ഇന്ത്യ-യുഎസ് വ്യാപാരക്കരാർ: പയർവർഗങ്ങൾക്ക് തീരുവ ഇളവില്ല; ഇന്ത്യ പറഞ്ഞു, തെറ്റ് തിരുത്തി യുഎസ്

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാരക്കരാറുമായി ബന്ധപ്പെട്ട വസ്തുതാ രേഖകളിൽ (ഫാക്ട് ഷീറ്റ്) ട്രംപ് ഭരണകൂടം നിർണ്ണായകമായ തിരുത്തലുകൾ വരുത്തി. പയർവർഗ്ഗങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന മുൻ അവകാശവാദം പിൻവലിച്ചതും 500 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളിൽ വരുത്തിയ മാറ്റവുമാണ് ഇതിൽ പ്രധാനം. പയർവർഗ്ഗങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഇറക്കുമതി തീരുവ ഇളവ് നൽകുമെന്ന് വൈറ്റ് ഹൗസ് ആദ്യം പുറത്തിറക്കിയ രേഖകളിൽ വ്യക്തമാക്കിയിരുന്നു. ധാരണയിലെത്തിയ ഇടക്കാല വ്യാപാര കരാറിൽ ഇക്കാര്യങ്ങൾ ഉൾപ്പെടില്ല എന്നത് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് പുതുക്കിയ രേഖകളിൽ നിന്ന് 'പയർവർഗ്ഗങ്ങൾ' എന്ന വാക്ക് പൂർണ്ണമായും നീക്കം ചെയ്തു.
ഇതോടെ കരാറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾക്ക് ശമനമായി. ലോകത്തിലെ ഏറ്റവും വലിയ പയർവർഗ്ഗ ഉല്പാദകരും ഉപഭോക്താക്കളുമാണ് ഇന്ത്യ. വിവിധ പരിപ്പുകൾ, കടല, ഉണങ്ങിയ ബീൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ, ഈ വിഭാഗങ്ങളിൽ അമേരിക്കൻ ഇറക്കുമതിക്ക് ഇന്ത്യ കടുത്ത നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. യുഎസ് വസ്തുതാവിവരത്തിലെ മാറ്റം, ഈ കാര്യത്തിൽ ഇന്ത്യയുടെ വാദങ്ങൾ വിജയിച്ചതായി സൂചിപ്പിക്കുന്നു.
വ്യാപാര ഇടപാടിലെ വാക്കുകളിൽ യുഎസ് ഭരണകൂടം കൂടുതൽ അയവ് വരുത്തിയിട്ടുണ്ട്. 500 ബില്യൺ ഡോളറിന്റെ അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് എന്നതിന് പകരം ഉദ്ദേശിക്കുന്നു എന്നാണ് പുതിയ രേഖകളിൽ പറയുന്നത്. കൂടാതെ, വാങ്ങാൻ ഉദ്ദേശിക്കുന്ന ഉൽപ്പന്നങ്ങളുടെ പട്ടികയിൽ നിന്ന് കാർഷിക ഉൽപ്പന്നങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ഊർജ്ജം, വിവരസാങ്കേതികവിദ്യ, കൽക്കരി തുടങ്ങിയ മേഖലകളിലെ ഇടപാടുകൾ തുടരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ കാർഷിക മേഖല ജിഡിപിയുടെ അഞ്ചിലൊന്ന് ഭാഗം വഹിക്കുന്നുണ്ട്. 2035-ഓടെ 1.4 ട്രില്യൺ ഡോളറായി വളരാൻ ശേഷിയുള്ള ഈ മേഖലയിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ വിലയിലുള്ള ഇറക്കുമതി അനുവദിക്കുന്നത് ആഭ്യന്തര വിപണിയെ തകർക്കുമെന്ന് ഇന്ത്യ ഭയപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് കാർഷിക രംഗം പൂർണ്ണമായി തുറന്നുകൊടുക്കാൻ ഇന്ത്യ തയ്യാറാകാത്തത്.
ഡിജിറ്റൽ സേവന നികുതിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാടിലും അമേരിക്ക വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. ഇന്ത്യ ഡിജിറ്റൽ സേവന നികുതി നീക്കം ചെയ്യുമെന്നായിരുന്നു ആദ്യത്തെ പ്രസ്താവനയെങ്കിൽ, വിവേചനരഹിതമായ ഡിജിറ്റൽ വ്യാപാര നിയമങ്ങൾക്കായി ഉഭയകക്ഷി ചർച്ചകൾ നടത്താൻ ഇന്ത്യ സമ്മതിച്ചു എന്നാണ് തിരുത്തിയ ഫാക്ട്ഷീറ്റിലുള്ളത്. ഇത് ഇന്ത്യയുടെ സാമ്പത്തിക പരമാധികാരം സംരക്ഷിക്കുന്നതിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പാണ്.
Content Highlights: US White House factsheet on India trade deal revised. Key changes include removal of tariff reduction on pulses & altered wording on $500bn purchase commitment.