ബംഗാളിൽ ഏകീകൃത സിവിൽ കോഡ്: വിദഗ്ധ സമിതിയെ നിയമിച്ചു, ഓഗസ്റ്റിൽ അവതരിപ്പിക്കാൻ നീക്കം

സുവേന്ദു അധികാരി | Photo: PTI
സുവേന്ദു അധികാരി | Photo: PTI

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി കരട് ബിൽ പരിശോധിക്കുന്നതിനും അന്തിമരൂപം നൽകുന്നതിനുമായി വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ ഒമ്പതംഗ വിദഗ്ധ സമിതിയെ നിയമിച്ചു. ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഈ നിയമനിർമാണം അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

നിർദിഷ്ട നിയമത്തിൽ നിന്ന് സംസ്ഥാനത്തെ തദ്ദേശീയ വിഭാഗങ്ങളെ ഒഴിവാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിയമ വിദഗ്ധർ, മുൻ ജഡ്ജിമാർ, ബ്യൂറോക്രാറ്റുകൾ, സാമൂഹിക പ്രവർത്തകർ എന്നിവരടങ്ങുന്നതാണ് ഈ സമിതി. 

'യുസിസി നടപ്പിലാക്കുന്നതിലൂടെ ഒരു രാജ്യം, ഒരു നിയമം എന്നത് വ്യക്തമാണ്. രണ്ട് തരം നിയമങ്ങൾ ഉണ്ടാകാൻ പാടില്ല' മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നിയമനിർമ്മാണവുമായി മുന്നോട്ട് പോകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുള്ള ചർച്ചകൾ രാജ്യവ്യാപകമായി ബിജെപി സജീവമാക്കുന്ന സാഹചര്യത്തിലാണ് ബംഗാളിന്റെ ഈ നീക്കം. സമിതി ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുമെന്നും റിപ്പോർട്ട് സമർപ്പിക്കുമെന്നും സർക്കാർ അറിയിച്ചു. 

Content Highlights: Formation of a 9-member expert committee for UCC drafting., Led by former Supreme Court Justice Ranjana Prakash Desai., Exclusion of indigenous tribal groups from the proposed law., Scheduled for introduction in the August 2026 assembly session.