തെറ്റുപറ്റി; നിത്യാനന്ദയുടെ കൈലാസവുമായുള്ള കരാര്‍ റദ്ദാക്കി യു.എസ് നഗരമായ നെവാര്‍ക്ക്

ന്യൂജേഴ്‌സി: വിവാദ ആള്‍ദൈവം നിത്യാന്ദയുമായുള്ള കരാര്‍ റദ്ദാക്കി യു.എസ് നഗരമായ നെവാര്‍ക്ക്. നിത്യാനന്ദ സ്വയം പ്രഖ്യാപിച്ച രാജ്യമായ 'യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ'യുമായുള്ള സഹോദര നഗര കരാര്‍ റദ്ദാക്കിയതായാണ് നെവാര്‍ക്ക് പ്രതിനിധികള്‍ അറിയിച്ചത്.
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയുടെ യോഗത്തില്‍ നിത്യാനന്ദയുടെ പ്രതിനിധി പങ്കെടുത്തത് വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. നിത്യാന്ദയുടെ പ്രതിനിധി മാ വിജയപ്രിയ നിത്യാനന്ദ എന്ന വനിതയാണ് ഐക്യരാഷ്ട്ര സഭയുടെ യോഗത്തില്‍ പങ്കെടുത്തത്. കൈലാസ രാജ്യസ്ഥാപകനായ നിത്യാനന്ദയെ മാതൃരാജ്യമായ ഇന്ത്യ വേട്ടയാടുന്നുന്നതായി മാ വിജയപ്രിയ യോഗത്തില്‍ ആരോപിച്ചു. നിത്യാനന്ദ ഹിന്ദുമതത്തിലെ പരമാചാര്യനാണെന്നും അദ്ദേഹത്തെ ഇന്ത്യ പീഡിപ്പിക്കുന്നുവെന്നുമായിരുന്നു മാ വിജയപ്രിയ നിത്യാനന്ദയുടെ ആരോപണം.
അതേസമയം പൊതുജനങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും പങ്കെടുക്കാവുന്ന പൊതുപരിപാടിയിലാണ് ഇവര്‍ പങ്കെടുത്തതെന്നും വിജയപ്രിയ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അപ്രസക്തമാണെന്നും യു.എന്‍. വക്താവ് വിശദീകരിച്ചു. യോഗത്തില്‍ ലഘുലേഖകള്‍ വിതരണംചെയ്യാനുള്ള പ്രതിനിധിയുടെ ശ്രമം തടഞ്ഞിരുന്നുവെന്നും യു.എന്‍ വക്താവ് അറിയിച്ചു.
ഈ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നെവാര്‍ക്കിന്റെ തീരുമാനം. 'കൈലാസയുടെ സാഹചര്യങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കി. യോഗത്തില്‍ നടന്ന സംഭവവികാസങ്ങള്‍ അടിസ്ഥാനരഹിതവും നിരര്‍ഥവുമായിരുന്നു. നടന്നത് തീര്‍ത്തും ഖേദകരമാണ്. കൈലാസയുമായുള്ള സഹോദര നഗര കരാര്‍ ഞങ്ങള്‍ റദ്ദാക്കുകയാണ്.' നെവാര്‍ക്ക് പ്രതിനിധി സൂസന്‍ ഗാരോഫാലോ വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി 12-നായിരുന്നു സാങ്കല്‍പ്പിക രാജ്യമായ കൈലാസുമായി നെവാര്‍ക്ക് കരാര്‍ ഒപ്പിടുന്നത്. പോക്സോ അടക്കമുള്ള കേസുകളില്‍ പ്രതിയായ നിത്യാനന്ദ 2019 മുതല്‍ പിടികിട്ടാപ്പുള്ളിയാണ്
Content Highlights: newark, nithyananda, kailasa, ma vijayapriya, un meeting, controversy