മുര്‍ഷിദാബാദില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആനന്ദബോസ്

കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലുണ്ടായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ച് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ്. പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട അച്ഛനും മകനുമായ ഹര്‍ഗോബിന്ദ് ദാസ്, ചന്ദന്‍ ദാസ് എന്നിവരുടെ കുടുംബത്തെയാണ് ഗവര്‍ണര്‍ ശനിയാഴ്ച സന്ദര്‍ശിച്ചത്. കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് ഗവര്‍ണര്‍ പ്രതികരിച്ചു.
"പ്രദേശത്ത് ബിഎസ്എഫിനെ വിന്യസിക്കണമെന്നതടക്കം ആവശ്യങ്ങള്‍ അവര്‍ ഉന്നയിച്ചിട്ടുണ്ട്. തീര്‍ച്ചയായും അധികാരികളുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തും. വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും", സി.വി ആനന്ദബോസ് വ്യക്തമാക്കി.
തനിക്ക് ലഭിച്ച പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജില്ല സന്ദര്‍ശിക്കാനെത്തിയതെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. "സ്വയം കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന് തോന്നി. സംഭവത്തെകുറിച്ച് എന്റെ പക്കല്‍ പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെ ഞാന്‍ മുര്‍ഷിദാബാദിലെത്തി", ആനന്ദബോസ് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ അക്രമങ്ങള്‍ പണ്ട് പതിവായിരുന്നു. എന്നാല്‍, ഇന്ന് സ്ഥിതി മാറി. അതിക്രമസംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ജനങ്ങള്‍ക്ക് നിലവിലെ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലുണ്ടായ പ്രതിഷേധത്തില്‍ ഇതുവരെ 274 പേര്‍ അറസ്റ്റിലാവുകയും മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.
Content Highlights: west bengal governer cv ananda bose visits murshidabad violence victims