ഉത്തരാഖണ്ഡിലെ ദുരന്തത്തിന് കാരണം ആണവ ഉപകരണമോ? നിഗൂഢത നിറഞ്ഞ ചരിത്രം, അന്വേഷണം വേണമെന്ന് നാട്ടുകാര്‍

തപോവന്‍ തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ദൃശ്യം | Photo: PTI
തപോവന്‍ തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ദൃശ്യം | Photo: PTI

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിനെ കണ്ണീര്‍ക്കയത്തിലാക്കിയ മിന്നല്‍പ്രളയത്തില്‍ 31 പേരാണ് മരിച്ചത്. നൂറിലേറെ പേരെ കാണാതായി. തപോവനിലെ തുരങ്കത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാനുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കരച്ചിലുകളും നൊമ്പരകാഴ്ചകളുമാണ് ചമോലിയില്‍.

ഇതിനിടെയാണ് ദുരന്തത്തിന് കാരണമായത് എന്താണെന്ന ചര്‍ച്ചകളും ഉയരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ നന്ദാദേവി മലനിരകളില്‍ ഉപേക്ഷിക്കപ്പെട്ട ആണവ ഉപകരണമാണ് ഇത്തരമൊരു ഹിമാനി വിസ്ഫോടനത്തിലേക്കും പ്രളയത്തിനും വഴിവെച്ചതാണെന്നാണ് നാട്ടുകാരില്‍ ചിലരുടെ അഭിപ്രായം. ദുരന്തമുണ്ടായ റേനി ഗ്രാമത്തിലുള്ളവരാണ് 1965-ല്‍ ഉപേക്ഷിക്കപ്പെട്ട ആണവ ഉപകരണത്തെ പഴിചാരി രംഗത്തെത്തിയിട്ടുള്ളത്. 

സാധാരണ പ്രളയമുണ്ടാകുന്നതില്‍നിന്ന് വ്യത്യസ്തമായി ചില സംഭവങ്ങള്‍ ഗ്രാമത്തിലുണ്ടായെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അന്തരീക്ഷത്തിലാകെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന സംഭവം. ഈ സമയത്ത് ശ്വാസമുട്ടലടക്കമുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു. സാധാരണനിലയിലുള്ള ഹിമപാതമോ ഉരുള്‍പ്പൊട്ടലോ ഉണ്ടായാല്‍ ഇത്തരത്തിലൊരു ഗന്ധവും പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നും നാട്ടുകാര്‍ പറയുന്നു.

' അന്ന് ഉപകരണം സ്ഥാപിക്കാന്‍ പുറപ്പെട്ട സംഘത്തില്‍ പോര്‍ട്ടറായി ഞാനുമുണ്ടായിരുന്നു. ക്യാമ്പ് 4 വരെ ഞങ്ങള്‍ പോയി. പക്ഷേ, ഹിമപാതം കാരണം യാത്ര മുടങ്ങി. ഉപകരണം ഉപേക്ഷിച്ച് തിരിച്ചിറങ്ങാന്‍ തീരുമാനിച്ചു. ആ ഉപകരണം അത്രയേറെ അപകടം നിറഞ്ഞതാണ്. അതു തന്നെയാകാം മിന്നല്‍പ്രളയത്തിന് കാരണമായത്'- റേനി സ്വദേശിയായ കാര്‍ത്തിക് സിങ്(92) പറഞ്ഞു. 

1965-ലാണ് നാട്ടുകാര്‍ പഴിചാരുന്ന ആണവ ഉപകരണം നന്ദാദേവിയില്‍ ഉപേക്ഷിക്കപ്പെട്ടത്. ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി)യും യു.എസിന്റെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി(സി.ഐ.എ)യും ചേര്‍ന്ന് തുടക്കംക്കുറിച്ച ഒരു ദൗത്യത്തിന്റെ ബാക്കിപത്രമായിരുന്നു അത്.

ചൈനയുടെ നീക്കങ്ങള്‍ നിരന്തരം നിരീക്ഷിക്കാനായാണ് നന്ദാദേവി കൊടുമുടിയില്‍ ആണവ ഉപകരണം സ്ഥാപിക്കാന്‍ ഇരു ഏജന്‍സികളും തീരുമാനിച്ചത്. എട്ട് മുതല്‍ പത്ത് അടി വരെ നീളമുള്ള ആന്റിനകളും രണ്ട് ട്രാന്‍സീവര്‍ സെറ്റുകളുമടക്കമുള്ള ഉപകരണത്തിന് 56 കിലോയോളമാണ് ഭാരം. ചൈന എന്തെങ്കിലും ആണവപരീക്ഷണങ്ങള്‍ നടത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കുക എന്നതായിരുന്നു പ്രധാനലക്ഷ്യം.

ഏറെ പ്രത്യാശയോടെ ആരംഭിച്ച ദൗത്യം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. ഉപകരണം സ്ഥാപിക്കാനായി യാത്ര തിരിച്ചവര്‍ ഹിമപാതത്തില്‍പ്പെട്ടതോടെയാണ് ദൗത്യം ഉപേക്ഷിച്ചത്. ജീവന്‍ അപകടത്തിലാകുമെന്ന് വന്നതോടെ ദൗത്യസംഘത്തോട് എത്രയും പെട്ടെന്ന് മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഇതോടെ തങ്ങളുടെ കൈവശമുണ്ടായിരുന്ന ഏഴ് പ്ലൂട്ടോണിയം ക്യാപ്‌സൂളുകള്‍ അടങ്ങിയ കണ്ടെയ്‌നറും ഉപകരണവുമടക്കം മലനിരകളില്‍ ഉപേക്ഷിച്ച് ദൗത്യസംഘം മടങ്ങി.

ഒരു വര്‍ഷത്തിന് ശേഷം ഉപകരണം വീണ്ടെടുക്കാനായി മലനിരകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെടുക്കാനായില്ല. ഉപേക്ഷിക്കപ്പെട്ട ഉപകരണം മഞ്ഞില്‍ പുതഞ്ഞു പോയിരിക്കാമെന്നായിരുന്നു അധികൃതരുടെ നിഗമനം.

നന്ദാദേവിയില്‍ ഉപേക്ഷിക്കപ്പെട്ട ഈ ഉപകരണത്തെക്കുറിച്ച് പിന്നീട് നിഗൂഢത നിറഞ്ഞ പലകഥകളും പുറത്തുവന്നിരുന്നു. ആക്ടിവിസ്റ്റായ ഗുര്‍വീന്ദര്‍ സിങ് ഛദ്ദ ഇതുസംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ചെങ്കിലും ഉപകരണത്തെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവും അറിയില്ലെന്നായിരുന്നു ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ മറുപടി.

യു.എസ്. സെനറ്ററായിരുന്ന റിച്ചാര്‍ഡ് ഓതിയറും റഷ്യന്‍ ശാസ്ത്രജ്ഞനായ ആര്‍തര്‍ കോംപലീനെയും ഇക്കാര്യത്തില്‍ നല്‍കിയ മുന്നറിയിപ്പും ഛദ്ദ ചൂണ്ടിക്കാണിച്ചിരുന്നു. ഈ ഉപകരണത്തില്‍നിന്നുള്ള ആണവ വികരണം ഇന്ത്യയിലെ ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്ന് ഇരുവരും മുന്നറിയിപ്പ് നല്‍കിയെന്നായിരുന്നു ഛദ്ദ വ്യക്തമാക്കിയിരുന്നത്. 

ഉപകരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചതോടെ 2018-ല്‍ ഉത്തരാഖണ്ഡിലെ മന്ത്രി സത്പാല്‍ മഹാരാജ് വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ നടപടി വേണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. 

ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ ഹിമാനി വിസ്‌ഫോടനത്തിനും പ്രളയത്തിനും കാരണം ഈ ഉപകരണമാകാമെന്നാണ് ഇപ്പോള്‍ നാട്ടുകാരുടെ അഭിപ്രായം. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ദുരന്തത്തിന്റെ കാരണം കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അതേസമയം, ഉപേക്ഷിക്കപ്പെട്ട ഉപകരണമാണ് ദുരന്തത്തിന് കാരണമായതെന്ന വാദങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് മുന്‍ നാവിക ഉദ്യോഗസ്ഥനായ എം.എസ്. കോലി പ്രതികരിച്ചു.

പ്ലൂട്ടോണിയം ക്യാപ്‌സൂളുകള്‍ അടങ്ങിയ കണ്ടെയ്‌നര്‍ നശിച്ചിരിക്കാമെന്നും ഒരിക്കലും ആണവ ഉപകരണത്തിന് സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. നദിയിലും മറ്റും ആണവ മാലിന്യത്തിന് ഉപകരണം കാരണമായേക്കാം എന്നതു മാത്രമാണ് ഇതു കൊണ്ടുള്ള ഭീഷണിയെന്നും മറ്റു വാദങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ആണവ ഉപകരണമാണ് ദുരന്തത്തിന് കാരണമായതെന്ന വാദം നാട്ടുകാരനായ മോഹന്‍ സിങ്ങും തള്ളിക്കളഞ്ഞു.

' ഏതെങ്കിലും ഉപകരണം കാരണമാണ് മിന്നല്‍പ്രളയമുണ്ടായതെന്ന് ഞാന്‍ കരുതുന്നില്ല. ഈ കഥകളിലൊന്നും എനിക്ക് വിശ്വാസവുമില്ല. ഇതെല്ലാം വെറും കിംവദന്തികളാണ്. ദുരന്തമുണ്ടായാല്‍ ആരംഭിക്കുന്ന ഇത്തരം കിംവദന്തികള്‍ ഒരു കെട്ടുകഥയായി അവസാനിക്കുകയും ചെയ്യും'- അദ്ദേഹം പ്രതികരിച്ചു. 

Content Highlights: utharakhand glacier burst and flood villagers talk avout missing nuclear device 

Content Highlights: