കോൺഗ്രസ് സ്ത്രീകളുടെ രോഷം നേരിടേണ്ടിവരുമെന്ന് റിജിജു; ചരിത്രപരമായ അവസരം നിഷേധിക്കപ്പെട്ടെന്ന് സ്മൃതി

#ന്യൂസ് ഡെസ്ക്
കിരണ്‍ റിജിജു, സ്മൃതി ഇറാനി | ഫയല്‍ചിത്രം | Photo: ANI
കിരണ്‍ റിജിജു, സ്മൃതി ഇറാനി | ഫയല്‍ചിത്രം | Photo: ANI

ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടത് സർക്കാരിന്റെ പരാജയമായി കാണാനാകില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. വനിതാസംവരണ ബിൽ പാസാക്കാൻ കഴിയാതിരുന്നതിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തിയ അദ്ദേഹം, കോൺഗ്രസ് രാജ്യത്തിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നതെന്നും വിമർശനമുന്നയിച്ചു. പാർലമെന്റ് ബജറ്റ് സമ്മേളനം അവസാനിച്ചശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചത്.

പാർലമെന്റിൽ ഞങ്ങൾക്ക് ഭൂരിപക്ഷമുണ്ട്. പക്ഷേ, ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയില്ല. കോൺഗ്രസ് ഇനി രാജ്യത്തെ സ്ത്രീകളുടെ രോഷം അഭിമുഖീകരിക്കേണ്ടിവരും. ഇത് സ്ത്രീകൾക്കുണ്ടായ പരാജയമാണ്. അത് കോൺഗ്രസ് ആഘോഷിക്കുന്നത് അവരുടെ സ്ത്രീവിരുദ്ധതയുടെ തെളിവാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

ഇന്ത്യയിലെ സ്ത്രീകളെ പരാജയപ്പെടുത്താനായി പ്രതിപക്ഷം ഒരുമിച്ചെന്ന് ബിജെപി നേതാവ് സ്മൃതി ഇറാനിയും വിമർശിച്ചു. വനിതാസംവരണ ബിൽ പരാജയപ്പെട്ടതോടെ രാജ്യത്തെ സ്ത്രീകൾക്കുള്ള ചരിത്രപരമായ അവസരമാണ് നിഷേധിക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത ലോക്‌സഭയിൽ സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികൾക്കും ലഭിച്ച അവസരമായിരുന്നു ഇത്. പക്ഷേ, ഇന്ത്യയിലെ സ്ത്രീകൾക്ക് ആ ചരിത്രപരമായ അവസരം അവർ നിഷേധിച്ചു. മണ്ഡല പുനർനിർണയമെന്ന ആശയം കൊണ്ടുവന്നതുതന്നെ കോൺഗ്രസാണ്. പക്ഷേ, പ്രതിപക്ഷത്തിരിക്കുമ്പോൾ അവർ പുനർനിർണയ നടപടികളെ എതിർക്കുകയാണെന്നും സ്മൃതി ഇറാനി ആരോപിച്ചു.

Content Highlights: Union Minister Kiren Rijiju blames Congress for the bill's failure in the 2026 budget session., The government lacked the two-thirds majority required for the constitutional amendment., Smriti Irani labels the opposition's stance as anti-women and a missed historic opportunity., The debate highlights ongoing tensions regarding constituency delimitation and reservation policies.