ചിഹ്നത്തിൽ ടേപ്പ് ഒട്ടിച്ചതടക്കമുള്ള പരാതി, പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ ഇന്ന് റീപോളിങ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ ഇന്ന് റീ പോളിങ്ങ്. ഏപ്രിൽ 29ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കമുള്ള നിരവധി പരാതികളുയർന്നിരുന്നു. ഇതേത്തുടർന്നാണ് മഗ്രാഹത്ത് പശ്ചിം, ഡയമണ്ട് ഹാർബർ എന്നീ രണ്ടു മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ഇന്ന് റീ പോളിങ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചത്.
ഏപ്രിൽ 29ന് ഈ ബൂത്തുകളിൽ നടന്ന വോട്ടെടുപ്പ് അസാധുവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മഗ്രാഹത്ത് പശ്ചിമിലെ 11 മണ്ഡലങ്ങളും ഡയമണ്ട് ഹാർറിലെ നാല് മണ്ഡലങ്ങളിലുമാണ് റീ പോളിങ്. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച് വൈകിട്ട് ആറ് മണിയോടെ അവസാനിക്കുന്ന തരത്തിലാണ് വോട്ടിങ് നടക്കുക.
രണ്ട് ഘട്ടമായിട്ടാണ് ബംഗാളിൽ നിയമസഭാ വോട്ടെടുപ്പ് നടന്നത്. ഏപ്രിൽ 23നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29നും. വോട്ടെടുപ്പ് വേളയിൽ വ്യാപക അക്രമം നടന്നിരുന്നു. ബൂത്തുകളിൽ ക്രമക്കേടുകൾ നടന്നതായി ബിജെപി ആരോപിച്ചിരുന്നു. വിവിധ ബൂത്തുകളിൽ തൃണമൂൽ പ്രവർത്തകർ ബിജെപി ചിഹ്നത്തിന് നേരെയുള്ള ബട്ടൺ പ്രവർത്തനരഹിതമാക്കിയെന്നും ആരോപണമുയർന്നിരുന്നു. ബിജെപി, സിപിഎം സ്ഥാനാർഥികളുടെ നേരെയുള്ള ബട്ടൺ ടേപ്പ് വെച്ച് ഒട്ടിച്ച നിലയിലുള്ള വോട്ടിങ് മെഷീന്റെ ഫോട്ടോ അടക്കം സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ഒബ്സർവർമാരുടേയും റിട്ടേണിങ് ഓഫീസറുടേയും റിപ്പോർട്ടിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ റീപോളിങ്ങിലേക്ക് നീങ്ങിയത്. പുതിയ വോട്ടെടുപ്പിനെക്കുറിച്ച് സ്ഥാനാർഥികളെ രേഖാമൂലം അറിയിക്കാനും വോട്ടർമാർക്കിടയിൽ കൃത്യമായ പ്രചരണം നൽകാനും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.
രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ 77 ഇവിഎം അട്ടിമറി കേസുകൾ റിപ്പോർട്ട് ചെയ്തതായി പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് അഗർവാൾ പറഞ്ഞു. 23 പരാതികളിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് കണ്ടെത്തിയെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
Content Highlights: Re-polling ordered in 15 booths across Magrahat West and Diamond Harbour., Decision follows reports of EVM tampering and tape on candidate buttons., Voting scheduled from 7 AM to 6 PM., Action taken based on reports from election observers and returning officers., Total of 77 EVM rigging cases reported during the second phase.