ഓടുന്ന ട്രെയിനില്‍ കയറാന്‍ശ്രമം, യുവതി കാല്‍ തെന്നിവീണു; സാഹസികമായി രക്ഷിച്ച് ആർപിഎഫ് ഉദ്യോഗസ്ഥന്‍

ചെന്നൈ: ഓടുന്ന ട്രെയിനില്‍ കയറാന്‍ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ യുവതിയെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സാഹസികമായി രക്ഷിച്ചു. തമിഴ്‌നാട്ടിലെ ഈറോഡ് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോദൃശ്യങ്ങളും ദക്ഷിണറെയില്‍വേ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിളായ ജഗദീശനാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഈറോഡ്-ചെന്നൈ യേര്‍ക്കാട് എക്‌സ്പ്രസില്‍ കയറാന്‍ശ്രമിക്കുന്നതിനിടെയാണ് യുവതി അപകടത്തില്‍പ്പെട്ടത്. ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് നീങ്ങിത്തുടങ്ങിയപ്പോളാണ് യുവതി ട്രെയിനില്‍ കയറാന്‍ ശ്രമിച്ചത്. വാതിലിന്റെ സമീപത്തെ കമ്പിയില്‍ പിടിച്ചെങ്കിലും യുവതി കാല്‍ത്തെന്നി വീഴുകയായിരുന്നു. ഇതോടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി യുവതി അല്പദൂരം മുന്നോട്ടുപോയി.

ഈ സമയം പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ജഗദീശന്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഓടിവരികയും യുവതിയെ പ്ലാറ്റ്‌ഫോമിലേക്ക് പിടിച്ചിടുകയുമായിരുന്നു. ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ തക്കസമയത്ത് ഇടപെട്ടില്ലായിരുന്നില്ലെങ്കില്‍ യുവതി ട്രെയിനിനടിയിലേക്ക് വീണുപോകുമായിരുന്നു. യാത്രക്കാരിയെ സാഹസികമായി രക്ഷിച്ച ജഗദീശനെ റെയില്‍വേ അഭിനന്ദനം അറിയിക്കുകയുംചെയ്തു.

Content Highlights: Watch the dramatic rescue of a woman by an RPF officer at Erode Junction station, who bravely pulled her to safety as she got trapped between a moving train and the platform.