‘എനിക്കെതിരേ കേരളത്തിൽ കേസുണ്ടോ?’; പോലീസ് മേധാവിക്ക് അപേക്ഷ നൽകി ഉദയനിധി സ്റ്റാലിൻ

തിരുവനന്തപുരം: കേരളത്തിൽ തനിക്കെതിരേ കേസുകൾ എന്തെങ്കിലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ പോലീസിന് അപേക്ഷ നൽകി ഡിഎംകെ നേതാവും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനാണ് ഉദയനിധിയുടെ അപേക്ഷ ലഭിച്ചത്.
സാധാരണയായി തിരഞ്ഞെടുപ്പുകാലത്ത് നേതാക്കന്മാർ തങ്ങളുടെ പേരിലെ കേസ് വിവരങ്ങൾ ആരായാറുണ്ടെങ്കിലും അയൽസംസ്ഥാനത്തുനിന്ന് ഇത്തരമൊരു അപേക്ഷ എത്തിയത് ആദ്യമായാണെന്നാണ് സൂചന. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുന്നതിന് മുന്നോടിയായാണ് ഉദയനിധി, കേരളാ പോലീസിൽനിന്ന് കേസ് വിവരങ്ങൾ ആരാഞ്ഞിരിക്കുന്നത്. നിലവിൽ ഉദയനിധിയ്‌ക്കെതിരേ കേരളത്തിൽ കേസുകളൊന്നുമില്ല. ഇക്കാര്യം വ്യക്തമാക്കി പോലീസ് മറുപടി നൽകും.
മുൻപ് സനാതന ധർമവുമായി ബന്ധപ്പെട്ട് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. ആ വിധത്തിലുള്ള കേസുകൾ കേരളത്തിലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയാനാണ് അപേക്ഷ അയച്ചതെന്നാണ് കരുതുന്നത്.
Content Highlights: Udhayanidhi Stalin officially requested his criminal case status from the Kerala State Police Chief., The inquiry is likely related to legal clearances for upcoming Tamil Nadu assembly election nominations., Initial reports confirm no criminal cases are currently registered against him in Kerala., Follows previous nationwide legal controversies regarding his remarks on Sanatana Dharma.