2029-ൽ മാജിക് സംഭവിക്കും, രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും- ടി.വി.കെ

#ന്യൂസ് ഡെസ്ക്
സി. ജോസഫ് വിജയ് രാഹുൽ ഗാന്ധിക്കൊപ്പം | Photo: ANI
സി. ജോസഫ് വിജയ് രാഹുൽ ഗാന്ധിക്കൊപ്പം | Photo: ANI

ചെന്നൈ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായ ജോസഫ് വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കി മുന്നിൽ നിർത്തുമെന്ന് ആവർത്തിച്ച് ടി.വി.കെ. 2029 തിരഞ്ഞെടുപ്പിൽ ടി.വി.കെ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന കോൺഗ്രസ് വാദത്തിനിടെയാണ് വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കി കാണിച്ചുകൊണ്ടുള്ള ടിവികെ എംഎഎൽഎ കനിമൊഴിയുടെ പ്രസ്താവന.

'2029ൽ വിജയ് പ്രധാനമന്ത്രി സ്ഥാനാർഥിയാവും. രാഹുൽ ഗാന്ധിയാണ് വിജയിയെ തമിഴ്നാട് മുഖ്യമന്ത്രിയാക്കാൻ സഹായിച്ചത്. അതുപോലെ 2029-ൽ അദ്ദേഹം വിജയ്യുടെ കൈപിടിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും. രാജ്യത്തിന്റെ പ്രധാനമന്ത്രി ആരാകണമെന്ന് 'ഡൽഹിയല്ല, തമിഴ്നാടാണ് തീരുമാനിക്കുക', 2029ൽ അത്ഭുതം സംഭവിക്കുമെന്നും രാഹുൽ ഗാന്ധി തന്നെ വിജയിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കുമെന്നും കനിമൊഴി പറഞ്ഞു.

അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയെച്ചൊല്ലി തമിഴ്നാട്ടിലെ ഭരണസഖ്യ കക്ഷികളായ കോൺഗ്രസും ടി.വി.കെയും തമ്മിലുള്ള ഭിന്നത പരസ്യമായ പശ്ചാത്തലത്തിലാണ് കനിമൊഴിയുടെ ഈ പരാമർശം. 2029-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ടി.വി.കെ പിന്തുണച്ചില്ലെങ്കിൽ സംസ്ഥാന മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാർ രാജിവെക്കുമെന്ന് തമിഴ്നാട് ടൂറിസം മന്ത്രിയും കോൺഗ്രസ് നേതാവുമായ എസ്. രാജേഷ് കുമാർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. രാഹുൽ ഗാന്ധി തന്നെയായിരിക്കും 2029-ൽ പ്രധാനമന്ത്രിയാവുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സമീപകാലത്ത് പുറത്തുവന്ന 'ഇന്ത്യാ ടുഡേ - സി വോട്ടർ'സർവേ ഫലങ്ങളാണ് നിലവിലെ പ്രധാനമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിലേക്കെത്തിച്ചത്. രാജ്യത്ത് അടുത്ത പ്രധാനമന്ത്രിയായി ജനങ്ങൾ ആഗ്രഹിക്കുന്ന നേതാക്കളുടെ പട്ടികയിൽ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്ത് വിജയ് ഇടംപിടിച്ചിരുന്നു. സർവേ അനുസരിച്ച് നരേന്ദ്ര മോദിക്ക് 48.7 ശതമാനം പിന്തുണയും രാഹുൽ ഗാന്ധിക്ക് 27.1 ശതമാനം പിന്തുണയും ലഭിച്ചപ്പോൾ വിജയ്ക്ക് 9.2 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.

പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ നേതാവ് ആരെന്ന ചോദ്യത്തിന് രാഹുൽ ഗാന്ധിക്ക് (29%) പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയത് വിജയ് (12.2%) ആയിരുന്നു. സർവേ ഫലം പുറത്തുവന്നതിന് പിന്നാലെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ വിജയ്യെ 'ഇന്നത്തെ മുഖ്യമന്ത്രി, നാളത്തെ പ്രധാനമന്ത്രി' എന്ന് വിശേഷിപ്പിച്ച് ടി.വി.കെ പ്രവർത്തകർ വ്യാപകമായി പോസ്റ്ററുകൾ പതിച്ചു.

എന്നാൽ ഇതിനെതിരേ പ്രാദേശിക കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ 234-ൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടി.വി.കെ, കോൺഗ്രസ് ഉൾപ്പെടുന്ന സഖ്യവുമായി ചേർന്നാണ് സംസ്ഥാനം ഭരിക്കുന്നത്. തമിഴ്നാടിന് പുറത്തേക്ക് വലിയ സ്വാധീനമില്ലാത്ത വിജയിയെ ദേശീയതലത്തിലേക്ക് ഉയർത്തിക്കാട്ടുന്നതിനെതിരെ കോൺഗ്രസും പ്രതിപക്ഷ സഖ്യത്തിലെ മറ്റ് കക്ഷികളും രംഗത്തുണ്ട്.

Content Highlights: TVK MLA Kanimozhi stated that Rahul Gandhi will help make Vijay the Prime Minister in 2029., Tensions rise between Congress and TVK over the 2029 Prime Ministerial candidate., India Today - C-Voter survey ranked Vijay third in popular support for PM and second to lead the INDIA bloc.