ഡൽഹിയിൽ നാടകീയ നീക്കങ്ങൾ; മമത ഇന്ത്യാ മുന്നണി യോഗത്തിൽ, തൃണമൂൽ എംപിമാർ ബിജെപി ക്യാമ്പിൽ

#ന്യൂസ് ഡെസ്ക്
ഇന്ത്യ മുന്നണി യോഗത്തിനെത്തിയ മമതാ ബാനര്‍ജി സോണിയ ഗാന്ധിയെ കണ്ടപ്പോള്‍, തൃണമൂല്‍ എംപിമാര്‍ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിന്റെ വസതിയിലെത്തിയപ്പോള്‍
ഇന്ത്യ മുന്നണി യോഗത്തിനെത്തിയ മമതാ ബാനര്‍ജി സോണിയ ഗാന്ധിയെ കണ്ടപ്പോള്‍, തൃണമൂല്‍ എംപിമാര്‍ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിന്റെ വസതിയിലെത്തിയപ്പോള്‍

ന്യൂഡൽഹി: ഡൽഹിയിൽ ഇന്ത്യാ മുന്നണി യോഗം ചേരുന്നതിനിടെ തൃണമൂൽ കോൺഗ്രസിൽ നടകീയ നീക്കങ്ങൾ. മമതാ ബാനർജി ഇന്ത്യാ മുന്നണി യോഗത്തിൽ പങ്കെടുക്കുന്നതിനിടെ തൃണമൂൽ കോൺഗ്രസിലെ ഒരുവിഭാഗം എംപിമാർ ബിജെപി ക്യാമ്പിലെത്തിയിരിക്കുകയാണ്. കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഭൂപേന്ദ്ര യാദവിന്റെ വീട്ടിലാണ് തൃണമൂൽ എംപിമാർ ഒത്തുചേർന്നത്.

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ഇവിടെ എത്തിയിട്ടുണ്ട്. രാജ്യസഭാ അംഗത്വം രാജിവെച്ച സുകേന്ദു ശേഖർ റോയിയുടെ നേതൃത്വത്തിലാണ് എംപിമാർ ബിജെപി ക്യാമ്പിലെത്തിയിരിക്കുന്നത് എന്നാണ് സൂചന. സുകേന്ദു ശേഖർ റോയിയും ആറോളം തൃണമൂൽ എംപിമാരും ഭൂപേന്ദ്ര യാദവിന്റെ വീട്ടിലിരിക്കുന്നതിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. തൃണമൂലിന്റെ 29 ലോക്‌സഭാ എംപിമാരിൽ 14 പേർ സുവേന്ദു അധികാരിയെ കാണുമെന്നാണ് സൂചന.

രാജ്യസഭയിലേയും ലോക്‌സഭയിലേയുമായി 20 ഓളം തൃണമൂൽ എംപിമാർ ബിജെപിയിലേക്ക് ചേക്കേറുന്നതിനുള്ള നീക്കങ്ങളിലേർപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കൂറുമാറ്റ നിരോധന നിയമം ബാധിക്കാതെയുള്ള നീക്കങ്ങൾക്കുള്ള സാധ്യതകളാണ് പ്രധാനമായും വിമതർ ചർച്ചചെയ്യുന്നത്. ബംഗാൾ നിയമസഭയിൽ ഇതിനോടകംതന്നെ തൃണമൂൽ കോൺഗ്രസ് പിളർന്നുകഴിഞ്ഞു. 80 എംഎൽഎമാരിൽ 60 ഓളം പേരും വിമതർക്കൊപ്പമാണ്.

വിമതനീക്കം തടയുന്നതിന് എംപിമാരെ ബന്ധപ്പെടാൻ മമത ശ്രമിക്കുന്നുണ്ടെങ്കിൽ പല എംപിമാരുടെയും ഫോണുകൾ ഓഫ് ചെയ്ത നിലയിലാണ്. രാജ്യസഭയിലും ലോക്‌സഭയിലുമായി 41 എംപിമാരാണ് തൃണമൂലിനുള്ളത്.

ടിഎംസി ലോക്സഭാ എംപി പ്രസൂൺ ബാനർജിയടക്കമുള്ളവർ ഭൂപേന്ദ്ര യാദവിന്റെ വീട്ടിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നവരിൽ ഉൾപ്പെടുന്നുണ്ട്. മമത ബാനർജിയും അഭിഷേക് ബാനർജിയും ഇന്ത്യ മുന്നണി യോഗത്തിനായി എത്തിയ സമയത്ത് തന്നെയാണ് വിമതർ ഡൽഹിയിൽ ബിജെപിയുമായി ചർച്ച നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇതിനിടെ ബംഗാൾ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഋതബ്രത ബാനർജി രാജ്യസഭാ അംഗത്വം രാജിവെച്ച സുകേന്ദു ശേഖർ റോയിയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. ചില എംപിമാരുമായി താൻ സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഋതബ്രത ബാനർജി, വിമതർ പാർലമെന്റിൽ ഒരു പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് സംബന്ധിച്ച് ചർച്ചയിലാണെന്നും സൂചിപ്പിച്ചു.

Content Highlights: TMC MPs held a secret meeting with BJP leader Bhupender Yadav in Delhi., Sukhendu Sekhar Roy and other MPs are reportedly planning to switch sides.