ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ദുർബലമായ കാലവർഷം: രാജ്യത്ത് 12.6 ശതമാനം മഴക്കുറവോടെ മൺസൂൺ അവസാനിച്ചു

ന്യൂഡൽഹി: ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ദുർബലമായ കാലവർഷമാണ് രാജ്യത്ത് ഇത്തവണയുണ്ടായതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂൺമുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ സീസൺ അവസാനിക്കുമ്പോൾ 12.6 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. 759 മില്ലീമീറ്റർ മഴ മാത്രമാണ് ഈ സീസണിൽ രാജ്യത്താകമാനം ലഭിച്ചത്.
2015-ൽ 12.7 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കുറവാണിത്. മുൻപ് 2002 (20.9%), 2009 (18.3%), 2014 (10.15%), 2015 (12.7%) എന്നീ വർഷങ്ങളിലാണ് മൺസൂൺ മഴക്കുറവ് അനുഭവപ്പെട്ടത്.
പ്രാദേശിക അടിസ്ഥാനത്തിലുള്ള മഴയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ, മധ്യ ഇന്ത്യയിൽ സാധാരണ തോതിൽ മഴ ലഭിച്ചപ്പോൾ മറ്റു മേഖലകളിൽ മഴക്കുറവ് രേഖപ്പെടുത്തി. വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ 5.8 ശതമാനവും, വടക്കുകിഴക്കൻ ഇന്ത്യയിൽ 25.6 ശതമാനവും, ദക്ഷിണ ഉപദ്വീപ് മേഖലയിൽ 24.4 ശതമാനവും കുറവുണ്ടായി.
രാജ്യത്തെ 36 കാലാവസ്ഥാ ഉപമേഖലകളിൽ 18 എണ്ണത്തിൽ (53 ശതമാനം പ്രദേശം) സാധാരണ മഴ ലഭിച്ചപ്പോൾ 17 ഉപമേഖലകളിൽ (42 ശതമാനം പ്രദേശം) കുറഞ്ഞ മഴയാണ് രേഖപ്പെടുത്തിയത്. മാസങ്ങൾ തിരിച്ചുള്ള കണക്കിൽ, ജൂണിൽ 36 ശതമാനം കുറവ് രേഖപ്പെടുത്തിയെങ്കിലും ജൂലായിൽ ശരാശരിയേക്കാൾ ഒരു ശതമാനം കൂടുതൽ മഴ ലഭിച്ചു. എന്നാൽ ഓഗസ്റ്റിൽ 14 ശതമാനവും സെപ്റ്റംബറിൽ 8 ശതമാനവും വീണ്ടും മഴക്കുറവ് ഉണ്ടായതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.