ഉത്തർപ്രദേശിനെ നാലായി വിഭജിക്കും, പൂർവാഞ്ചലിന് 'രാജ്ഭർ' മുഖ്യമന്ത്രി- യുപി മന്ത്രിയുടെ പ്രഖ്യാപനം

#ന്യൂസ് ഡെസ്‌ക്
ഓംപ്രകാശ് രാജ്ഭര്‍ | Photo: PTI
ഓംപ്രകാശ് രാജ്ഭര്‍ | Photo: PTI

ലഖ്‌നൗ: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണങ്ങൾ സജീവമാകുന്നതിനിടെ സംസ്ഥാനം നാലായി വിഭജിക്കപ്പെടുമെന്ന പ്രഖ്യാപനവുമായി സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) അധ്യക്ഷനും യോഗി ആദിത്യനാഥ് സർക്കാരിലെ മന്ത്രിയുമായ ഓംപ്രകാശ് രാജ്ഭർ. ബിജെപിയുടെ സഖ്യകക്ഷിയാണ് എസ്ബിഎസ്പി.

ദിയോരിയയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവേ ആയിരുന്നു ഓംപ്രകാശിന്റെ വാക്കുകൾ. പൂർവാഞ്ചലിനെ ഒരു പ്രത്യേക സംസ്ഥാനമായി രൂപവത്കരിച്ചാൽ, അതിന്റെ ആദ്യ മുഖ്യമന്ത്രി രാജ്ഭർ സമുദായത്തിൽ നിന്നുള്ള ആളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിന്റെ വിഭജനം ഒഴിവാക്കാനാകാത്ത കാര്യമാണെന്നും പിന്നീട് വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവേ ഓംപ്രകാശ് പറഞ്ഞു. പൂർവാഞ്ചൽ സംസ്ഥാനം രൂപവത്കരിക്കുന്നതിനെ പിന്തുണയ്ക്കുകയും, രാജ്ഭർ സമുദായത്തിൽപ്പെട്ട ഒരാൾ അതിന്റെ ആദ്യ മുഖ്യമന്ത്രിയാകുന്നതിനെ അംഗീകരിക്കുകയും ചെയ്യുന്ന ഏത് രാഷ്ട്രീയ പാർട്ടിയെയും തന്റെ പാർട്ടി പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതാദ്യമായല്ല ഉത്തർ പ്രദേശിന്റെ വിഭജനത്തിനുള്ള ആവശ്യം ഉയർന്നുവരുന്നത്. 2011-ൽ അന്ന് സംസ്ഥാനം ഭരിച്ചിരുന്ന മായാവതി സർക്കാർ ഉത്തർ പ്രദേശിനെ- പൂർവാഞ്ചൽ, ബുന്ദേൽഖണ്ഡ്, അവധ് പ്രദേശ്, പശ്ചിം പ്രദേശ് എന്നിങ്ങനെ നാലായി നാല് സംസ്ഥാനങ്ങളായി വിഭജിക്കണമെന്ന പ്രമേയം പാസാക്കിയിരുന്നു. എന്നാൽ അന്ന് കേന്ദ്രത്തിൽ ഭരണത്തിലിരുന്ന യുപിഎ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ല.

രണ്ടായിരത്തിൽ, ഉത്തർ പ്രദേശിന്റെ വടക്കൻമേഖലയിലെ കുന്നിൻപ്രദേശ ജില്ലകൾ ചേർത്താണ് ഉത്തരാഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ചത്.