തൃഷയ്‌ക്കെതിരായ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
ഉദയനിധി സ്റ്റാലിന്‍ | Phtoto: Mathrubhumi
ഉദയനിധി സ്റ്റാലിന്‍ | Phtoto: Mathrubhumi

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചെന്നൈയിലെ വസതിയിൽ നിന്ന് ഇന്ന് രാവിലെയാണ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തഞ്ചാവൂരിൽ കാവേരി നദീജല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ഉദയനിധി വിവാദ പരാമർശം നടത്തിയത്. വിഷയത്തിൽ പരാതികളെ തുടർന്ന് തഞ്ചാവുർ പോലീസ് കേസെടുക്കുകയും രാവിലെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടാകുമെന്ന് കണ്ട് മുൻകൂർ ജാമ്യത്തിന് ശ്രമിക്കവേയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം ഉദയനിധിയെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ജാമ്യത്തിൽ വിട്ടയയ്ക്കുമെന്ന് സംസ്ഥാന സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. കേസിൽ ഉദയനിധിയെ ഇന്നുതന്നെ വിട്ടയയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് തമിഴ്‌നാട് സർക്കാർ നിലപാട് അറിയിച്ചത്. ഉദയനിധി ജാമ്യം തേടി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തിമിഴ്‌നാട് അഡ്വക്കേറ്റ് ജനറൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ഉദയനിധിയെ റിമാൻഡ് ചെയ്യേണ്ട കാര്യമില്ലെന്നും എജി കോടതിയെ ധരിപ്പിച്ചു.

ഉദയനിധിയെ കസ്റ്റഡിയിലെടുക്കുന്നത് തടയാൻ ഡിഎംകെ പ്രവർത്തകർ സംഘടിച്ചിരുന്നെങ്കിലും പോലീസ് അദ്ദേഹത്തെ ഏറെ പണിപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തെ തുടർന്ന് ഡിഎംകെ ആസ്ഥാനത്ത് എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരുന്നുണ്ട്. സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർത്താനാണ് ഡിഎംകെയുടെ തീരുമാനമെന്നാണ് വിവരം. പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള നീക്കമാണ് ടിവികെ സർക്കാർ നടത്തുന്നതെന്ന് ഡിഎംകെ ഉദയനിധിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആരോപിച്ചിരുന്നു. വരുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നത് തടയാനാണ് ഉദയനിധിയെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുന്നതെന്നാണ് ഡിഎംകെ പറയുന്നത്.

Content Highlights: Udhayanidhi Stalin arrested from his Chennai residence., Case filed following controversial remarks against actress Trisha., Protests erupted as DMK workers clashed with police during the arrest., MK Stalin convenes emergency meeting at DMK headquarters., DMK alleges political vendetta to prevent Udhayanidhi from attending the legislative assembly.