ട്രംപ് പറഞ്ഞു, 'നരേന്ദ്രാ കീഴടങ്ങൂ', ഉടന്‍ മോദി അനുസരിച്ചു; പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: പാകിസ്താനെതിരായ വെടിനിര്‍ത്തലിന് ഇന്ത്യ തയ്യാറായത് അമേരിക്കയുടെ ഇടപെടല്‍മൂലമാണ് എന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ട്രംപ്, മോദിയെ വിളിച്ച് എല്ലാം നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നും മോദി അത് അക്ഷരംപ്രതി അനുസരിച്ചുവെന്നും രാഹുല്‍ ആരോപിച്ചു.
ഭോപ്പാലില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച 'സംഗതന്‍ ശ്രജന്‍ അഭിയാന്‍' പരിപാടിയുടെ ഭാഗമായി സംസാരിക്കവെയാണ് രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇത്തരം ഒരു ആരോപണം ഉന്നയിച്ചത്. 'ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ എനിക്കിപ്പോ നന്നായി അറിയാം. അവര്‍ക്കുമേല്‍ ചെറിയ സമ്മര്‍ദം ചെലുത്തിയാല്‍ മതി, ചെറുതായി ഒന്ന് ഉന്തിവിട്ടാല്‍ മതി.. ഭയംകൊണ്ട് അവര്‍ ഓടിയൊളിക്കും. അതിന് ഉദാഹരണമാണ് ട്രംപ് മോദിയെ ഫോണില്‍ വിളിച്ചത്,' രാഹുല്‍ പറഞ്ഞു.
'ട്രംപ് ഒരു ചെറിയ സൂചന നല്‍കി മോദിക്ക്. അദ്ദേഹം ഫോണ്‍ എടുത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയെ വിളിച്ചു, എന്നിട്ട് പറഞ്ഞു, 'മോദി ജീ, താങ്കള്‍ എന്താണ് ചെയ്യുന്നത്? നരേന്ദ്രാ, കീഴടങ്ങൂ.' മറുപടിയായി, 'ശരി സര്‍' എന്നുപറഞ്ഞ് നരേന്ദ്രമോദി ട്രംപ് നല്‍കിയ സൂചന അനുസരിച്ചു,' രാഹുല്‍ ഗാന്ധി പരിഹസിച്ചു. 1971-ലെ യുദ്ധത്തിന്റെ സമയത്ത് ഇന്ദിരാ ഗാന്ധി എടുത്ത തീരുമാനങ്ങളെ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പരിഹാസം.
'ഇത്തരം ഫോണ്‍കോളുകള്‍ ഇല്ലാതിരുന്ന ഒരു യുദ്ധകാലത്തെപ്പറ്റി നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവും. 1971-ലെ യുദ്ധത്തിന്റെ സമയത്ത്.. ആയുധങ്ങള്‍ വന്നു, വിമാനവാഹിനികള്‍ വന്നു. അപ്പോള്‍ ഇന്ദിരാ ഗാന്ധി പറഞ്ഞു, 'ഞാന്‍ എന്താണോ ചെയ്യേണ്ടത്, അത് ഞാന്‍ ചെയ്തിരിക്കും'. അതാണ് വ്യത്യാസം, അതാണ് വ്യക്തിത്വം. സ്വാതന്ത്ര്യസമരകാലം മുതലേ ബിജെപിക്കാര്‍ ഇങ്ങനെയാണ്, കീഴടങ്ങല്‍ കത്തുകള്‍ എഴുതലാണ് അവരുടെ രീതി,' രാഹുല്‍ പറഞ്ഞു.
മറിച്ച്.. ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍.. അവരൊന്നും കീഴടങ്ങുന്നവര്‍ ആയിരുന്നില്ല. അവരെല്ലാം ഇത്തരം ശക്തികള്‍ക്കുമുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ച് നിന്നവരായിരുന്നു,' രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിന് മറുപടിയുമായി ബിജെപി വക്താവ് തുഹിന്‍ സിന്‍ഹ രംഗത്തെത്തി. രാഹുല്‍ ഗാന്ധി, പാകിസ്താന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിനെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നും അത് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും തുഹിന്‍ സിന്‍ഹ പറഞ്ഞു.
Content Highlights: donald trump called modi and asked to surrender after operation sindoor says rahul gandhi