അലാറം മുഴങ്ങി, ചെന്നൈയ്ക്ക് സമീപം റെയില്‍വേ ട്രാക്കില്‍ അട്ടിമറിശ്രമം; അന്വേഷണത്തിന് എൻഐഎയും

ചെന്നൈ: റെയില്‍വേ ട്രാക്കിലെ നട്ടും ബോള്‍ട്ടും അഴിച്ച് തീവണ്ടി അട്ടിമറിക്കാനുള്ള ശ്രമം റെയില്‍വേ ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍മൂലം ഇല്ലാതാക്കി. ചെന്നൈക്കടുത്തുള്ള തിരുവള്ളൂര്‍ ജില്ലയിലെ തിരുവലങ്ങാട് റെയില്‍വേ സ്റ്റേഷനോടുചേര്‍ന്നുള്ള സിഗ്നല്പോസ്റ്റിന് സമീപത്തെ ട്രാക്കിലെ നട്ടുകളും ബോള്ട്ടുകളുമൂരി മാറ്റാനുള്ള ശ്രമം വെള്ളിയാഴ്ച പുലര്‍ച്ചെ 1.15-ഓടെയോടെയാണ് നടന്നത്. തുടര്‍ന്ന് സിഗ്നലും തകരാറിലാക്കാന്‍ ശ്രമംനടന്നു.
സിഗ്നലിനുസമീപം അട്ടിമറിശ്രമം നടന്നതിനാല്‍ ഉടന്‍ തിരുവിലങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ അലാറം മുഴങ്ങി. റെയില്‍വേ ജീവനക്കാര്‍ സംഭവസ്ഥലത്ത് ഓടിയെത്തി. ആരെയും പിടികൂടാനായില്ലെങ്കിലും ജീവനക്കാര്‍ ഉടന്‍ സമീപസ്റ്റേഷനുകളിലേക്ക് വിവരംനല്കുകയും തീവണ്ടികള്‍ പിടിച്ചിടുകയും ചെയ്തു. ഇതിലൂടെ അപകടമൊഴിവായി. ട്രാക്കിലെ കേടുപാടുകള്‍ പരിഹരിച്ച് തീവണ്ടി ഗതാഗതം തുടര്‍ന്നു.
അട്ടിമറിക്കുശ്രമിച്ചവരെ പിടികൂടാനായി ആര്‍പിഎഫ്, റെയില്‍വേ പോലീസ്, തമിഴ്നാട് പോലീസ്, എന്‍ഐഎ എന്നിവര്‍ അന്വേഷണമാരംഭിച്ചു. വന്‍ അപകടം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് അട്ടിമറിക്ക് ശ്രമംനടന്നതെന്ന് റെയില്‍വേ പോലീസ് പറഞ്ഞു.
തിരുവള്ളൂര്‍ ജില്ലയിലെത്തന്നെ കവരപ്പേട്ട റെയില്‍വേ സ്റ്റേഷനുസമീപം കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ മൈസൂരു-ദര്‍ഭംഗ ബാഗ്മതി എക്സ്പ്രസ് ലൂപ്പ് ലൈനില്‍ നിര്‍ത്തിയിട്ട ചരക്കുതീവണ്ടിയിലിടിച്ച് ഒന്‍പത് കോച്ചുകള്‍ പാളംതെറ്റിയിരുന്നു. 19 യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. പാളത്തിലെ നട്ടും ബോള്‍ട്ടും ഊരിയെടുത്തതാണ് അപകടത്തിനുകാരണമെന്ന് തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
Content Highlights: Railway staff prevented a major train derailment near Tiruvallur, Chennai.