'ഭരണഘടനയും സംവരണവും എന്ത് വിലകൊടുത്തും സംരക്ഷിക്കും'; ലാറ്ററല്‍ എന്‍ട്രിയിലെ U-ടേണിൽ രാഹുല്‍ ഗാന്ധി

വാർത്താ സമ്മേളനത്തിനിടെ ഇന്ത്യൻ ഭരണഘടന ഉയർത്തിക്കാണിക്കുന്ന രാഹുൽ ഗാന്ധി (ഫയൽ ചിത്രം) | Photo: AP
വാർത്താ സമ്മേളനത്തിനിടെ ഇന്ത്യൻ ഭരണഘടന ഉയർത്തിക്കാണിക്കുന്ന രാഹുൽ ഗാന്ധി (ഫയൽ ചിത്രം) | Photo: AP

ന്യൂഡല്‍ഹി: ലാറ്ററല്‍ എന്‍ട്രിയിലൂടെ സ്വകാര്യമേഖലയില്‍നിന്ന് 45 ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്തിരിഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ലാറ്ററല്‍ എന്‍ട്രി പോലുള്ള ബി.ജെ.പിയുടെ ഗൂഢാലോചനകളെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തുമെന്നും ഭരണഘടനയും സംവരണവും എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ് ലാറ്ററല്‍ എന്‍ട്രി സംബന്ധിച്ച പരസ്യം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്

'ഇന്ത്യന്‍ ഭരണഘടനയും സംവരണവും ഞങ്ങള്‍ എന്ത് വില കൊടുത്തും സംരക്ഷിക്കും. ബി.ജെ.പിയുടെ ലാറ്ററല്‍ എന്‍ട്രി പോലുള്ള ഗൂഡാലോചനകളെ ഞങ്ങള്‍ എന്ത് വില കൊടുത്തും പരാജയപ്പെടുത്തും. ഞാന്‍ വീണ്ടും പറയുന്നു - 50 ശതമാനം എന്ന പരിധി ലംഘിച്ചുകൊണ്ട് ജാതിക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ സാമൂഹ്യനീതി നടപ്പാക്കും. ജയ്ഹിന്ദ്.' -രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. 

പിന്നാക്ക-ദളിത്-ന്യൂനപക്ഷ (പി.ഡി.എ) ഐക്യത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങിയെന്നാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചത്. ബി.ജെ.പിയുടെ ഗൂഢാലോചനകള്‍ ഇപ്പോള്‍ വിജയിക്കുന്നില്ലെന്നും പി.ഡി.എ. ഉണര്‍ന്നെണീറ്റതും ബോധവത്കരിക്കപ്പെട്ടതുമാണ് അതിന് കാരണമെന്നും അഖിലേഷ് വ്യക്തമാക്കി. പുതിയ സാഹചര്യത്തില്‍ ലാറ്ററല്‍ എന്‍ട്രിക്കെതിരായി ഒക്ടോബര്‍ രണ്ടിന് നടത്താനിരുന്ന സമരം മാറ്റവെക്കുന്നതായും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. 

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ലാറ്ററല്‍ എന്‍ട്രി വഴി സ്വകാര്യമേഖലയില്‍ നിന്ന് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള പരസ്യം പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് യു.പി.എസ്.സിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി യു.പി.എസ്.സി. അധ്യക്ഷന് കത്ത് നല്‍കി. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടിയെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

സംവരണം അട്ടിമറിക്കനാണ് സര്‍ക്കാര്‍ നീക്കമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. പ്രതിപക്ഷ വിമര്‍ശനത്തിനെതിരെ ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയെങ്കിലും സഖ്യകക്ഷിമന്ത്രിയായ ചിരാഗ് പസ്വാനും നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് വിവാദ നീക്കം പിന്‍വലിക്കുന്നത്.

Related News: പ്രതിപക്ഷ വിമര്‍ശനം ഫലംകണ്ടു; വിവാദ ലാറ്ററല്‍ എന്‍ട്രി നിയമനനീക്കം പിന്‍വലിച്ച് കേന്ദ്രം

പത്ത് ജോയിന്റ് സെക്രട്ടറിമാര്‍, 35 ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാര്‍ എന്നിവരെ സ്വകാര്യ മേഖലകളില്‍നിന്ന് നിയമിക്കാനായിരുന്നു കേന്ദ്ര തീരുമാനം. ഒന്നര ലക്ഷം മുതല്‍ 2.7 വരേയാണ് ശമ്പളം. ആഭ്യന്തരം, ധനകാര്യം, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. സ്റ്റീല്‍ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ ക്ഷണിച്ചിരുന്നത്. ആഭ്യന്തരം, വിദ്യാഭ്യാസം, ഐ.ടി, കോര്‍പ്പറേറ്റ് അഫയേഴ്‌സ്, വിദേശകാര്യം, സ്റ്റീല്‍, ധനകാര്യം തുടങ്ങിയ വകുപ്പുകളിലേക്കായിരുന്നു 35 ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരുടെ നിയമനം.

Content Highlights: "We will protect the Constitution and the reservation system at all costs" says Rahul Gandhi