സഖ്യം വിട്ടെങ്കിലും നിലപാടിൽ മാറ്റമില്ല; മണ്ഡല പുനഃനിർണയ ബില്ലിനെ എന്നും എതിർക്കുമെന്ന് ഉദയനിധി

#ന്യൂസ് ഡെസ്ക്
ഉദയനിധി സ്റ്റാലിൻ | ഫോട്ടോ: www.facebook.com/UdhayStalin
ഉദയനിധി സ്റ്റാലിൻ | ഫോട്ടോ: www.facebook.com/UdhayStalin

ചെന്നൈ: കേന്ദ്രസർക്കാർ വീണ്ടും കൊണ്ടുവരാൻ ഒരുങ്ങുന്ന മണ്ഡല പുനർനിർണ്ണയ ബില്ലിനോടുള്ള നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ. ബില്ലിന്റെ കാര്യത്തിൽ ഡിഎംകെ നിലപാട് മയപ്പെടുത്തിയെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഉദയനിധി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മണ്ഡല പുനർനിർണ്ണയത്തെ ഡിഎംകെ തുടക്കം മുതൽ എതിർത്തിരുന്നെന്നും ആ നിലപാടിൽ മാറ്റമില്ലെന്നും ഉദയനിധി സ്റ്റാലിൻ അറിയിച്ചു. ബില്ലിനെതിരെ ഭാവിയിലും പോരാട്ടം തുടരുമെന്നും അദ്ദേഹം ഇന്ത്യാ ടുഡേയോട് വ്യക്തമാക്കി. ദേശീയ തലത്തിൽ ഡിഎംകെ ഇന്ത്യ സഖ്യം വിട്ടിരുന്നു. ഇതിന് പിന്നാലെ ബില്ലിൽ നിലപാട് മയപ്പെടുത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വന്നിരുന്നു. ഇതിനെയെല്ലാം നിഷേധിക്കുകയാണ് ഉദയനിധി ചെയ്തിരിക്കുന്നത്.

2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലങ്ങൾ പുനർനിർണ്ണയിക്കാനാണ് ബില്ലിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇത് നടപ്പിലായാൽ നിലവിലെ 543 ലോക്‌സഭാ സീറ്റുകൾ 850 ആയി ഉയരും. എന്നാൽ 2011 ന് പകരം അടുത്ത 25 വർഷത്തേക്ക് 1971ലെ സെൻസസ് വിവരങ്ങൾ തന്നെ ഉപയോഗിക്കണമെന്നാണ് ഡിഎംകെ ആവശ്യപ്പെട്ടിരുന്നത്. മാത്രമല്ല മണ്ഡലപുനർനിർണയത്തിന് എല്ലാ സംസ്ഥാനങ്ങൾക്കും ലോക്‌സഭാ സീറ്റുകളിൽ 50 ശതമാനം വർദ്ധനവ് വേണമെന്നതാണ് പാർട്ടിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. കൂടാതെ, പുനർനിർണ്ണയത്തിന് ശേഷം ഓരോ സംസ്ഥാനത്തിനും എത്ര സീറ്റുകൾ ലഭിക്കുമെന്ന പട്ടിക ബില്ലിൽ ഉൾപ്പെടുത്തണമെന്നും ഡിഎംകെ ആവശ്യപ്പെടുന്നു.

വിഷയത്തിൽ ചർച്ച നടത്തുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിച്ചുചേർത്തു. ലോക്‌സഭയിലെയും രാജ്യസഭയിലെയും എല്ലാ പാർട്ടികളിൽ നിന്നുമുള്ള എംപിമാർ ഈ യോഗത്തിൽ പങ്കുചേരും. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ എംപിമാരുള്ള പാർട്ടിയെന്ന നിലയിൽ, മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഡിഎംകെയുടെ നിലപാട് നിർണ്ണായകമാകും. കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് ഒറ്റക്കെട്ടായി നിൽക്കണമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആഹ്വാനം. ഈ സാഹചര്യത്തിൽ ഉദയനിധിയുടെ പ്രസ്താവന നിർണായകമാകുകയാണ്.

Content Highlights: DMK maintains strong opposition to the central government's Delimitation Bill., Udhayanidhi Stalin dismisses rumors of a softened stance on the 2026 bill., Demand for using 1971 census data instead of 2011 to protect state interests., Chief Minister Vijay calls all-party meeting to discuss the legislative strategy., Potential increase of Lok Sabha seats to 850 remains a point of contention.