ഗംഗയിലെ കുത്തൊഴുക്കിൽപ്പെട്ട തീർഥാടകനെ സാഹസികമായി രക്ഷിച്ച് SDRF ജവാൻ; രക്ഷാപ്രവർത്തന ദൃശ്യങ്ങൾ

#ന്യൂസ് ഡെസ്ക്
Photo: 'X' @uttarakhandcops
Photo: 'X' @uttarakhandcops

ദെഹ്‌റാദൂൺ: ഹരിദ്വാറിലെ കാംഗ്ര ഘട്ടിൽ ഗംഗാ നദിയിലെ അതിശക്തമായ ഒഴുക്കിൽപ്പെട്ട തീർഥാടകനെ ഉത്തരാഖണ്ഡ് എസ്.ഡി.ആർ.എഫ് ജവാൻ സാഹസികമായി രക്ഷപ്പെടുത്തി. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നുള്ള ശിവഭക്തൻ പുണ്യസ്നാനത്തിനിടെ നദിയിലെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് ഒഴുകിപ്പോകുകയായിരുന്നു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാൻ ഒട്ടും മടിക്കാതെയും ചിന്തിച്ചു നിൽക്കാതെയും പുഴയിലേക്ക് എടുത്തുചാടി തീർഥാടകനെ രക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉത്തരാഖണ്ഡ് പോലീസ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

നദിയിലെ ഒഴുക്കിനെ വകവെക്കാതെ തീർഥാടകന് അടുത്തേക്ക് നീന്തിയെത്തിയ ജവാൻ അദ്ദേഹത്തെ സുരക്ഷിതമായി പിടിക്കുകയും കരയിലേക്ക് നീന്തുകയും ചെയ്തു. ഇരുവരും കരയോട് അടുത്തതോടെ മറ്റ് എസ്.ഡി.ആർ.എഫ് ഉദ്യോഗസ്ഥരും സഹായത്തിനെത്തുകയും രണ്ടുപേരെയും സുരക്ഷിതമായി വെള്ളത്തിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. കഠിനമായ പരിശ്രമത്തിനൊടുവിലാണ് മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന ആളെ സുരക്ഷിതമായി കരയ്ക്കെത്തിക്കാൻ സാധിച്ചത്.

രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിലുള്ള പ്രശംസയാണ് പിടിച്ചുപറ്റിയത്. സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റൊരാളെ രക്ഷിച്ച ജവാന്റെ ധീരതയെയും കൃത്യസമയത്തുള്ള ഇടപെടലിനെയും നിരവധി ആളുകൾ അഭിനന്ദിച്ചു. എന്നാൽ, ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഘട്ടുകളിൽ മതിയായ ബാരിക്കേഡുകളോ മറ്റ് സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലെന്ന കാര്യവും ചില ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ വേണമെന്ന ആവശ്യവും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്.

Content Highlights: Rescue of a Noida devotee by an SDRF jawan in Haridwar's Ganga. bravery and emergency response preparedness.