'ഞങ്ങളുടെ അച്ഛന്റെ പ്രായമുള്ള നിങ്ങൾക്കിത് എങ്ങനെ ചെയ്യാൻ തോന്നി'- ചർച്ചയായി യുവതി പങ്കുവെച്ച വീഡിയോ

യുവതി പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ themrunalshelke
യുവതി പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ themrunalshelke

മുംബൈയിലെ മറൈൻ ഡ്രൈവിൽ ദൃശ്യങ്ങൾ അനുവാദമില്ലാതെ മൊബൈൽ ഫോണിൽ പകർത്തിയയാളെ ചോദ്യം ചെയ്ത് യുവതി. ഇതിന്റെ വീഡിയോ അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു. പിതാവിന്റെ പ്രായമുള്ള ഒരാൾ ഇത്തരത്തിൽ പെരുമാറിയതിന്റെ ഞെട്ടലും രോഷവും തന്നെ വിട്ടുപോകുന്നില്ലെന്നും മൃണാൾ ഷെൽകെ എന്ന യുവതി വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

മറൈൻ ഡ്രൈവിലെ കാഴ്ച്ചകൾ ആസ്വദിച്ച് നടക്കുകയായിരുന്നു യുവതിയും സുഹൃത്തും. ഇതിനടിയിലാണ് അവിടെയുണ്ടായിരുന്ന ഒരാൾ സ്ത്രീകളുടെ വീഡിയോയും ചിത്രങ്ങളും രഹസ്യമായി പകർത്തുന്നത് മറ്റൊരാളുടെ ശ്രദ്ധയിൽപെട്ടത്. ഇയാൾ മൃണാളിനോട് ഇക്കാര്യം പറഞ്ഞു. തുടർന്നാണ് മൃണാൾ ഫോൺ പരിശോധിച്ചത്.

മൃണാളിന്റേയും സുഹൃത്തിന്റേയും നിരവധി വീഡിയോകളും ചിത്രങ്ങളും ആ ഫോണിലുണ്ടായിരുന്നു. എല്ലാം അനുവാദമില്ലാതെയാണ് പകർത്തിയത്. ഇതോടെ യുവതി ഇയാളെ പരസ്യമായി ചോദ്യം ചെയ്യുകയായിരുന്നു. രാജീവ് എന്ന് പരിചയപ്പെടുത്തിയ ഇയാൾ എല്ലാം വെറുതെ എടുത്തതാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. എന്നാൽ യുവതി ചോദ്യം ചെയ്യുന്നത് തുടർന്നോടെ മാപ്പ് പറയുകയും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

എന്തിനാണ് പിന്നിൽ നിന്ന് ഫോട്ടോ എടുത്തതെന്നും തങ്ങളുടെ അച്ഛന്റെ പ്രായമുള്ള നിങ്ങൾക്ക് എങ്ങനെയാണ് ഇത് ചെയ്യാൻ തോന്നിയതെന്നും യുവതി ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. പൊതുസ്ഥലങ്ങളിൽ പോലും സ്ത്രീകൾക്ക് സമാധാനമായി നിൽക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും നമ്മളെ വെറും വസ്തുക്കളായി മാത്രം കാണുന്ന ഇത്തരം പ്രവർത്തികൾ വെറുപ്പുളവാക്കുന്നതാണെന്നും യുവതി കുറിച്ചു. ഇത്തരം സാഹചര്യങ്ങളിൽ പരസ്യമായി പ്രതികരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @themrunalshelke

Content Highlights: woman confronts man for secretly clicking her pics at mumbais marine drive