ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെ ആക്രമണം;അസമിൽ ബജ്‌റങ്ദൾ,വിഎച്ച്പി പ്രവർത്തകർ അറസ്റ്റിൽ

ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഒരുക്കിയ അലങ്കാരങ്ങള്‍ നശിപ്പിക്കുന്ന വിഎച്ച്പി, ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍
ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഒരുക്കിയ അലങ്കാരങ്ങള്‍ നശിപ്പിക്കുന്ന വിഎച്ച്പി, ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍

ഗുവാഹാട്ടി: സ്‌കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കായി ഉപയോഗിച്ചിരുന്ന അലങ്കാര വസ്തുക്കൾ നശിപ്പിക്കുകയും കടകളിലെ അലങ്കാര സാമഗ്രികൾ കേടുവരുത്തുകയും ചെയ്ത നാലു പേരെ അറസ്റ്റ് ചെയ്തു. അസമിലെ നൽബാരി ജില്ലയിലാണ് സംഭവം. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റങ് ദൾ പ്രവർത്തകരാണ് പിടിയിലായത്.

ബുധനാഴ്ചയാണ് സംഭവം നടന്നത്. ബെൽസോർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാനിഗാവിലെ സെന്റ് മേരീസ് സ്‌കൂളിൽ അതിക്രമിച്ചു കയറി ക്രിസ്മസ് ആഘോഷങ്ങൾക്കായി സ്ഥാപിച്ചിരുന്ന അലങ്കാര വസ്തുക്കൾ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

അവർ നിയമവിരുദ്ധമായി സ്‌കൂളിൽ അതിക്രമിച്ചു കടക്കുകയായിരുന്നു,

സ്‌കൂളിന് നാശനഷ്ടം വരുത്തിയതായും, പുറത്തുള്ള അലങ്കാരങ്ങൾ, ലൈറ്റുകൾ, ചെടിച്ചട്ടികൾ, മറ്റ് വസ്തുക്കൾ എന്നിവ നശിപ്പിക്കുകയും ചിലത് കത്തിക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു.

അറസ്റ്റിലായവരിൽ വിഎച്ച്പി നൽബാരി ജില്ലാ സെക്രട്ടറി ഭാസ്‌കർ ഡേക്ക, ജില്ലാ വൈസ് പ്രസിഡന്റ് മാനഷ് ജ്യോതി പാറ്റ്ഗിരി, അസിസ്റ്റന്റ് സെക്രട്ടറി ബിജു ദത്ത എന്നിവരും ബജ്റംഗ് ദൾ ജില്ലാ കൺവീനർ നയൻ താലൂക്ക്ദാറും ഉൾപ്പെടുന്നു.

'ജയ് ശ്രീറാം' മുദ്രാവാക്യം വിളിക്കുകയും വ്യാഴാഴ്ച സ്‌കൂൾ വളപ്പിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കരുതെന്ന് സ്‌കൂൾ അധികൃതർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

പ്രതികൾ നൽബാരി ടൗണിലെ ക്രിസ്മസ് സാധനങ്ങൾ വിൽക്കുന്ന വിവിധ കടകളിലേക്കും പോയി സാധനങ്ങൾക്ക് തീയിടുകയും ചെയ്തു.

Content Highlights: Christmas Decorations Vandalized in Assam: Four Arrested Amidst VHP, Bajrang Dal Involvement