പള്ളി പൊളിച്ചെന്ന് എഐ വീഡിയോ, ഉജ്ജയ്നിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത് വ്യാജ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ; പോലീസ് അന്വേഷണം

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത് വ്യാജ ദൃശ്യം പ്രചരിച്ചതിന് പിന്നാലെയെന്ന് പോലീസ്. സിംഹസ്ഥ കുംഭമേളയുടെ ഭാഗമായി റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം അധികൃതർ പൊളിച്ചു നീക്കിയിരുന്നു. എന്നാൽ, പള്ളി കമ്മിറ്റിയുടെയും ഭാരവാഹികളുടെയും പൂർണ്ണ അറിവോടും സമ്മതത്തോടും കൂടിയാണ് ഈ നടപടി നടന്നതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ഷാഹി മസ്ജിദ് പൂർണ്ണമായും പൊളിച്ചു നീക്കി എന്ന രീതിയിലുള്ള വ്യാജ എഐ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെടുകയായിരുന്നു. ഈ വ്യാജദൃശ്യങ്ങൾ കണ്ട് തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഭാഗം ആളുകൾ ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധവുമായി സംഭവസ്ഥലത്തേക്ക് ഇരച്ചെത്തുകയായിരുന്നു. തുടർന്ന് പോലീസിന് നേരെ കല്ലേറുണ്ടാവുകയും കാര്യങ്ങൾ വലിയ സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്തു.
പ്രതിഷേധക്കാരെ പ്രതിരോധിക്കാൻ പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയുണ്ടായി. സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് ഡ്രോണുകൾ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംഘർഷത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വ്യാജ എഐ ദൃശ്യങ്ങൾ നിർമ്മിച്ച ഉറവിടവും ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച അക്കൗണ്ടുകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.