'വോട്ടുചെയ്യുമോ എന്ന് ഒരു മൗലവിയോട് ചോദിച്ചപ്പോള് ഇല്ലെന്ന്'; മുസ്ലിങ്ങളുടെ വോട്ട് വേണ്ടെന്ന് കേന്ദ്രമന്ത്രി

ബെഗുസാരായി(ബിഹാര്): മുസ്ലിം സമുദായത്തിനെതിരേ പൊതുറാലിയില് വിവാദ പരാമര്ശവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്. എല്ലാ കേന്ദ്രപദ്ധതികളുടെയും ആനുകൂല്യങ്ങള് മുസ്ലിങ്ങള് സ്വീകരിക്കുന്നു. പക്ഷേ, നമുക്ക് വോട്ടുചെയ്യുന്നില്ല. അത്തരക്കാര് വഞ്ചകരാണ്. അവരുടെ വോട്ടുവേണ്ടാ. അവര് അഞ്ചുകിലോ റേഷന് വാങ്ങുന്നില്ലേ? ഹിന്ദുക്കള്ക്കും മുസ്ലിങ്ങള്ക്കും പ്രധാനമന്ത്രി ആവാസ് ലഭിച്ചില്ലേ? എന്നിട്ടും മുസ്ലിം സമുദായം ബിജെപിക്ക് വോട്ടുചെയ്യുന്നില്ലെന്നും ഗിരിരാജ് സിങ് ആരോപിച്ചു.
''നിങ്ങള്ക്ക് ആയുഷ്മാന് ഭാരത് ഹെല്ത് കാര്ഡ് ഉണ്ടോ എന്ന് ഞാന് ഒരു മൗലവിയോട് ചോദിച്ചു. അയാള് ഉണ്ടെന്ന് പറഞ്ഞു. എനിക്ക് വോട്ടുചെയ്യുമോ എന്ന് ചോദിച്ചപ്പോള് ഇല്ലെന്നാണ് പറഞ്ഞത്. വഞ്ചകരുടെ വോട്ട് എനിക്ക് വേണ്ടെന്ന് മൗലവിയോട് പറഞ്ഞു'' - ഇതായിരുന്നു ഗിരിരാജ് സിങ്ങിന്റെ വിവാദമായ വാക്കുകള്.
നേരത്തെ തന്നെ മുസ്ലിം വിരുദ്ധ പ്രസ്താവനകള്ക്ക് കുപ്രസിദ്ധനാണ് ഗിരിരാജ് സിങ്. വിഭജനത്തിനുശേഷം മുസ്ലിങ്ങളെ ഇന്ത്യയില് ജീവിക്കാന് അനുവദിച്ചത് തെറ്റായിപ്പോയെന്നും അത് രാജ്യത്തിന്റെ ദൗര്ഭാഗ്യമായെന്നും പറഞ്ഞ് ഇദ്ദേഹം നേരത്തേ വിവാദത്തില്പ്പെട്ടിരുന്നു.
ബിജെപി നേതാക്കള്ക്ക് ഹിന്ദു-മുസ്ലിം എന്നല്ലാതെ തൊഴിലില്ലായ്മ, വിലക്കയറ്റം, മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് സംസാരിക്കാന് സാധിക്കുന്നില്ലെന്ന് ആര്ജെഡി സംസ്ഥാന വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു. ആരെങ്കിലും നിങ്ങള്ക്ക് വോട്ടുചെയ്തില്ലെങ്കില് അവരെല്ലാം വഞ്ചകരാണോയെന്ന് ശിവസേനാനേതാവ് സഞ്ജയ് റാവുത്ത് ചോദിച്ചു.
Content Highlights: Union Minister Giriraj Singh criticized the Muslim community at a rally, calling them `traitors` for not voting for BJP despite availing government schemes.