ഭാവി സംഘര്‍ഷങ്ങളുടെ ട്രെയിലറുകള്‍ക്കാണ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്- കരസേന മേധാവി

മനോജ് മുകുന്ദ് നരവണെ| File Photo:PTI
മനോജ് മുകുന്ദ് നരവണെ| File Photo:PTI

ന്യൂഡല്‍ഹി: ഭാവിയിലെ സംഘര്‍ഷങ്ങളുടെ ട്രെയിലറുകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും വ്യത്യസ്ത തലത്തിലുള്ള സുരക്ഷാ വെല്ലുവിളികളാണ് നമ്മള്‍ നേരിടുന്നതെന്നും കരസേന മേധാവി എം.എം. നരവണെ. രാജ്യം അസാധാരണവും വ്യത്യസ്ത തലത്തിലുമുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുവെന്നും വടക്കന്‍ അതിര്‍ത്തികളിലെ സംഭവവികാസങ്ങള്‍ സര്‍വസജ്ജമായ സേനയുടെ ആവശ്യകതയെ അടിവരയിടുന്നുവെന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ സെമിനാറില്‍ പറഞ്ഞു.

എതിരാളികള്‍ അവരുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആണവശേഷിയുള്ള അയല്‍ക്കാരുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഒളിയുദ്ധങ്ങളും സുരക്ഷാ ഉപകരണങ്ങളുടേയും വിഭവങ്ങളുടേയും ആവശ്യകത വര്‍ധിപ്പിക്കുന്നുവെന്നും ചൈനയുടെയും പാകിസ്താന്റെയും പേര് പറയാതെ കരസേനാ മേധാവി പറഞ്ഞു. 

ഭാവിയിലെ സംഘര്‍ഷങ്ങളുടെ ട്രെയിലറുകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ബാറ്റില്‍ഫീല്‍ഡിലും നെറ്റ് വര്‍ക്കുകളിലും സൈബര്‍ ഇടങ്ങളിലും ഇത് അനുദിനം നടപ്പാകുകയാണ്. സ്ഥിരതയില്ലാത്തതും പ്രശ്‌നബാധിതവുമായ അതിര്‍ത്തികളിലും ഇവ നടക്കുന്നു. ഈ ട്രെയിലറുകളെ അടിസ്ഥാനമാക്കി നാളത്തെ യുദ്ധഭൂമികളെ ദൃശ്യവത്കരിക്കേണ്ടതുണ്ട്. ചുറ്റുപാടും നോക്കിയാല്‍ ഇന്നത്തെ യാഥാര്‍ഥ്യം നമുക്ക് മനസ്സിലാകും. 

ചില രാജ്യങ്ങള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളെയും നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്രമത്തെ വെല്ലുവിളിക്കുകയാണെന്നും ചൈന സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പൂര്‍ണതോതിലുള്ള യുദ്ധത്തിലേക്ക് പോകാതെ തല്‍സ്ഥിതിയില്‍ മാറ്റംവരുത്താനുള്ള അവസരവാദ പ്രവര്‍ത്തനങ്ങളില്‍ ഇത് പ്രകടമായെന്നും നരവണെ കൂട്ടിച്ചേര്‍ത്തു.

Content Highlights: We are witnessing trailers of future conflicts: Army Chief Gen MM Naravane

Content Highlights: