റിലയന്‍സ് പവര്‍പ്ലാന്റിലെ വിഷമട്ട് ചോര്‍ന്നു, അഞ്ച് പേരെ കാണാനില്ല

-
-

ഭോപ്പാല്‍ : മധ്യപ്രദേശിലെ റിയലയന്‍സിന്റെ കല്‍ക്കരി വൈദ്യുത നിലയത്തില്‍ സൂക്ഷിച്ചിരുന്ന വിഷലിപ്തമായ വെള്ളം ചോര്‍ന്നു. വൈദ്യുത നിലയത്തില്‍ നിന്ന് ബാക്കി വരുന്ന വിഷലിപ്തമായ മട്ട് കൃത്രിമ കുളത്തിലാണ് സൂക്ഷിക്കുന്നത്. ഇതാണ് ചോര്‍ന്നത്. ചോര്‍ച്ചയ്ക്ക് ശേഷം ഗ്രാമത്തിലെ അഞ്ച് പേരെ കാണാതായെന്നും പറയുന്നു. 

ഭോപ്പാലില്‍ നിന്ന് 680 കിലോമീറ്റര്‍ അകലെ സിഗ്രോലിയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. 10 കല്‍ക്കരി വൈദ്യുത നിലയങ്ങളുള്ള സിംഗ്രൗലിയില്‍ ഒരു വര്‍ഷത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ സംഭവമാണിത്. വിഷയമയമുള്ള ചെളിയില്‍ പുതഞ്ഞ പ്രദേശത്തിന്റെ ഫോട്ടോയും വീഡിയോയും നാട്ടുകാരെടുത്തിട്ടുണ്ട്. 

"ചോർച്ചയെ തുടർന്ന് ചാരക്കുളത്തിന് സമീപത്ത് താമസിക്കുന്ന അഞ്ചുപേര്‍ ചെളിവെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഒഴുകിപ്പോയി. റിലയന്‍സ് ലൈദ്യുത നിലയത്തിന്റെ ഭാഗത്തു നിന്നുണ്ടായ വലിയ വീഴ്ചയാണിത്. ഗ്രാമവാസികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. വിളകളും സംരക്ഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. നഷ്ടപരിഹാരം വാങ്ങിക്കടുക്കാനുള്ള എല്ലാ നടപടികളുമെടുക്കും", സിംഗ്രൗലി കളക്ടര്‍ കെവിഎസ് ചൗധരി പറഞ്ഞു.

രാജ്യത്ത് തന്നെ ഗാസിയാബാദു കഴിഞ്ഞാൽ ഏറ്റവും മലിനീകൃതമായ പ്രദേശങ്ങളിലൊന്നാണ് സിംഗ്രൗലി. ഈ പ്രദേശത്തെ മലീമസമാക്കുന്നതും ഇവിടെ സ്ഥിതിചെയ്യുന്ന കല്‍ക്കരി പ്ലാന്റുകളാണ്.

ഇതിനു മുമ്പ് എസ്സര്‍ പ്ലാന്റിലെ കൃത്രിമ കുളത്തില്‍ നിന്ന് വിഷലിപ്തമായ ചെളിവെള്ളം ചോര്‍ന്നിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണല്‍ ടീം അടുത്തിടെ പ്രദേശം സന്ദര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ പ്ലാന്റിലവശേഷിക്കുന്ന ചാരം നിക്ഷേപിക്കുന്ന കുളങ്ങളും കൃത്യമായി പരിപാലിക്കുന്നുണ്ടെന്നായിരുന്നു കമ്പനികളെല്ലാം അന്ന് ഉറപ്പു നല്‍കിയത്.

content highlights: Toxic residue leak from the pond of reliance powerplant In Madhyapradesh, five missing

Content Highlights: