ഖലിസ്താന്‍വാദി വധം, ചൂടുപിടിച്ച് വിവാദം; അമിത്ഷായ്‌ക്കെതിരേ കാനഡ ഉന്നയിച്ച ആരോപണം എന്ത്?

അമിത് ഷാ |ഫോട്ടോ:ANI
അമിത് ഷാ |ഫോട്ടോ:ANI

ന്യൂഡല്‍ഹി:   ഖലിസ്താന്‍ വിഘടനവാദികളെ കാനഡയുടെ മണ്ണില്‍ വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന കാനഡയുടെ ആരോപണത്തില്‍ ചൂടുപിടിച്ച് വിവാദം. പ്രതിഷേധം കനപ്പിച്ച്  കനേഡിയന്‍ ഹൈക്കമ്മിഷനിലെ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതിന് പുറമേ വിഷയം സംബന്ധിച്ച നയതന്ത്രക്കുറിപ്പും ഇന്ത്യ കൈമാറിയിട്ടുണ്ട്. കേന്ദ്ര വിദേശകാര്യവക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. 

യു.എസ്. ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റ് ആണ് കനേഡിയന്‍ സര്‍ക്കാര്‍ അമിത് ഷായ്ക്കെതിരേ ഉന്നയിച്ച ആരോപണം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ പത്രത്തിന് വിവരം നല്‍കിയത് താനാണെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണ്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാസമിതിയെ അറിയിക്കുകയും ചെയ്തു. 

പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് നതാലി ഡൂയിനും ഈ വിവരം പരസ്യപ്പെടുത്തിയെന്ന് സമ്മതിച്ചു. വാഷിങ്ടണ്‍  പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകന്‍ വിളിച്ച് ഷായാണോ ഗൂഢാലോചനയുടെ സൂത്രധാരന്‍ എന്നുചോദിച്ചപ്പോള്‍ താന്‍ സ്ഥിരീകരിച്ചെന്നാണ് മോറിസണ്‍ ദേശീയസുരക്ഷാ സമിതിയോടു പറഞ്ഞത്. എന്നാല്‍, ഷായുടെ പങ്കിനെക്കുറിച്ച് കാനഡ എങ്ങനെ അറിഞ്ഞെന്ന് അദ്ദേഹം പത്രത്തോട് വിശദമാക്കിയില്ല. തെളിവും നല്‍കിയില്ല.

കനേഡിയന്‍ പൗരനായ ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ 2023 ജൂണില്‍ സറേയില്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യയാണെന്ന് ആ വര്‍ഷം സെപ്റ്റംബറില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതോടെയാണ് ഈ വിഷയം നയതന്ത്ര പ്രശ്‌നമായത്. നിജ്ജറുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് കാനഡ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന് റോയല്‍ കനേഡിയന്‍ മൗണ്ട്ഡ് പോലീസ് (ആര്‍.സി.എം.പി.) ആരോപിച്ചു. ഇതോടെ, സ്ഥാനപതിയുള്‍പ്പെടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചു. കാനഡയുടെ ആക്ടിങ് സ്ഥാനപതിയുള്‍പ്പെടെയുള്ളവരെ ഇന്ത്യയില്‍നിന്ന് തിരിച്ചയക്കുകയും ചെയ്തു.

നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരേ കനേഡിയന്‍ പോലീസ് ആരോപണമുന്നയിക്കും മുന്‍പ് സംഭവത്തിന്റെ ഉത്തരവാദിത്വം ഉറപ്പാക്കാന്‍ ഇന്ത്യാസര്‍ക്കാരുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിരുന്നെന്ന് ഡ്രൂയിന്‍ പറഞ്ഞിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സിങ്കപ്പൂരില്‍ കൂടിക്കാഴ്ച നടത്തി. ഉത്തരവാദിത്വം ഏല്‍ക്കുന്ന കാര്യത്തില്‍ ഇന്ത്യാ സര്‍ക്കാര്‍ കാനഡയോടു സഹകരിക്കില്ലെന്ന് വ്യക്തമായതോടെയാണ് വിവരങ്ങള്‍ മാധ്യമത്തിലൂടെ പുറത്തുപറയാന്‍ തീരുമാനിച്ചതെന്നും ഡൂയിന്‍ പറഞ്ഞു. അമേരിക്കന്‍ മാധ്യമമായ 'ദ ഗ്ലോബ് ആന്‍ഡ് മെയിലാ'ണ് അമിത് ഷായുടെ പങ്കിനെക്കുറിച്ചുള്ള ആരോപണം പുറത്തുവന്നതിനു പിന്നില്‍ ഡ്രൂയിനും പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്.

കേന്ദ്രമന്ത്രി അമിത് ഷാക്കെതിരേ കനേഡിയന്‍ മന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യ.

Content Highlights: what are canada's allegation against amit shah