കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങി ടിവികെ നേതാവ്, വിജയ് സർക്കാരിനെതിരെ ബിജെപി

#ന്യൂസ് ഡെസ്ക്
ബിജെപി നേതാവ് വിനോജ് പ സെല്‍വം എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്നുള്ള ദൃശ്യം
ബിജെപി നേതാവ് വിനോജ് പ സെല്‍വം എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്നുള്ള ദൃശ്യം

ചെന്നൈ: തമിഴ്നാട്ടിലെ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിലെ (ടിവികെ) മുതിർന്ന നേതാവിനെതിരെ അഴിമതി ആരോപണവുമായി ബിജെപി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് അഴിമതിക്കെതിരെ ശക്തമായ പോരാട്ടം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പാർട്ടി നേതാവിനെതിരെ അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്.

ടിവികെയുടെ തവാച്ച ഈസ്റ്റ് ഡിസ്ട്രിക്റ്റ് ജോയിന്റ് സെക്രട്ടറി വീര ഒരു സർക്കാർ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ ബിജെപി നേതാവ് വിനോജ് പി. സെൽവം പുറത്തുവിട്ടതോടെയാണ് അഴിമതി ആരോപണം ചൂടുപിടിച്ചത്. കരാറുകാരനിൽ നിന്ന് 1.30 ലക്ഷം രൂപയാണ് വീര കൈക്കൂലിയായി വാങ്ങിയതെന്നാണ് ആരോപണം. ശുദ്ധഭരണമെന്ന മുഖംമൂടി അണിഞ്ഞുവീണെന്നും നടക്കുന്നത് മോഷണമാണെന്നും വീഡിയോ എക്‌സിലൂടെ പങ്കുവെച്ചുകൊണ്ട് വിനോജ് പി സെൽവം ആരോപിച്ചു.

കരൂരിൽ നടന്ന റാലിയിൽ അഴിമതിക്കെതിരെ വിജയ് നടത്തിയ പ്രസംഗം വൈറലായ സമയത്താണ് ഈ ആരോപണം ഉയരുന്നത്. അഴിമതിക്കാരെയും അധികാര ദുർവിനിയോഗം നടത്തുന്നവരെയും വെച്ചുപൊറുപ്പിക്കില്ലെന്ന് വിജയ് റാലിയിൽ വ്യക്തമാക്കിയിരുന്നു. ആരെങ്കിലും കൈക്കൂലി ചോദിച്ചാൽ കൊടുക്കില്ലെന്ന് നേരിട്ട് പറയണമെന്നും 'നമ്മുടെ മകൻ, നമ്മുടെ സഹോദരൻ, നമ്മുടെ വിജയ് ആണ് നാട് ഭരിക്കുന്നത്' എന്ന് ധൈര്യത്തോടെ പറയാനും വിജയ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

ബിജെപിക്ക് പുറമെ മുതിർന്ന ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവനും ടിവികെയ്ക്കെതിരെ രംഗത്തെത്തി. പാർട്ടിയിലെ അഭിഭാഷകരുടെ നിയമനത്തിനായി മുതിർന്ന നേതാക്കളും ജനറൽ സെക്രട്ടറിയും 1 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങി എന്നാരോപിച്ച് പാർട്ടിയിലെ തന്നെ ഒരു അഭിഭാഷകൻ കോടതിയെ സമീപിച്ചതായി ഇളങ്കോവൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വിജയ്‌യുടെ അഴിമതിവിരുദ്ധ പ്രതിച്ഛായയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നതാണ് ഉയരുന്ന ആരോപണങ്ങൾ. അധികാരത്തിലെത്തി രണ്ട് മാസമായപ്പോഴേക്കും അഴിമതി ആരോപണങ്ങളുയരുന്നത് വലിയ വെല്ലുവിളിയാണ്.

Content Highlights: BJP released video evidence of a TVK district leader accepting a bribe., CM Joseph Vijay recently vowed to fight corruption in his Karur rally speech., DMK leader TKS Elangovan highlighted legal petitions regarding bribes for party positions., These allegations emerge just two months into Joseph Vijay's tenure as Chief Minister.