നവരാത്രി ആഘോഷങ്ങളിൽ പ്രവേശനം ഹിന്ദുക്കൾക്കുമാത്രം, ആധാർ കാർഡ് നിർബന്ധമാക്കണം- വിഎച്ച്പി

പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP
പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP

മുംബൈ: മഹാരാഷ്ട്രയിലെ നവരാത്രിആഘോഷങ്ങളിൽ ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനം നൽകാവൂ എന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി). പങ്കെടുക്കുന്നവർക്ക് ആധാർകാർഡ് നിർബന്ധമാക്കണമെന്ന് സംഘാടകരോട് വിഎച്ച്പി ആവശ്യപ്പെട്ടു. പോലീസ് അനുമതിയോടെ നടക്കുന്ന ഒരു പരിപാടിയിൽ പ്രവേശനത്തിന് നിബന്ധനകൾ ഏർപ്പെടുത്താൻ സംഘാടകർക്ക് അവകാശമുണ്ടെന്ന് മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.

സമൂഹത്തിൽ വർഗീയത ആളിപ്പടർത്താനുള്ള നീക്കമാണിതെന്ന് കോൺഗ്രസ് നേതാവ് വിജയ് വട്ടേറ്റിവർ വിമർശിച്ചു. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ ആളുകൾ ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നായ നവരാത്രി സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഒന്ന് വരെയാണ് നടക്കുന്നത്.

നവരാത്രി ആഘോഷത്തിലെ പ്രധാന ആകർഷണമായ ഗർബ വെറുമൊരു നൃത്തമല്ല, മറിച്ച് ദേവിയെ പ്രീതിപ്പെടുത്താനുള്ള ഒരു ആരാധനാരീതിയാണ്. വിഗ്രഹാരാധനയിൽ വിശ്വസിക്കാത്തവരെ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് വിഎച്ച്പി ദേശീയ വക്താവ് ശ്രീരാജ്‌നായർ പറഞ്ഞു. പങ്കെടുക്കാനെത്തുന്നവരുടെ ആധാർകാർഡുകൾ പരിശോധിക്കാനും അവർക് തിലകം അണിയിക്കാനും വിഎച്ച്പി ഗർബ പരിപാടിയുടെ സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിഎച്ച്പി, ബജ്റംഗ്‌ദൾ പ്രവർത്തകർ പരിപാടികൾ നിരീക്ഷിക്കും. ഗർബ ഒരു ആരാധനാരീതിയാണ്, വിനോദമല്ല. ദേവതയിൽ വിശ്വാസമില്ലാത്തവർ അതിൽ പങ്കെടുക്കരുതെന്ന് ശ്രീരാജ്‌നായർ കൂട്ടിച്ചേർത്തു.വിഎച്ച്പിയുടെ നിലപാടിനോട് പ്രതികരിച്ചുകൊണ്ട് ഇത്തരം പ്രവേശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംഘാടകസമിതികളുടെ അവകാശമാണെന്ന് മന്ത്രി ബവൻകുലെ പറഞ്ഞു.

പരിപാടിക്ക് പോലീസ് അനുമതിയുണ്ടോ എന്നതാണ് നിർണായകമായ ഏക ഘടകം. അതിന്റെ അടിസ്ഥാനത്തിൽ സംഘാടക സമിതികൾ തീരുമാനങ്ങളെടുക്കണമെന്ന് ബവൻകുലെ പറഞ്ഞു. 

മതത്തിന്റെ പേരിൽ സമൂഹത്തെ ഭിന്നിപ്പിച്ച് അതിൽനിന്ന് രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാനാണ് ചിലർ ആഗ്രഹിക്കുന്നത്. വിഎച്ച്പി പറഞ്ഞത് പുതിയ കാര്യമല്ല. രാജ്യത്തെ അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടന പിറന്നതെന്നും മഹാരാഷ്ട്ര കോൺഗ്രസ് നിയമസഭാകക്ഷി നേതാവും മുൻ മന്ത്രിയുമായ വിജയ്‌വട്ടേറ്റിവർ പറഞ്ഞു.

Content Highlights: VHP demands only Hindus be allowed at Navratri events & Aadhaar cards be mandatory