷണികൾ തടയുന്നതിനുള്ള പരിശോധനകളും ബോംബ് ഡിറ്റക്ഷൻ സംഘങ്ങളുടെ പരിശോധനകളും പൂർത്തിക്കിയിട്ടുണ്ട്.

സന്ദർശനത്തിന് പത്തുദിവസം മുമ്പുതന്നെ അദ്ദേഹത്തിന്റെ ഔദ്യോഗിക 'ഹോങ്ചി' ലിമോസിൻ വാഹനവും സുരക്ഷാ ഉപകരണങ്ങളും ചരക്ക് വിമാനത്തിൽ ഇന്ത്യയിലെത്തിച്ചിരുന്നു. എൻക്രിപ്റ്റഡ് സാറ്റലൈറ്റ് ആശയവിനിമയ സൗകര്യവും മിസൈൽ പ്രതിരോധ സംവിധാനവുമുള്ള പ്രത്യേക ബോയിങ് 747-8 വിമാനത്തിലാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. സന്ദർശനം പൂർത്തിയാക്കി ഞായറാഴ്ച രാവിലെ 11 മണിയോടെ ഭാരത് മണ്ഡപത്തിൽനിന്ന് അദ്ദേഹം വിമാനത്താവളത്തിലേക്ക് തിരിക്കും.

Content Highlights: Chinese President Xi Jinping arrived in New Delhi for the BRICS summit after a gap of seven years., He was received at the airport by Union Minister of State Jitin Prasada., A 24-hour visit featuring bilateral talks with Prime Minister Narendra Modi on trade and investment., Massive security deployment including over 15,000 police personnel and 200 paramilitary companies., Hotels and surrounding areas declared 'no-fly zones' with advanced surveillance and bomb detection units.