വ്യാപക കൊഴിഞ്ഞുപോക്കിനിടെ നടപടിയുമായി മമത; രണ്ട് എംഎൽഎമാരെ പാർട്ടിയിൽനിന്ന് പുറത്താക്കി

തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയുടെ വീട്ടിലേക്ക് സന്ദര്‍ശനത്തിനെത്തുന്ന മമതാ ബാനര്‍ജി |ഫോട്ടോ:PTI
തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയുടെ വീട്ടിലേക്ക് സന്ദര്‍ശനത്തിനെത്തുന്ന മമതാ ബാനര്‍ജി |ഫോട്ടോ:PTI

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഇതിനിടെ രണ്ട് എംഎൽഎമാരെ തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കി. എംഎൽഎമാരായ സന്ദീപൻ സാഹയെയും ഋതബ്രത ബാനർജിയെയും ആണ് പുറത്താക്കിയത്.

സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. ഞായറാഴ്ച നടത്താനിരുന്ന പുതിയതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം ഭൂരിപക്ഷം എംഎൽഎമാരും എത്താത്തതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് എംഎൽഎമാർക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

പാർട്ടി നേതൃത്വം വിളിച്ചുചേർത്ത യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുകയും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്നാണ് പുറത്താക്കൽ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് താൽപര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പ്രസ്താവനകൾ നടത്തുകയും ചെയ്തതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പാർട്ടിയുടെ വൈസ് പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ ഒപ്പിട്ട കത്തിൽ കൂട്ടിച്ചേർത്തു.

തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെയും പാർട്ടി എംപി കല്യാൺ ബാനർജിക്കെതിരെയും ഉണ്ടായ ആക്രമണങ്ങൾക്കിടെയാണ് ഞായറാഴ്ച തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ചത്. 80 എം.എൽ.എമാരിൽ യോഗത്തിനെത്തിയത് കേവലം 20 പേർ മാത്രമായിരുന്നു.

എന്നാൽ യോഗം മുൻകൂട്ടി നിശ്ചയിച്ചതായിരുന്നുവെന്നും എംഎൽഎമാർ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാൻ പോയതിനാലാണ് യോഗത്തിനെത്താതിരുന്നതെന്നായിരുന്നു പാർട്ടിയുടെ വിശദീകരണം.

Content Highlights: Expulsion of MLAs Sandipan Saha and Rithprata Banerjee for anti-party activities., Cancellation of the TMC MLA meeting due to low attendance.,