ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടുചോർച്ച; പരസ്പരം പഴിചാരി പ്രതിപക്ഷകക്ഷികള്‍; മറിഞ്ഞത് 24 വോട്ടുകൾ?

#സി.പി. ശ്രീഹര്‍ഷന്‍
ബി. സുദർശൻ റെഡ്ഡി, സി.പി. രാധാകൃഷ്ണൻ | Photo:ANI, PTI
ബി. സുദർശൻ റെഡ്ഡി, സി.പി. രാധാകൃഷ്ണൻ | Photo:ANI, PTI

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ശക്തിപ്പെട്ട ഐക്യത്തിന്റെ കരുത്ത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിലനിര്‍ത്താനാവാത്തതിന്റെ ക്ഷീണം പ്രതിപക്ഷനിരയില്‍ പ്രകടം. പ്രതിപക്ഷവീര്യം വോട്ടുകണക്കില്‍ പ്രതിഫലിപ്പിക്കാനാവാതെ പോയതില്‍ പരസ്പരം പഴിചാരുകയാണ് പ്രതിപക്ഷകക്ഷികള്‍.

വോട്ടുചോര്‍ച്ചയിലേക്കും അസാധുവോട്ടുകളിലേക്കും നയിച്ച വീഴ്ചകള്‍ക്ക് സ്വന്തം പക്ഷത്തേക്ക് സംശയമുന തിരിക്കുമ്പോഴും മറുപക്ഷത്തും ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്ന നിഗമനവും പ്രതിപക്ഷത്തുണ്ട്. പ്രതിപക്ഷത്ത് 24 വോട്ടുകളുടെ കുറവുണ്ടായത് ബിജെപി നേതൃത്വത്തെ ആഹ്ലാദിപ്പിക്കുന്നുണ്ട്. മനസ്സാക്ഷി വോട്ട് രേഖപ്പെടുത്തിയതിന് പ്രതിപക്ഷാംഗങ്ങള്‍ക്ക് മന്ത്രി കിരണ്‍ റിജിജു നന്ദി പറയുകയും ചെയ്തു.

വോട്ട് കവര്‍ച്ച ആരോപിച്ച് 2022-ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 26 ശതമാനം വോട്ട് മാത്രം നേടാനായ പ്രതിപക്ഷത്തിന് ഇക്കുറി 40 ശതമാനം വോട്ട് നേടാനായത് കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിന്റെ ഫലമായി സംഭവിച്ച നേട്ടമാണെന്നാണ് കോണ്‍ഗ്രസ് വാദം. ബിജെപിയുടേത് കണക്കുകളിലെ വിജയം മാത്രമാണെന്നും ധാര്‍മികമായി പരാജയമാണുണ്ടായതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

ചോര്‍ച്ചയെങ്ങനെ:

എന്‍ഡിഎയുടെ 427-ഉം പിന്തുണ പ്രഖ്യാപിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ 11-ഉം ചേര്‍ത്ത് 438 വോട്ടുകളുടെ പിന്‍ബലമാണ് എന്‍ഡിഎ കണക്കാക്കിയിരുന്നത്. ഫലം പുറത്തുവന്നപ്പോള്‍ അതിലും 14 വോട്ടുകള്‍ കൂടി 452-ലെത്തി. അസാധുവായ 15 വോട്ടുകളില്‍ പത്തെണ്ണം എന്‍ഡിഎ പക്ഷത്ത് നിന്നാണുണ്ടായതെന്ന സംസാരമുണ്ട്. അഞ്ചെണ്ണം പ്രതിപക്ഷത്തും. പത്ത് സ്വന്തം വോട്ടുകള്‍ അസാധുവായിട്ടു കൂടി പ്രതീക്ഷിച്ചതിനെക്കാള്‍ 14 വോട്ടുകള്‍ അധികം നേടിയെങ്കില്‍ അര്‍ഥം 24 വോട്ടുകള്‍ മറുപക്ഷത്ത് നിന്ന് മറിഞ്ഞുവെന്നാണ്.

സത്യപ്രതിജ്ഞ നാളെ

സി.പി. രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയായിരുന്നു ഇന്ത്യാമുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി.

Content Highlights: vice president election cross voting allegation