'എന്തിനാണ് ജ്യോതിഷിയെ സർക്കാർ ഉദ്യോഗസ്ഥനാക്കിയത്?'; വിജയ്ക്കെതിരേ പ്രേമലത വിജയകാന്ത്

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ 144 അംഗങ്ങളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ വിശ്വാസവോട്ട് നേടിയത്. എഐഎഡിഎംകെ വിമതരുടേതടക്കം പിന്തുണ വിജയ്ക്ക് ലഭിച്ചു. വോട്ടെടുപ്പിന് മുൻപായി വിജയ്‌യെ വിമർശിച്ച് ഡിഎംഡികെയുടെ നേതാവ് പ്രേമലത വിജയകാന്ത് രംഗത്തെത്തി. ടി.വി.കെ. അധികാരത്തിൽ വരുമെന്ന് പ്രവചിച്ച ജ്യോത്സ്യൻ രാധൻ പണ്ഡിറ്റ് വെട്രിവേലിന് സർക്കാർനിയമനം നൽകിയ വിജയ്‌യുടെ നടപടിയിലാണ് വിമർശനം.
"ഈ നിയമനത്തിലൂടെ നിങ്ങൾ എന്ത് സന്ദേശമാണ് നൽകുന്നത്? അദ്ദേഹം നിങ്ങളുടെ ജ്യോതിഷിയാണെങ്കിൽ, അദ്ദേഹത്തെ നിങ്ങളുടെ വ്യക്തിജീവിതത്തിൽ നിലനിർത്തുക"- പ്രേമലത വിജയകാന്ത് പറഞ്ഞു. അതേസമയം മദ്യശാലകൾ അടയ്ക്കുകയും സ്ത്രീ സുരക്ഷയ്ക്കായി ടാസ്ക് ഫോഴ്സ് പ്രഖ്യാപിക്കുകയും ചെയ്ത നടപടികളെ അവർ സ്വാഗതം ചെയ്തു. ഡിഎംകെ സഖ്യകക്ഷികളായ എംജികെ, കെഎംഡികെ എന്നിവരും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി ജ്യോത്സ്യൻ രാധൻ പണ്ഡിറ്റിനെ നിയമിച്ചത് എതിർത്തു.
എന്നാൽ ജ്യോതിഷിയെ ഉപദേഷ്ടാവായി നിയമിക്കുന്നത് വിജയ്‌യുടെ ഇഷ്ടമാണെന്നാണ് ബിജെപി നേതാവ് വിനോദ് സെൽവം പ്രതികരിച്ചത്. "ഒരു നടന് മുഖ്യമന്ത്രിയാകാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് ഒരു ജ്യോതിഷിക്ക് ഉപദേഷ്ടാവാകാൻ കഴിയില്ല? - അദ്ദേഹം ചോദിച്ചു.
അതേസമയം വിഷയത്തിൽ കടുത്ത വിമർശനമാണ് സഖ്യകക്ഷികളടക്കം ഉയർത്തിയത്. സി.പി.എം, കോൺഗ്രസ്, വി.സി.കെ. ഉൾപ്പെടെ ടി.വി.കെ. സർക്കാരിന് പിന്തുണനൽകുന്ന പാർട്ടികളിൽനിന്നു തന്നെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. യുക്തിസഹമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അതിനു വിരുദ്ധമാണ് ഈ തീരുമാനമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം പറഞ്ഞു. ജ്യോത്സ്യനായ ഒരാളെ സർക്കാർ ചെലവിൽ ഉദ്യോഗസ്ഥനാക്കുന്നത് തെറ്റായനടപടിയാണ്. ഇത് ജനങ്ങളിൽ ജ്യോതിഷത്തോടുള്ള വിശ്വാസം വർധിപ്പിക്കാനേ ഉതകൂ. അദ്ദേഹം വിജയ്ക്ക് രാഷ്ട്രീയ ഉപദേശം നൽകുന്നതും സ്വീകാര്യമല്ലെന്നും ഷൺമുഖം നേരത്തേ വിമർശിച്ചിരുന്നു.
എന്തിനാണ് ഒരു ജ്യോത്സ്യന് സർക്കാർ നിയമനം നൽകുന്നതെന്ന് ആർക്കെങ്കിലും വിശദമാക്കാനാകുമോ എന്ന് പരിഹസിച്ചാണ് കോൺഗ്രസ് എം.പി. ശശികാന്ത് എക്സിലൂടെ പ്രതിഷേധം അറിയിച്ചത്. ഭരണകക്ഷിയായ ടി.വി.കെ. ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്ര അടിത്തറയെ ഈ നിയമനം ദുർബലമാക്കുമെന്ന് കോൺഗ്രസ് എം.പി. ജ്യോതിമണി പറഞ്ഞു.
'പെരിയാറിന്റെ പ്രത്യയശാസ്ത്രം പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്ന വിജയ് അധികാരമേറ്റ ഉടൻതന്നെ ഇത്തരം വിവാദങ്ങളിൽ അകപ്പെടുന്നത് ഒഴിവാക്കുന്നതാണ് ബുദ്ധിയെന്നും അവർ അഭിപ്രായപ്പെട്ടു. ഒരു മതേതര സർക്കാരിൽ ഇത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വിജയ് ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും വി.സി.കെ. ജനറൽ സെക്രട്ടറി ഡി. രവികുമാർ പ്രതികരിച്ചു.
Content Highlights: TVK government secured a trust vote with 144 members in the Tamil Nadu Assembly., Controversy erupted over CM Vijay's appointment of astrologer Radhan Pandit as an advisor