'വയനാട്ടിലെ ദുരന്തത്തിന് കാരണം പശുക്കളെ കൊല്ലുന്നത്'; അസംബന്ധ പ്രസ്താവനയുമായി ബിജെപി നേതാവ്‌

1. ബി.ജെ.പി. നേതാവ് ഗ്യാൻദേവ് അഹൂജ, 2. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ദൃശ്യം | Photo: 1. X / @raj_indianews, 2. PTI
1. ബി.ജെ.പി. നേതാവ് ഗ്യാൻദേവ് അഹൂജ, 2. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ദൃശ്യം | Photo: 1. X / @raj_indianews, 2. PTI

ജയ്പുര്‍: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് വിചിത്രമായ 'കാരണം' കണ്ടെത്തി രാജസ്ഥാനിലെ ബി.ജെ.പി. നേതാവ്. പശുക്കളെ കൊല്ലുന്നതുകൊണ്ടാണ് കേരളത്തില്‍ ദുരന്തങ്ങളുണ്ടാകുന്നതെന്ന് മുന്‍ എം.എല്‍.എ. കൂടിയായ രാജസ്ഥാനിലെ മുതിര്‍ന്ന ബി.ജെ.പി. നേതാവ് ഗ്യാന്‍ദേവ് അഹൂജ പറഞ്ഞു. സംസ്ഥാനത്ത് ഗോവധം നിരോധിക്കണമെന്ന് അദ്ദേഹം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

'പശുക്കളെ കൊല്ലുന്നതിന്റെ നേരിട്ടുള്ള പ്രത്യാഘാതമാണ് വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍. പശുക്കളെ കൊല്ലുന്നത് തുടരുന്നിടത്തോളം കാലം ഇത്തരം ദുരന്തങ്ങളുണ്ടാകുന്നത് തുടരും. ഉത്തരാഖണ്ഡും ഹിമാചല്‍ പ്രദേശും പോലെയുള്ള സ്ഥലങ്ങളില്‍ മേഘസ്‌ഫോടനവും ഉരുള്‍പൊട്ടലും ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. എന്നാല്‍, അതൊന്നും കേരളത്തിലെ പോലെ ഇത്ര വലിയ ദുരന്തമാകാറില്ല', അഹൂജ പറഞ്ഞു. 

'പശുക്കളെ കൊല്ലുന്ന ഇടങ്ങളില്‍ ഇത്തരം ദുരന്തങ്ങളുണ്ടാകുന്നതായാണ് 2018 മുതല്‍ നമ്മള്‍ കാണുന്നത്. പശുക്കളെ കൊല്ലുന്നത് നിര്‍ത്തിയില്ലെങ്കില്‍ കേരളത്തില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കും. പശുക്കളെ കൊല്ലുകയോ അവയുടെ രക്തം ചിന്തുകയോ ചെയ്യുന്ന ഇടങ്ങളില്‍ ഭൂകമ്പവും കൊടുങ്കാറ്റും ഉണ്ടാകും', ഗ്യാന്‍ദേവ് അഹൂജ പറഞ്ഞു.

വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മുന്നൂറിലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനു പേർ ഭവനരഹിതരാകുകയും ചെയ്ത സംഭവത്തിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് അസംബന്ധ പ്രസ്താവനയുമായി ബിജെപി നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

Content Highlights: BJP Leader Blames ‘Cow Slaughter’ For Wayanad Landslide Destruction