‘ഡിഎംകെ ദുഷ്ട ശക്തി, ടിവികെ ശുദ്ധം’: ഇറോഡില്‍ റാലിയുമായി വിജയ്‌

#ന്യൂസ് ഡെസ്ക്
ഈറോഡ് റാലിയിൽ വിജയ് | Photo:X
ഈറോഡ് റാലിയിൽ വിജയ് | Photo:X

ചെന്നൈ: കരൂർ ദുരന്തത്തിന് ശേഷം ആദ്യ പ്രചരണ പരിപാടിയിൽ പങ്കെടുത്ത് ടിവികെ നേതാവ് വിജയ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഈറോഡിൽ നടന്ന റാലിയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം തുടക്കം കുറിച്ചു. ഭരണകക്ഷിയായ ഡിഎംകെയെ ദുഷ്ട ശക്തിയെന്നും എന്നും തൻ്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തെ (ടിവികെ) ശുദ്ധമായതെന്നും വിശേഷിപ്പിച്ചുകൊണ്ടാണ് വിജയ് റാലിയെ അഭിസംബോധന ചെയ്തത്.

അന്തരിച്ച മുൻമുഖ്യമന്ത്രിമാരായ സി.എൻ. അണ്ണാദുരൈയും എം.ജി.ആറും ആരുടെയും വ്യക്തിഗത സ്വത്തല്ലെന്നും, അവരുടെ പേര് ഉപയോഗിച്ചതിന് ആർക്കും പരാതിപ്പെടാൻ കഴിയില്ലെന്നും വിജയ് പറഞ്ഞു. ക്രമസമാധാനപാലനം, കൃഷി തുടങ്ങിയ വിഷയങ്ങളിൽ ഡിഎംകെ സർക്കാർ പരാജയപ്പെട്ടെന്നും വിജയ് ആരോപിച്ചു.

അതേസമയം തമിഴ് വോട്ടർമാർക്ക് മുന്നിൽ തൻ്റെ സാമൂഹിക-രാഷ്ട്രീയ വിശ്വാസ്യത ഉറപ്പാക്കുന്നതിനായി ഇ.വി. രാമസാമി(പെരിയാർ)യുടെ പൈതൃകം അവകാശപ്പെടാനാണ് റാലി പുനരാരംഭിക്കാന്‍ ഈറോഡ് തന്നെ തിരഞ്ഞെടുത്തതെന്ന്‌ രാഷ്ട്രീയ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈറോഡ് നഗരം പെരിയാറിൻ്റെ ജന്മസ്ഥലമാണ്. ഈറോഡ് ജില്ലയും പടിഞ്ഞാറൻ തമിഴ്‌നാടും പരമ്പരാഗതമായി ദ്രാവിഡ പാർട്ടികളുടെ ശക്തികേന്ദ്രങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഡിഎംകെ പ്രധാന രാഷ്ട്രീയ ശത്രുവാണെന്നും ബിജെപി പ്രത്യയശാസ്ത്രപരമായ ശത്രുവാണെന്നും ടിവികെ വ്യക്തമാക്കിയിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പിൽ സഖ്യങ്ങളൊന്നും ഉണ്ടാകില്ലെന്നും പാർട്ടി തീർത്തുപറയുന്നു.

ഇതിനുപുറമെ എഐഎഡിഎംകെ നേതാവായിരുന്ന കെ സെങ്കോട്ടയന്റെ ജന്മനാടായ വിജയമംഗലത്തിന് സമീപമായിരുന്നു ഇന്നത്തെ റാലി. എഐഎഡിഎംകെയുടെ മുൻ പ്രചാരണ തന്ത്രജ്ഞനായ സെങ്കോട്ടയൻ, എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് കഴിഞ്ഞ മാസം ടിവികെയിൽ ചേർന്നിരുന്നു. ഈറോഡ് ജില്ലയിൽ എട്ട് നിയമസഭാ സീറ്റുകളാണുള്ളത്. 

കരൂർ ദുരന്തത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡിഎംകെയും വലിയ വിമർശനം നേരിട്ട സാഹചര്യത്തിൽ, ഈറോഡ് റാലിയുടെ സുരക്ഷയ്ക്കായി പോലീസ് വിപുലമായ പദ്ധതികൾ തയ്യാറാക്കിയിരുന്നു. പരിപാടിയിലുടനീളം ക്രമസമാധാനം ഉറപ്പാക്കാൻ 1,300-ൽ അധികം പോലീസുകാരെയാണ് സർക്കാർ വിന്യസിച്ചത്. 35,000 പേരോളം പങ്കെടുത്ത റാലിയിൽ കർശന നിർദേശങ്ങൾ പാലിക്കാൻ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ടിവികെ ആദ്യമായി മത്സരരംഗത്തേക്ക് ഇറങ്ങുന്നത്. അതിനുമുമ്പായി കരൂർ ദുരന്തത്തെ തുടർന്ന് നേരിട്ട മോശം പ്രതിച്ഛായയെ മറികടക്കുക എന്നതാണ് പാർട്ടിയുടെ പ്രഥമ ലക്ഷ്യമായി കണക്കാക്കുന്നത്.

Content Highlights: Actor Vijay`s TVK party begins assembly election campaign in Erode. He criticizes DMK`s governance and seeks to build political credibility by referencing Periyar`s legacy.