ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും കാട്ടാന ചവിട്ടിക്കൊന്നു; ഗൂഡല്ലൂരിൽ വൻ പ്രതിഷേധം, പണിമുടക്ക്

ഗൂഡല്ലൂര്‍: ഓവേലിയില്‍ വീണ്ടും കാട്ടാനയാക്രമണം. ജോലിക്കുപോകുന്നതിനിടെ റോഡില്‍ ഗൃഹനാഥനെ കാട്ടാന ചവിട്ടിക്കൊന്നു. ഓവേലിയിലെ കെയിന്റിലുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ പെരിയാര്‍നഗറിലെ ഷംസുദ്ദീനാണ് (58) കൊല്ലപ്പെട്ടത്. രണ്ടുമാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ ഓവേലിയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ഷംസുദ്ദീന്‍. ഓവേലിയിലെ ഡിആര്‍സി തേയിലത്തോട്ടത്തിലെ മേല്‍നോട്ടക്കാരനാണ്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ സ്‌കൂട്ടറില്‍ പതിവുപോലെ എസ്റ്റേറ്റിലേക്കുപോകുന്നതിനിടെയാണ് റോഡിലിറങ്ങിയ കാട്ടാനയുടെമുന്നില്‍ അകപ്പെട്ടത്.
സ്‌കൂട്ടറൊഴിവാക്കി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിന്തുടര്‍ന്നെത്തിയ കാട്ടാന, ഷംസുദ്ദീനെ ചവിട്ടിക്കൊല്ലുകയായിരുന്നു. തലയിലും പുറത്തും സാരമായി പരിക്കേറ്റു. ബഹളംകേട്ട് ഓടിയെത്തിയവര്‍, കാട്ടാനയെ തുരത്താന്‍ശ്രമിച്ചെങ്കിലും കാട്ടാന നാട്ടുകാര്‍ക്കുനേരേ തിരിഞ്ഞ് ആക്രമിക്കാന്‍ശ്രമിച്ചു.
പിന്തിരിഞ്ഞോടിയ നാട്ടുകാരിലൊരാള്‍ക്ക് വീഴ്ചയില്‍ നിസ്സാരപരിക്കുകളേറ്റു. കാട്ടാന പിന്നീട് വനത്തിനുള്ളിലേക്കുപോയി. ഓടിക്കൂടിയവര്‍, ചവിട്ടേറ്റ് സാരമായി പരിക്കേറ്റ ഷംസുദ്ദീനെ ഗൂഡല്ലൂര്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്‍പതുമണിയോടെ മരിച്ചു. ആശുപത്രിയില്‍ മതിയായ ചികിത്സകിട്ടിയില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.
സംഭവസ്ഥലത്തുനിന്ന് ഏതാനും കിലോമീറ്ററുകള്‍മാത്രം ദൂരെയാണ് ഓഗസ്റ്റ് 11-ന് ന്യൂഹോപ്പില്‍ മഞ്ജുശ്രീ പ്ലാന്റേഷന്റെ തേയിലത്തോട്ടത്തില്‍ ഫിറ്റര്‍ജോലിചെയ്തിരുന്ന മണി (60) കൊല്ലപ്പെട്ടത്. ജൂലായ് 22-ന് കൊളപ്പള്ളിയിലെ അമ്മങ്കാവില്‍ ടാന്‍ടി തേയിലത്തോട്ടത്തിനുസമീപത്തെ ലയത്തിന്റെ മുറ്റത്ത് പാത്രങ്ങള്‍കഴുകുകയായിരുന്ന വീട്ടമ്മ ലക്ഷ്മി(70)യെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.
ജംഷീനയാണ് ഷംസുദ്ദീന്റെ ഭാര്യ. മക്കള്‍: ജസ്മില, ജംഷീര്‍. കബറടക്കം ബുധനാഴ്ച രാവിലെ പതിനൊന്നിന് കെയിന്റില്‍ നടക്കും.
അണപൊട്ടി പ്രതിഷേധം; വ്യാഴാഴ്ച കടകളടച്ച് പ്രതിഷേധിക്കും, ടാക്‌സി വാഹനങ്ങളും പണിമുടക്കും
ഗൂഡല്ലൂര്‍: പത്തുവര്‍ഷമായി ഓവേലിയിലെ തേയിലത്തോട്ടം നോക്കിനടത്തുന്ന ഷംസുദ്ദീന്‍(58)കൂടി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ പ്രതിഷേധം അണപൊട്ടി. മൂന്നുവര്‍ഷക്കാലത്തിനിടയ്ക്ക് എട്ടുപേരാണ് ഓവേലിയില്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്നത്.
മഞ്ജുശ്രീ തേയിലത്തോട്ടത്തിലെ ലയങ്ങളില്‍ വര്‍ഷങ്ങളായി കുടിവെള്ളമെത്തിക്കുന്ന പമ്പ് ഹൗസിലെ ഫിറ്ററായിരുന്ന മണി(60)യുടെ ജീവനെടുത്ത് ഒരുമാസം തികയുംമുന്‍പേയാണ് കാട്ടാന ഡിആര്‍സി കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ തേയിലത്തോട്ടം നോക്കിനടത്തുന്ന ഷംസുദ്ദീന്റെയും ജീവനെടുത്തത്. പെരിയാര്‍ നഗറില്‍നിന്ന് തോട്ടത്തിലേക്കു പോകുന്ന റോഡില്‍ കെയിന്റില്‍വെച്ചാണ് ഷംസുദ്ദീന്‍ കാട്ടാനയുടെ ആക്രമണത്തിനിരയായത്.
ഗൂഡല്ലൂര്‍ നിയോജകമണ്ഡലത്തില്‍ രണ്ടുമാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ആറാമത്തെയാളാണ് ഷംസുദ്ദീന്‍. സാരമായി പരിക്കേറ്റ ഷംസുദ്ദീനെ ഗൂഡല്ലൂര്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെന്നും അപകടത്തിനിരയായി ആശുപത്രിയിലെത്തിക്കുമ്പോള്‍ ഡോക്ടറുടെ സേവനം ലഭ്യമായില്ലെന്നും ബന്ധുവായ ഷാനവാസ് ആരോപിച്ചു. കുങ്കിയാനകളെ നിയോഗിച്ചിട്ടും കാട്ടാനകളെ തുരത്താന്‍ വനപാലകര്‍ക്കായിട്ടില്ല. പ്രഹസനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷംസുദ്ദീന്റെ മരണത്തിനുപിന്നാലെ വലിയ പ്രതിഷേധമാണ് നടന്നത്. ആശുപത്രിക്കുമുന്നിലായി ഊട്ടി-മൈസൂരു ദേശീയപാതയില്‍ ബന്ധുക്കളും നാട്ടുകാരും കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഗതാഗതം തടസ്സപ്പെട്ടതോടെ ഗൂഡല്ലൂര്‍ ഡിഎസ്പി എ. വസന്തകുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തി മുഴുവന്‍പേരെയും അറസ്റ്റുചെയ്തുമാറ്റി.
സംഭവമറിഞ്ഞ് പൊന്‍ജയശീലന്‍ എംഎല്‍എ, എഐഎഡിഎംകെ നേതാക്കളായ എസ്. വിജയരാജ്, എ. ബാലചന്ദ്രന്‍, എല്‍. പദ്മനാഥന്‍, കെ. സുധാകരന്‍, വിടുതലൈ ചിര്‍ത്തൈ കച്ചിനേതാവ് കെ. സഹദേവന്‍, സിപിഎം മുതിര്‍ന്നനേതാവ് എന്‍. വാസു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയനേതാക്കള്‍ സ്ഥലത്തെത്തി നാട്ടുകാരെ ശാന്തരാക്കുകയായിരുന്നു.
വൈദ്യുതിമുടക്കവും മൊബൈല്‍ ടവര്‍ പ്രവര്‍ത്തനക്ഷമമല്ലാതാവുന്നതും ദുരിതം ഇരട്ടിപ്പിക്കുകയാണ്.
ഗൂഡല്ലൂര്‍ നഗരത്തില്‍ കാട്ടാനയെത്തിയത് ഒരാഴ്ചമുന്‍പാണ്. ഭാഗ്യത്തിനാണ് കാല്‍നടയാത്രക്കാരുള്‍പ്പെടെ രക്ഷപ്പെട്ടത്. കൂടാതെ, ദേശീയപാതകളില്‍ യാത്രാദുരിതം രൂക്ഷമാണ്. പലതവണ ഉദ്യോഗസ്ഥര്‍ക്ക് നിവേദനം നല്‍കിയിട്ടും അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നത്. തൊറപ്പള്ളിമുതല്‍ സില്‍വര്‍ക്ലാൗഡ് വരെയുള്ള ദേശീയപാത നന്നാക്കിയിട്ട് ഏഴുവര്‍ഷമായി.
പലയിടത്തും റോഡാകെ പൊട്ടിപ്പൊളിഞ്ഞു. നാടുകാണിയില്‍ കേരളത്തിന്റെ അതിര്‍ത്തിവരെയും ഇതുതന്നെയാണ് സ്ഥിതി. ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ ആറുമുതല്‍ ഇരുപത്തിനാലുമണിക്കൂര്‍ കടയടപ്പിന് ഗൂഡല്ലൂര്‍ നിയമസഭാമണ്ഡലം വ്യാപാരി സംയുക്തസംഘടനകളുടെ നേതൃത്വത്തില്‍ ആഹ്വാനം നല്‍കിയതായി വ്യാപാരി വ്യവസായി സംയുക്തസംഘം, ഗൂഡല്ലൂര്‍ നിയമസഭാമണ്ഡലം പ്രസിഡന്റ് എ. അബ്ദുള്‍ റസാക്ക് പറഞ്ഞു.
ഓട്ടോ, ജീപ്പ്, ടാക്‌സി, ലോറി ഡ്രൈവര്‍മാരും ഇതിന് പിന്തുണ പ്രഖ്യാപിച്ച് പണിമുടക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: A wild elephant trampled a man to death in Gudalur, Ooty. This is the third such fatality