ഡിഎംകെ നീക്കം തമിഴ്നാട്ടിൽ ബിജെപിയെ വളർത്താൻ; ഗവർണർ ആർലേക്കറുമായുള്ള കൂടിക്കാഴ്ചയെ വിമർശിച്ച് ടി.വി.കെ

ചെന്നൈ: ഡിഎംകെ പാർട്ടി തങ്ങളുടെ ആശയപരമായ നിലപാടുകൾ ഉപേക്ഷിച്ചെന്ന ആരോപണവുമായി ടിവികെ. മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈയുടെ 'ആടിന് താടികൊണ്ടും രാജ്യത്തിന് ഗവർണറെക്കൊണ്ടും എന്ത് പ്രയോജനമാണുള്ളത്?' എന്ന പ്രശസ്തമായ ചോദ്യം ഉദ്ധരിച്ചുകൊണ്ടാണ് ടിവികെയുടെ വിമർശനം. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ടിവികെയുടെ കടന്നാക്രമണം. ഡിഎംകെക്ക് ബിജെപിയോടുള്ള ചായ്വിന്റെ സൂചനയാണിതെന്നാണ് ടിവികെ ആരോപിക്കുന്നത്.
എക്സിലൂടെ പുറത്തുവിട്ട കുറിപ്പിലാണ് ടിവികെ ഐ.ടി സെൽ രൂക്ഷവിമർശനം ഉന്നയിച്ചത്. 'ആടിന് താടികൊണ്ടും സംസ്ഥാനത്തിന് ഗവർണറെക്കൊണ്ടും എന്ത് പ്രയോജനമെന്ന്' ചോദിച്ച മഹാപണ്ഡിതൻ അണ്ണായുടെ ഡിഎംകെയെ വിഴുങ്ങി ഒന്നിനും കൊള്ളാത്ത ഒരു കുടുംബപാർട്ടിയാക്കി മാറ്റി. ആശയപരമായ കരുത്തരാണെന്ന അവകാശവാദങ്ങൾ വെറും വീമ്പിളക്കലാണെന്ന് ഗവർണറുമായുള്ള കൂടിക്കാഴ്ചയിലൂടെ തെളിഞ്ഞുവെന്ന് ടി.വി.കെ എക്സിൽ കുറിച്ചു. അധികാരത്തിലിരുന്ന കാലമത്രയും ഗവർണറെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് വീമ്പിളക്കിയവർ ഇപ്പോൾ ഗവർണറുടെ കാലിൽ വീഴാനും അദ്ദേഹത്തെ 'പ്രതിസന്ധി ഘട്ടങ്ങളിലെ രക്ഷകൻ' എന്ന് വിളിക്കാനും തയ്യാറായിരിക്കുകയാണെന്നും ടിവികെ കുറിച്ചിട്ടുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെക്കുറിച്ച് ഡിഎംകെ മുഖപത്രമായ 'മുരശൊലി'യിൽ വന്ന റിപ്പോർട്ടും ടിവികെ ചൂണ്ടിക്കാട്ടി. ''കലൈഞ്ജർ അനുഗ്രഹിച്ച ചിഹ്നമായ താമര'യുടെ ചരിത്രം ആവർത്തിക്കാൻ പോവുകയാണ്. ഉദയനിധി ചീഫ് എക്സിക്യൂട്ടീവായ മുരശൊലിയിൽ ഏകദേശം 14 വർഷത്തിനുശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്റെ അഭിമുഖം വന്നത് അതിന്റെ സൂചനയാണ്. തമിഴ്നാട്ടിൽ ബിജെപിയെ വളർത്തിയെടുക്കാൻ ഡിഎംകെ മുൻകൈയെടുക്കാൻ പദ്ധതിയിടുകയാണ്. തമിഴ്നാട്ടിൽ ബിജെപിയെ വളർത്താൻ ഡിഎംകെ വീണ്ടും നേതൃത്വം നൽകാൻ പോവുകയാണ്. ഡിഎംകെ ഒരു ദുഷ്ടശക്തിയാണെന്ന് വീണ്ടും തെളിയിക്കുന്ന ഈ രാജവംശത്തിന് അഭിനന്ദനങ്ങൾ,' ടിവികെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Content Highlights: TVK accuses DMK of abandoning its ideological stance and becoming a family party., Criticism follows Udhayanidhi Stalin's meeting with Governor Rajendra Vishwanath Arleker., Murasoli publishing a report and interview featuring BJP state chief Nainar Nagendran is highlighted as a sign of DMK-BJP alliance., TVK claims DMK is helping BJP grow in Tamil Nadu.