തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയ നീക്കം: AIADMK എംഎൽഎമാരുമായി വിജയ് ചർച്ചയിൽ, അടുക്കാതെ ഇപിഎസ്

#ന്യൂസ് ഡെസ്ക്
ചെന്നൈയില്‍ ടിവികെ നേതാവ് വിജയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ചിരിക്കുന്ന പോസ്റ്റര്‍
| PTI
ചെന്നൈയില്‍ ടിവികെ നേതാവ് വിജയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ചിരിക്കുന്ന പോസ്റ്റര്‍ | PTI

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. അധികാരം പങ്കുവെക്കുന്നത് സംബന്ധിച്ച് എഐഎഡിഎംകെയിലെ ഒരു വിഭാഗം എംഎൽഎമാരുമായി ടിവികെ ചർച്ചകൾ നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനിടെ, 28 എഐഎഡിഎംകെ എംഎൽഎമാരെ പുതുച്ചേരിയിലെ സ്വകാര്യ റിസോർട്ടിലേക്ക് മാറ്റിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

എഐഎഡിഎംകെ മുതിർന്ന നേതാവ് സി.വി. ഷൺമുഖത്തെ പിന്തുണയ്ക്കുന്ന 28 എംഎൽഎമാരെയാണ് പുതുച്ചേരി പൂർണാംകുപ്പത്തെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുന്നത്. വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണത്തിന് പിന്തുണ നൽകുന്ന കാര്യം ഇവർ പരിഗണിക്കുന്നതായാണ് സൂചന.

എഐഎഡിഎംകെയിലെ വിമത വിഭാഗത്തെ കൂടെ നിർത്താൻ വിട്ടുവീഴ്ചാ ഫോർമുലകൾ ടിവികെ മുന്നോട്ട് വെച്ചതായാണ് വിവരം. സി.വി. ഷൺമുഖത്തിന് ഉപമുഖ്യമന്ത്രി പദവും പ്രധാനപ്പെട്ട മന്ത്രിസ്ഥാനങ്ങളും നൽകാമെന്ന വാഗ്ദാനം ചർച്ചകളിൽ ഉയർന്നു വന്നിട്ടുണ്ട്. മുൻ തമിഴ്‌നാട് മന്ത്രിയും ടിവികെ സ്ഥാനാർത്ഥിയുമായ കെ.എ. സെങ്കോട്ടയ്യനാണ് ചർച്ചകൾക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. വിജയ്‌യെ പിന്തുണയ്ക്കുന്ന കാര്യത്തിൽ എഐഎഡിഎംകെയിൽ കടുത്ത ഭിന്നത നിലനിൽക്കുന്നുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ടിവികെയെ പിന്തുണയ്ക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോൾ, സി.വി. ഷൺമുഖം, ഒ.എസ്. മണിയൻ തുടങ്ങിയ നേതാക്കൾ സഖ്യത്തെ പിന്തുണയ്ക്കുന്നതായാണ് അറിയുന്നത്.

ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ രേഖകളില്ലാത്തതിനാൽ ഗവർണർ വിജയിനെ രണ്ടാമതും തിരിച്ചയച്ചിരുന്നു. നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെ, വിജയ്ക്ക് നിലവിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാരുടെ ഉൾപ്പെടെ 112 പേരുടെ പിന്തുണയാണ് ഉള്ളത്. 6 എംഎൽഎമാരുടെ കുറവ് നികത്താനാണ് ടിവികെ ഇപ്പോൾ എഐഎഡിഎംകെയിലെ അതൃപ്തരെ ലക്ഷ്യമിടുന്നത്.

അതേസമയം എഐഎഡിഎംകെ എംഎൽഎമാർക്ക് പുറമെ ചെറുകക്ഷികളായ സിപിഎം, സിപിഐ, വിസികെ എന്നിവരുടെ പിന്തുണയും ടിവികെ തേടിയിട്ടുണ്ട്. രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സാഹചര്യമുണ്ടായാൽ സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കുന്നതിനെ കുറിച്ച് ടിവികെ നിയമോപദേശം തേടിയിട്ടുണ്ട്. പ്രതിസന്ധി നീണ്ടുപോയാൽ സംസ്ഥാനത്ത് വീണ്ടും തിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്നും ചില കേന്ദ്രങ്ങൾ വിലയിരുത്തുന്നു. അതേസമയം വിജയിയുടെ പാർട്ടിക്ക് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിന് ഡിഎംകെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ മണിക്കൂറുകളാണ് വരാനിരിക്കുന്നത്.

Content Highlights: Vijay's TVK is actively seeking support from 28 AIADMK rebel MLAs to reach the 118-seat majority threshold., Proposed power-sharing includes the Deputy CM position for C.V. Shanmugam., TVK currently holds 112 seats and requires 5 additional votes to form the government., Internal rifts within AIADMK between EPS and the rebel faction are intensifying., Legal options and potential re-elections are being considered if the political stalemate continues.