ബംഗാളിൽ റീപോളിങ്ങിനിടെയും സംഘർഷം; ഏറ്റുമുട്ടി ബിജെപി-തൃണമൂൽ പ്രവർത്തകർ; മൂന്നുപേർ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
സംഘർഷ സ്ഥലത്ത് വിന്യസിച്ച സുരക്ഷാ ഉദ്യോ​ഗസ്ഥർ | ANI
സംഘർഷ സ്ഥലത്ത് വിന്യസിച്ച സുരക്ഷാ ഉദ്യോ​ഗസ്ഥർ | ANI

കൊൽക്കത്ത: റീപോളിങ്ങിനിടെ പശ്ചിമ ബംഗാളിൽ സംഘർഷം. സൗത്ത് 24 പർഗാനസ് ജില്ലയിലെ ഫൽത്തയിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീ പോളിങ്ങ് പുരോഗമിക്കവേയാണ് സംഭവം.

ഏപ്രിൽ 29ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനിൽ ടേപ്പ് ഒട്ടിച്ച് ബട്ടൺ മറച്ചത് അടക്കം നിരവധി പരാതികളുയർന്നിരുന്നു. ഇതേത്തുടർന്നാണ് മഗ്രാഹത്ത് പശ്ചിം, ഡയമൺഡ് ഹാർബർ എന്നീ രണ്ടു മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ റീ പോളിങ് നടത്തിയത്.

തൃണമൂൽ പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രദേശവാസികളാണ് ആരോപണമുന്നയിച്ചത്. തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ വീടിന് തീവെക്കുമെന്നുൾപ്പെടെ തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി പ്രദേശവാസികൾ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ തൃണമൂലിന് വോട്ടുചെയ്തിട്ടും തന്നെ ആക്രമിച്ചെന്ന് ഒരു യുവതി പറഞ്ഞു. അവരെ അറസ്റ്റ് ചെയ്യണമെന്നും സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് എഎസ്പി അഭിഷേക് പിടിഐയോട് പ്രതികരിച്ചു.

മഗ്രാഹത്ത് പശ്ചിമിലെ 11 മണ്ഡലങ്ങളും ഡയമണ്ട് ഹാർറിലെ നാല് മണ്ഡലങ്ങളിലുമാണ് റീ പോളിങ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണിയോടെ അവസാനിക്കും. തിരഞ്ഞെടുപ്പ് ഒബ്സർവർമാരുടേയും റിട്ടേണിങ് ഓഫീസറുടേയും റിപ്പോർട്ടിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ റീപോളിങ്ങിലേക്ക് നീങ്ങിയത്. ബിജെപി, സിപിഎം സ്ഥാനാർഥികളുടെ നേരെയുള്ള ബട്ടൺ ടേപ്പ് വെച്ച് ഒട്ടിച്ച നിലയിലുള്ള വോട്ടിങ് മെഷീന്റെ ഫോട്ടോ അടക്കം സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് നടപടി.

Content Highlights: Re-polling held in 15 booths across Magrahat Paschim and Diamond Harbour., Clashes reported between TMC and BJP workers in Falta., Voter intimidation allegations surfaced regarding threats to residents., Three individuals arrested following the violent incidents., Re-polling triggered by reports of EVM tampering during the April 29 assembly election.