പശ്ചിമറെയിൽവേക്ക് ‘പുഷർ’മാരെ വേണം; ലോക്കൽ ട്രെയിനുകളിൽ യാത്രക്കാരെ തള്ളിക്കയറ്റാൻ

മുംബൈ: ലോക്കൽ ട്രെയിനുകളിൽ യാത്രക്കാരെ തള്ളിക്കയറ്റാൻ ‘പുഷർ’മാരെ തേടി പശ്ചിമറെയിൽവേ. പരിശീലനംനൽകി ഇവരെ വിവിധ സ്റ്റേഷനുകളിൽ വിന്യസിക്കും.
എ.സി. ലോക്കൽ ട്രെയിനുകളിൽ ഓട്ടോമാറ്റിക് വാതിലുകളാണുള്ളത്. യാത്രക്കാരുടെ ബാഹുല്യംകാരണം ഇപ്പോൾ വാതിൽ അടയാൻ കൂടുതൽ സമയമെടുക്കുന്നു. തിരക്കേറിയ സമയങ്ങളിൽ ഇത് ട്രെയിൻ സർവീസുകളെ മൊത്തത്തിൽ ബാധിക്കുന്നു. സ്റ്റേഷനുകളിൽ ട്രെയിനുകൾ കൂടുതൽസമയം നിർത്തിയിടേണ്ടിവരുന്നു.
സർവീസുകൾ വൈകുന്നത് ഓഫീസ് ജീവനക്കാർക്ക് ബുദ്ധിമുട്ടാവുന്നു. ഇത് വ്യാപക പരാതിക്കിടയാക്കിയിട്ടുമുണ്ട്. ഇതിന് പരിഹാരമായിട്ടാണ് യാത്രക്കാരെ നിയന്ത്രിക്കാൻ പ്രത്യേകപരിശീലനം ലഭിച്ചവർ സ്റ്റേഷനുകളിൽ നിയുക്തരാക്കുന്നത്.
പശ്ചിമറെയിൽവേയുടെ 1414 സബർബൻ സർവീസുകളിൽ 1135 സർവീസുകൾ അഞ്ച് മിനിറ്റോ അതിൽക്കൂടുതലോ വൈകിയാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഏകദേശം 60 സർവീസുകൾ 10-30 മിനിറ്റുവരെ വൈകുന്നു. ഇത് 30 ലക്ഷം പ്രതിദിന യാത്രക്കാരെ ബാധിക്കുന്നുണ്ടെന്ന് റെയിൽ ഉദ്യോഗസ്ഥർ പറയുന്നു.
അന്ധേരി, ബോറിവിലി, ദാദർ തുടങ്ങിയ സ്റ്റേഷനുകളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഷെഡ്യൂൾ ചെയ്തതിലും കൂടുതൽസമയം വാതിലുകൾ തുറന്നിരിക്കുന്നതിനാൽ കാലതാമസം ഇപ്പോൾ പതിവാണെന്നും യാത്രക്കാർ പറയുന്നു.
Content Highlights: Western Railway is deploying trained 'pushers' to manage passenger boarding., The initiative aims to address delays caused by automatic doors on AC local trains staying open too long., Approximately 1,135 out of 1,414 daily services are currently facing delays., High-traffic stations like Andheri, Borivali, and Dadar are the primary focus areas.