വിമത പക്ഷത്തേക്ക് കൂടുതൽ എംപിമാർ, പിളർപ്പ് പൂർണം, ലോക്‌സഭയിലും തൃണമൂൽ തകർന്നു

#ന്യൂസ് ഡെസ്ക്
മമതാ ബാനർജി, അഭിഷേക് ബാനർജി | Photo: PTI
മമതാ ബാനർജി, അഭിഷേക് ബാനർജി | Photo: PTI

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. തൃണമൂലിന്റെ കൂടുതൽ ലോക്‌സഭാ എംപിമാർ വിമത പക്ഷത്തേക്ക് പോകുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നേരത്തെ കാകോളി ഘോഷ് ദസ്തീദാറിന്റെ നേതൃത്വത്തിൽ 19 എംപിമാരാണ് വിമത നീക്കം നടത്തിയത്. ഇപ്പോൾ വിമത പക്ഷത്ത് 22 എംപിമാരായി എന്നാണ് വിവരം. തൃണമൂൽ കോൺഗ്രസിന് ലോക്‌സഭയിൽ ആകെ 28 എം.പിമാരാണുള്ളത്. ഇതിൽ 22 പേരും തങ്ങളോടൊപ്പമുണ്ടെന്ന് വിമത എം.പി കാകോളി ഘോഷ് ദസ്തീദാർ അവകാശപ്പെട്ടു. ഇത്രയും വലിയൊരു വിഭാഗം പാർട്ടി വിടുന്നത് കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാൻ ഇവർക്ക് സഹായകരമാകും.

തിങ്കളാഴ്ച സ്പീക്കറെ കണ്ട് സഭയിൽ പ്രത്യേക ബ്ലോക്കായി തങ്ങളെ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുമെന്ന് കാകോളി ഘോഷ് ദസ്തീദാർ അറിയിച്ചിട്ടുണ്ട്. ഇവർ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിമത എം.പിമാരായ സാവോണി ഘോഷ്, മാലാ റോയ്, ശതാബ്ദി റോയ്, അരൂപ് ചക്രവർത്തി എന്നിവർ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഭൂപേന്ദർ യാദവുമായി അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തി. ഇത് ബിജെപിയുമായുള്ള സഹകരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ നാലഞ്ച് വർഷമായി ബംഗാളിലെ സാഹചര്യങ്ങളിൽ അതൃപ്തിയുള്ളവരാണ് തങ്ങളെ ബന്ധപ്പെടുന്നതെന്ന് കാകോളി ഘോഷ് പറഞ്ഞു. പ്രതിസന്ധി രൂക്ഷമായതോടെ മമത ബാനർജി കൊൽക്കത്തയിൽ അടിയന്തര യോഗങ്ങൾ വിളിച്ചു ചേർത്തു. ഗൗതം ദേബ്, ചന്ദ്രിമ ഭട്ടാചാര്യ തുടങ്ങിയ മുതിർന്ന നേതാക്കൾ മമതയുടെ വസതിയിലെത്തി ചർച്ചകൾ നടത്തി. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ രൂപപ്പെട്ട ആഭ്യന്തര തർക്കങ്ങളാണ് ഇപ്പോൾ വലിയ പിളർപ്പിലേക്ക് നയിക്കുന്നതെന്നാണ് വിലയിരുത്തൽ. തൃണമൂൽ കോൺഗ്രസ് അടുത്ത കാലത്ത് നേരിടുന്ന ഏറ്റവും വലിയ പാർലമെന്ററി പ്രതിസന്ധിയാണിത്.

ലോക്‌സഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായിരുന്നു തൃണമൂൽ കോൺഗ്രസ്. 28 പേരിൽ 22 പേരും പ്രത്യേക ബ്ലോക്കായി മാറിയാൽ അവരെ ഔദ്യോഗിക കക്ഷിയായി സ്പീക്കർ അംഗീകരിച്ചേക്കും. ഇതിനൊപ്പം ബംഗാൾ നിയമസഭയിലും ഭൂരിപക്ഷം വിമതർക്കാണ്. മമതയുടെ നേതൃത്വത്തിലുള്ള പാർട്ടി ഔദ്യോഗിക പാർട്ടി അല്ലാതായി മാറുന്ന സാഹചര്യമാണ് നിലവിൽ. വർഷകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ വനിത സംവരണ ഭേദഗതി ബിൽ വീണ്ടും അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് തൃണമൂൽ എംപിമാർ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവർ ഔദ്യോഗികമായി എൻഡിഎയുടെ ഭാഗമാകുമോ അതോ പ്രത്യേക ബ്ലോക്കായി മാത്രം ഇരിക്കുമോ എന്നുള്ളത് വ്യക്തമല്ല.

Content Highlights: 22 out of 28 TMC Lok Sabha MPs have rebelled against Mamata Banerjee., Rebel group led by Kakoli Ghosh Dastidar seeks recognition as a separate bloc., Rebel MPs have extended support to the NDA., Internal party disputes following West Bengal assembly elections triggered the split., Mamata Banerjee calls emergency meetings in Kolkata to address the parliamentary crisis.