പകല്‍നേരത്ത് തെളിഞ്ഞ് ശുക്രന്‍; അപൂര്‍വമെന്ന് വിദഗ്ധര്‍

ജയ്പുര്‍: അപൂര്‍വമായി മാത്രം പകല്‍സമയത്ത് നഗ്നനേത്രങ്ങള്‍ക്ക് ഗോചരമാകുന്ന ശുക്രഗ്രഹം ബുധനാഴ്ച പകല്‍ രാജസ്ഥാനിലെ ജയ്പുരില്‍ കാണപ്പെട്ടതായി ബിഎം ബിര്‍ള പ്ലാനറ്റേറിയത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് ഭട്ടാചാര്യ അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ശുക്രനെ കണ്ടതെന്ന് സന്ദീപ് ഭട്ടാചാര്യ വ്യക്തമാക്കി.
ജൂണ്‍ 21-ന്റെ സൂര്യഗ്രഹണത്തോടനുബന്ധിച്ചുള്ള ആകാശ നിരീക്ഷണങ്ങള്‍ക്കിടെയാണ് സുര്യന് സമീപത്തായി ശുക്രനെ കണ്ടതെന്ന് ഭട്ടാചാര്യ അറിയിച്ചു. ആ നേരത്ത് ശുക്രനെ കാണാനിടയായതില്‍ അദ്ഭുതം തോന്നി. അതീവ വിസ്മയകരവും സുന്ദരവുമായിരുന്നു ശുക്രന്റെ കാഴ്ചയെന്ന് അദ്ദേഹം വിശദമാക്കി.
നക്ഷത്രസമൂഹങ്ങളെയും ആകാശഗോളങ്ങളെ കുറിച്ചും ദീര്‍ഘകാലമായി പഠനം നടത്തുന്നതിനിടെ ആദ്യമായി ശുക്രന്‍ കണ്‍മുന്നില്‍ പ്രത്യക്ഷപ്പെട്ടതിന്റെ ആഹ്‌ളാദവും അദ്ദേഹം പങ്കുവെച്ചു. തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഹിമാലയന്‍ മേഖലയില്‍ നിന്ന് ശുക്രനെ കാണാനാവുമെന്നും സന്ദീപ് ഭട്ടാചാര്യ പറഞ്ഞു.
സൗരയൂഥത്തില്‍ സൂര്യനില്‍ നിന്ന് രണ്ടാമതായി സ്ഥിതി ചെയ്യുന്ന ശുക്രഗ്രഹം ഏറ്റവും തെളിച്ചമേറിയ ഗ്രഹമാണ്. സാധാരണയായി പുലര്‍കാലത്തും വൈകുന്നേരവുമാണ് ശുക്രന്‍ ആകാശത്ത് പ്രത്യക്ഷമാകുന്നത്. നക്ഷത്രസമാനമായ തിളക്കമുള്ള ഈ ഗ്രഹം പ്രഭാതനക്ഷത്രമെന്നും സായാഹ്നനക്ഷത്രമെന്നും വിളിക്കപ്പെടുന്നു.
Content Highlights: Venus spotted during day time in Jaipur
Content Highlights: