ശേഷം ശേഷന്‍ മാത്രം

സ്വതന്ത്രമായ തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ ശക്തിയും കെട്ടുറപ്പും നിര്‍ണയിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്ന് വാശിപിടിച്ച മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു ടി.എന്‍. ശേഷന്‍. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് കമ്മിഷനും കമ്മിഷണറും ചര്‍ച്ചാവിഷയമായി വരുമ്പോഴെല്ലാം ആദ്യം ഓര്‍ത്തുപോവുന്ന പേര് ടി.എന്‍. ശേഷന്റേതാണ്. ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി രണ്ടുതവണയായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുംവിധം ഉയര്‍ത്തിയ കടുത്ത ആരോപണങ്ങളെ യുക്തിസഹമായി നേരിടുന്നതിനു പകരം, ഒറ്റവാക്കില്‍ നിഷേധിക്കുക മാത്രമാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ചെയ്തത്. തെളിവുകള്‍ നിരത്തി രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണങ്ങളെ നേരിട്ട് പൊതുസമൂഹത്തിനുമുന്നില്‍ കമ്മിഷന്റെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയാണ് രാജ്യം കാണാനാഗ്രഹിച്ചത്. ചെറിയ ക്രമക്കേട് പോലും സൂക്ഷമായി പരിശോധിച്ച് നടപടിയെടുത്ത ടി.എന്‍.ശേഷനെ ഈ വേളയില്‍ വീണ്ടും ഓര്‍ത്തുപോവുന്നത് സ്വാഭാവികം മാത്രം.
1990 ഡിസംബര്‍ 12ന് രാജ്യത്തെ ഒമ്പതാമത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി (സി.ഇ.സി)ചുമതലയെടുക്കാന്‍ നിര്‍വാചന്‍സദനിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ തന്നെ ഇവിടെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് തോന്നിയതായി ശേഷന്‍ ' ത്രൂ ദ ബ്രോക്കണ്‍ ഗ്ലാസ് 'എന്ന തന്റെ ആത്മകഥയില്‍ പറയുന്നു. പൊട്ടിപൊളിഞ്ഞ കസേരകള്‍,വൃത്തിഹീനമായ ശുചിമുറി, പൊടിപിടിച്ച ഫയല്‍കൂമ്പാരം. സി.ഇ.സിയുടെ മുറിയുടെ ചുവരില്‍ നിറയെ ദൈവങ്ങളുടെ പഴയ ചിത്രങ്ങള്‍.അട്ടകള്‍ നിറഞ്ഞ കസേര അപ്പോള്‍ തന്നെ നീക്കാന്‍ പറഞ്ഞു.' കമ്മിഷന്റെ ഓഫീസില്‍ മാത്രമല്ല ശേഷന്‍ വൃത്തിയും വെടിപ്പും ഉറപ്പുവരുത്തിയത്. രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയ അടിമുടി കുറ്റമറ്റതാക്കാനുള്ള ഇച്ഛാശക്തി കാണിച്ച ശേഷന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്ന പദവിയുടെ അധികാരവും ഉത്തരവാദിത്വവും എന്താണെന്ന് തെളിയിച്ചു. അതുകൊണ്ടാണ് ശേഷന് മുന്‍പും ശേഷവും തലയെടുപ്പോടെ പ്രവര്‍ത്തിച്ച ഒരേ ഒരു തിരഞ്ഞെടുപ്പ് കമ്മിഷണറെ ഉണ്ടായിരുന്നിട്ടുള്ളു എന്ന് ജനം വിശ്വസിക്കുന്നത്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമനം ലഭിക്കുന്നതിന് മുന്‍പ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ക്യാബിനറ്റ് സെക്രട്ടറിയായിരുന്നു ശേഷന്‍. ഒരുദിവസം ക്യാബിനറ്റ് കഴിഞ്ഞ് പിരിയും മുന്‍പ് രാജീവ്ഗാന്ധി അടുത്തേക്ക് വിളിച്ച് ശേഷനോട് പറഞ്ഞു ' നവംബറില്‍ നമ്മള്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്താന്‍ പോവുകയാണ്. നവംബര്‍ 21,22,25 തിയതികളിലായി തിരഞ്ഞെടുപ്പ് നടത്തണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പെരിശാസ്ത്രിയോട് പറയണം.' തിരഞ്ഞെടുപ്പ് തിയതി നിശ്ചയിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മിഷനാണ്. കേന്ദ്രസര്‍ക്കാരോ പ്രധാനമന്ത്രിയോ തിയതി നിശ്ചയിക്കുന്നത് ശരിയല്ല എന്ന് ശേഷന്‍ മറുപടി നല്‍കി. നവംബറില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ നന്നാവുമെന്ന ആഗ്രഹം നമ്മുക്ക് കമ്മിഷനെ അറിയിക്കാം. അല്ലാതെ കമ്മിഷന് നിര്‍ദ്ദേശം നല്‍കാനുള്ള അധികാരം നമുക്കില്ല എന്ന ശേഷന്റെ മറുപടിയില്‍ അതൃപ്തി പ്രകടമാക്കി രാജീവ് ഗാന്ധി പറഞ്ഞു 'താങ്കള്‍ക്ക് പെരിശാസ്ത്രിയെ കണ്ട് സംസാരിക്കാന്‍ മടിയുണ്ടെങ്കില്‍ ഞാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേശ്മുഖിനെ പറഞ്ഞയക്കാം'. ദേശ്മുഖ് അടുത്ത ദിവസം തന്നെ പെരിശാസ്ത്രിയെ കണ്ട് കാര്യം പറഞ്ഞു. രാജീവ്ഗാന്ധി ആവശ്യപ്പെട്ട അതേ പ്രകാരം തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. ശേഷന്‍ ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുന്‍പ് വരെ എങ്ങനെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തിച്ചത് എന്ന് മനസിലാക്കാന്‍ വേണ്ടിയാണ് ഈ അനുഭവം അദ്ദേഹം ആത്മകഥയില്‍ എടുത്തുപറഞ്ഞത്. പെരിശാസ്ത്രിയുടെ മരണത്തെ തുടര്‍ന്നാണ് അടുത്ത സി.ഇ.സി യായി ശേഷനെ ചന്ദ്രശേഖര്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്.
നിര്‍വാചന്‍ സദനിലെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ പരിശോധിച്ച് തീരുമാനമെടുക്കണമെന്നായിരുന്നു ശേഷന്റെ ആദ്യത്തെ നിര്‍ദ്ദേശം.1987 നുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച 40,000 സ്ഥാനാര്‍ഥികളുടെ അപേക്ഷ പരിശോധിച്ചതില്‍ 14,000 പേര്‍ തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് സമര്‍പ്പിച്ചിരുന്നില്ല. ഇനിയുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഇവരെയെല്ലാം അയോഗ്യരാക്കി ഉത്തരവിറക്കി. ചുമതലയേറ്റ് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും 1991 മേയില്‍ ലോക്സഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയിട്ടും പെട്രോളിയം മന്ത്രി സത്യപ്രകാശ് മാളവ്യയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി കമാല്‍ മൊറാര്‍ക്കയും സ്‌പെഷ്യല്‍ ഓര്‍ഡറായി ഗ്യാസ്, ടെലിഫോണ്‍ കണക്ഷന്‍ അനുവദിച്ചുകൊണ്ടിരുന്നു. ഇത് പത്രവാര്‍ത്തയായപ്പോള്‍, ആരുടെയും പരാതിക്കായി കാത്തുനില്‍ക്കാതെ കമ്മിഷന്‍ ഇടപെടാന്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് നടത്തുന്നതെന്ന് കാണിച്ച് ഇരു മന്ത്രിമാര്‍ക്കും ശേഷന്‍ നേരിട്ട് കത്തയച്ചു. അതുവരെ പതിവില്ലാത്ത നടപടി കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടായപ്പോള്‍ മന്ത്രിമാര്‍ക്ക് അതിന്റെ ഗൗരവം പിടികിട്ടിയില്ല. കമ്മിഷന് സര്‍ക്കാരിന്റെ കാര്യത്തില്‍ ഇടപെടാനുള്ള അവകാശമില്ലെന്നായിരുന്നു മന്ത്രിമാരുടെ നിലപാട്. വിഷയം നേരിട്ട് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ശേഷന്‍, സ്‌പെഷ്യല്‍ ഓര്‍ഡര്‍ ഇറക്കുന്നത് നിര്‍ത്തിവെച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് ഓര്‍മിപ്പിച്ചു. ഒടുവില്‍ മന്ത്രിമാര്‍ക്ക് പിറകോട്ട് പോവേണ്ടിവന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരമെന്താണെന്ന് ആദ്യമായി മന്ത്രിമാര്‍ക്കും ഭരണാധികാരികള്‍ക്കും കാണിച്ചു കൊടുക്കുകയായിരുന്നു ശേഷന്‍.
1991 മേയ് 20ന് ആദ്യഘട്ടം വോട്ടെടുപ്പ് നടന്നപ്പോള്‍ ബിഹാര്‍, യു.പി, ഹരിയാന തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ ബൂത്ത് കയ്യേറ്റവും പോലീസിനെ മാറ്റി നിര്‍ത്തി വ്യാപകമായി കള്ളവോട്ട് ചെയ്തതായും റിപ്പോര്‍ട്ട് വന്നു. പുര്‍നിയ, പട്ന, ഇറ്റാവ, മീററ്റ്, ബുലന്ദഷഹര്‍ തുടങ്ങിയ ലോക്സഭാ മണ്ഡലങ്ങളിലെയും 15 നിയമസഭാമണ്ഡലങ്ങളിലെയും വോട്ടെടുപ്പ് മരവിപ്പിച്ചു. ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാനുണ്ടായ സാഹചര്യത്തിലേക്ക് നയിച്ചതെങ്ങനെ എന്ന് ശേഷന്‍ വിശദീകരിക്കുന്നു, 'തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകരില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകള്‍ ഗൗരവമുള്ളതായിരുന്നു. ഇതിനു പുറമേ വിവിധ കേന്ദ്രങ്ങളില്‍നിന്ന് കമ്മിഷന്‍ വിവരം ശേഖരിച്ചു. മാധ്യമങ്ങള്‍, ആഭ്യന്തരമന്ത്രാലയം, ഇന്റലിജന്‍സ് ബ്യുറോ, സംസ്ഥാനസര്‍ക്കാര്‍ തുടങ്ങി വിവിധ തലങ്ങളില്‍ വിവരം ശേഖരിച്ചു. ചിലര്‍ നേരിട്ട് ഫോണ്‍ ചെയ്ത് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് പരാതിപ്പെട്ടു. ടെലിഫോണ്‍, ഫാക്‌സ് വഴിയും പരാതി ലഭിച്ചു'. കമ്മിഷന്റെ നടപടിക്കെതിരെ ബിഹാര്‍ മുഖ്യമന്ത്രിയും ഐ.കെ.ഗുജ്‌റാളും പരസ്യമായി പരാതി പറഞ്ഞു. ഛപ്ര മണ്ഡലത്തില്‍നിന്ന് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ട് നല്‍കിയ ജില്ലാ കളക്ടറെ അന്ന് രാത്രിതന്നെ ചുമതലയില്‍നിന്ന് നീക്കി. പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മണ്ഡലമായ ബലിയയിലെ എട്ട് ബൂത്തുകളില്‍ റീപോളിങ്ങ് നടത്തി.
ശേഷന്റെ ഈ വാക്കുകള്‍ ഇപ്പോള്‍ ഏറെ പ്രസക്തമാണെന്ന് തോന്നിപ്പോവും. രാഹുല്‍ഗാന്ധിയുടെ പരാതിയില്‍ ഇപ്പോഴത്തെ കമ്മിഷന്‍ നല്‍കിയ മറുപടി വിചിത്രമാണ്. വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നതായി തിരഞ്ഞെടുപ്പ് സമയത്ത് ആരും പരാതിപ്പെട്ടില്ല. കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റുമാര്‍ ഉണ്ടായിരുന്നിട്ടും അവരും പരാതിപ്പെട്ടില്ല. എന്നു പറഞ്ഞാല്‍ വോട്ടര്‍പട്ടിക കുറ്റമറ്റതായിരിക്കണമെന്ന കാര്യത്തില്‍ കമ്മിഷന് നിര്‍ബന്ധമില്ല എന്നല്ലേ പറയുന്നത്. സാധാരണക്കാര്‍ ഫോണിലൂടെ വിളിച്ച് പരാതിപ്പെട്ടതുള്‍പ്പെടെ, വിവിധ കോണിലൂടെ വിവരം ശേഖരിച്ച് ബൂത്ത് കയ്യേറ്റം തിരിച്ചറിഞ്ഞ് വോട്ടെടുപ്പ് മരവിപ്പിക്കാന്‍ ശേഷന് അധികാരമുണ്ടായിരുന്നെങ്കില്‍, അതേ അധികാരം ഉപയോഗിച്ച് വോട്ടര്‍പട്ടികയില്‍ വ്യാജമായി ചേര്‍ത്ത വോട്ടുകള്‍ റദ്ദാക്കാന്‍ ഇപ്പോഴും കമ്മിഷന് അധികാരവും ഉത്തരവാദിത്വവും ഇല്ലേ എന്ന ചോദ്യം പ്രസക്തമാണ്.
പഞ്ചാബില്‍ 1991 ജൂണ്‍ 22ന് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചെങ്കിലും അവിടെ ക്രമസമാധാനം ഓരോ ദിവസവും വഷളായിക്കൊണ്ടിരുന്നു. 14 സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടുപോയി. ലൂധിയാന റെയില്‍വെസ്‌റ്റേഷനില്‍ വെച്ച് 110 യാത്രക്കാരെ ഭീകരര്‍ വെടിവെച്ചുകൊന്നു. സ്ഥിതിഗതി നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ശേഷനോട് ആവശ്യപ്പെട്ടു. ഇത് പരിഗണിക്കാമെന്ന് ഉറപ്പും നല്‍കി. പിന്നാലെ അദ്ദേഹം പ്രധാനമന്ത്രിയെ ചെന്ന് കണ്ടു. ആദ്യനിലപാട് മാറ്റി തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടതില്ല എന്ന് ആവശ്യപ്പെട്ടു. ഗവര്‍ണറും കേന്ദ്രസര്‍ക്കാരും തിരഞ്ഞെടുപ്പ് നടത്തണമെന്ന ഉറച്ച നിലപാടെടുത്തു. പക്ഷേ നിഷ്പക്ഷമായ വോട്ടിങ്ങ് നടക്കില്ലെന്ന് ഉറപ്പായപ്പോള്‍ ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുച്ഛേദം 30,153 പ്രകാരം സ്വന്തം അധികാരം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് മൂന്ന് മാസത്തേക്ക് നീട്ടിവെച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന് മതിയായ കാരണമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കാമെന്ന അധികാരം ഉപയോഗിച്ചാണ് അന്ന് മാറ്റിവെച്ചത്. തന്നോട് ആലോചിക്കാതെ തിരഞ്ഞെടുപ്പ് മാറ്റിവെച്ച കമ്മിഷന്റെ നടപടിയില്‍ പ്രതിഷേധിച്ച് പഞ്ചാബ് ഗവര്‍ണര്‍ ഒ.പി.മല്‍ഹോത്ര രാജിവെച്ചു. ശേഷനെ ഇംപീച്ച് ചെയ്യണമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയത് ഈ നടപടിക്ക് പിന്നാലെയാണ്.
ശേഷന്റെ വാക്കുകളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു ഫുട്‌ബോള്‍ റഫറിയെപോലെയാണ്. വിവിധ തലത്തില്‍ മുന്നറിയിപ്പ് നല്‍കും. ആദ്യം മഞ്ഞ കാര്‍ഡ്, പച്ച കാര്‍ഡ്, ചുവപ്പ് കാര്‍ഡ്. ഒടുവില്‍ ലോങ്ങ് വിസില്‍. കര്‍ണാടക നിയമസഭയില്‍ അംഗമായിരിക്കെ രാമകൃഷ്ണഹെഗ്‌ഡേ പ്ലാനിങ്ങ് കമ്മിഷന്‍ ഉപാധ്യക്ഷനായത് വിവാദമായപ്പോള്‍ പ്ലാനിങ് കമ്മിഷന്‍ ഉപാധ്യക്ഷ പദവി ഓഫീസ് ഓഫ് പ്രോഫിറ്റ് ആണെന്ന് കണ്ട് രാമകൃഷ്ണ ഹെഗ്‌ഡേയുടെ നിയമസഭാംഗത്വം അയോഗ്യമാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ഇതുപ്രകാരം അന്നത്തെ കര്‍ണാടക ഗവര്‍ണര്‍ ഖുര്‍ഷിദ് ആലംഖാന്‍ ഹെഗ്‌ഡേയെ അയോഗ്യനാക്കിയെങ്കിലും പിന്നീട് ഹൈക്കോടതി ഇത് റദ്ദാക്കി.
പി.വി.നരസിംഹറാവു പ്രധാനമന്ത്രിയായപ്പോള്‍ അന്നത്തെ നിയമമന്ത്രി വിജയഭാസ്‌കര റെഡ്ഡി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്റിലെ ചോദ്യങ്ങള്‍ക്ക് മറുപടി തയ്യാറാക്കി നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്റെ ഭാഗമല്ലാത്തതിനാല്‍ ഉത്തരം തയ്യാറാക്കി നല്‍കേണ്ട ബാധ്യത ഇല്ലെന്ന നിലപാടില്‍ ശേഷന്‍ ഉറച്ചുനിന്നു. കമ്മിഷന്‍ സഹകരിക്കുന്നില്ലെന്ന് വിജയഭാസ്‌കര റെഡ്ഡി പ്രധാനമന്ത്രിയോട് പരാതിപ്പെട്ടു. കമ്മിഷന്‍ സഹകരിക്കാന്‍ ഒരു സഹകരണ സൊസൈറ്റിയല്ലെന്ന് ഇതേകുറിച്ച് അന്വേഷിച്ചപ്പോള്‍ പ്രധാനമന്ത്രിക്ക് ശേഷന്‍ മറുപടി നല്‍കി.
1991ലെ തിരഞ്ഞെടുപ്പിനുശേഷം അപ്രതീക്ഷിതമായി നരസിംഹറാവു പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍, നന്ദ്യാല്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ റാവു മത്സരിച്ചു. നന്ദ്യാലിനൊപ്പം ഇറ്റാവ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പിന് വിജ്ഞാപനം തയ്യാറാക്കി നിയമമന്ത്രാലയത്തിന് അയച്ചു. നിമയമന്താലയം ഇത് അനുമതിക്കായി രാഷ്ട്രപതിക്ക് അയക്കുകയും രാഷ്ട്രപതി അനുമതി നല്‍കിയാല്‍ വിജ്ഞാപനം ഇറക്കുകയും ചെയ്യുക എന്നതാണ് നിയമം. എന്നാല്‍ കേന്ദ്രസര്‍ക്കാറിന് അന്ന് ഇറ്റാവയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ താത്പര്യമുണ്ടായിരുന്നില്ല. കരട് വിജ്ഞാപനത്തില്‍നിന്ന് ഇറ്റാവയെ ഒഴിവാക്കണമെന്ന് നിയമമന്ത്രാലയ ഡപ്യുട്ടി സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. വിജ്ഞാപനത്തില്‍നിന്ന് ഏതെങ്കിലും മണ്ഡലത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ശേഷന്‍ വ്യക്തമാക്കി. വിജ്ഞാപനത്തില്‍ നിയമപരമായി തെറ്റൊന്നുമില്ലെങ്കില്‍ രാഷ്ട്രപതിക്ക് പോലും ഇത്തരം ആവശ്യം മുന്നോട്ടുവെക്കാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവേചനാധികാരത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ശേഷന്‍ വ്യക്തമാക്കി. 'തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു കുതിരയും സര്‍ക്കാര്‍ സവാരിക്കാരനുമാണെന്ന് ധരിക്കരുത്' എന്നാണ് പ്രധാനമന്ത്രിയെ കണ്ട് പറഞ്ഞതെന്ന് ശേഷന്‍ എഴുതിയിട്ടുണ്ട്. നിയമമന്ത്രാലയത്തില്‍നിന്ന് ക്ഷമാപണം രേഖാമൂലം വേണമെന്ന് തീര്‍ത്തുപറഞ്ഞു. അടുത്ത ദിവസം ഉച്ചയ്ക്ക് മുന്‍പ് ഡെപ്യുട്ടി സെക്രട്ടറി ക്ഷമാപണകത്ത് കൈമാറി.
വോട്ടര്‍പട്ടികയിലെ ക്രമക്കേടിന് ഉത്തരവാദി ആര്?
കൃത്യമായ വോട്ടര്‍പട്ടിക തയ്യാറാക്കുകയെന്നത് ഏതൊരു ജനാധിപത്യത്തിലും പരമപ്രധാനമാണ്. ഇന്ത്യയില്‍ ഈ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് ടി.എന്‍.ശേഷന്‍ വ്യകതമാക്കിയിട്ടുണ്ട്. എന്നാല്‍ വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുടെ സംവിധാനത്തെ ആശ്രയിക്കേണ്ടിവരുന്നു. ഈ ജോലി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതലപ്പെടുത്തുന്നത്. പശ്ചിമബംഗാളിലെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയപ്പോള്‍ ബംഗാള്‍ സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് വകവെക്കാതെ തെറ്റുകള്‍ തിരുത്തി വീണ്ടും ലിസ്റ്റ് തയ്യാറാക്കാന്‍ അന്ന് ശേഷന്‍ ആവശ്യപ്പെട്ടു. 1992ല്‍ ആന്ധ്രപ്രദേശിലെ ഒരു നിയോജകമണ്ഡലത്തിലെ വോട്ടര്‍മാര്‍ ആ മണ്ഡലത്തിലെ ആകെയുള്ള ജനസംഖ്യയെക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തി. ഇത് തിരുത്തിച്ചു. ഇപ്പോഴത്തെ കമ്മിഷണര്‍ പറയും പോലെ ക്രമക്കേട് സംബന്ധിച്ച് ആരും തിരഞ്ഞെടുപ്പ് സമയത്ത് പരാതിപ്പെട്ടില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനല്ല ശേഷന്‍ ശ്രമിച്ചത്. രാഹുല്‍ഗാന്ധിയുടെ ആരോപണം പൊതുമണ്ഡലത്തില്‍ വിവാദമായി നിലനില്‍ക്കുമ്പോള്‍, സംശയം ദൂരീകരിച്ച് കമ്മിഷന്റെ നിഷ്പക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ ശേഷന്റെ മാതൃകയാണ് ഗ്യാനേഷ്‌കുമാര്‍ സ്വീകരിക്കേണ്ടത്.
1992ല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നഗരവികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറിയെ നിരീക്ഷകനായി തിരഞ്ഞെടുത്തു. തായ്‌ലൻഡില്‍ പോവേണ്ടതിനാല്‍ അദ്ദേഹം തിരഞ്ഞെടുപ്പ് ജോലിക്ക് എത്തിയില്ല. വിശദീകരണം തേടിയപ്പോള്‍ ക്യാബിനറ്റ് സെക്രട്ടറി അദ്ദേഹത്തിന് വേണ്ടി മറുപടി നല്‍കി. അതില്‍ തൃപ്തനാവാതെ ജോയിന്റ് സെക്രട്ടറി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ശേഷന്‍ ആവശ്യപ്പെട്ടു. തായ്‌ലൻഡിൽ നിന്ന് മടങ്ങിയെത്തിയ ഉദ്യോഗസ്ഥന്‍ അതേ ദിവസം തന്നെ ശേഷന്റെ ഓഫീസില്‍ എത്തി വിശദീകരണം നല്‍കി. കമ്മിഷന്റെ അധികാരം എന്താണെന്ന് ഒരിക്കല്‍കൂടി ശേഷന്‍ കാണിച്ചുകൊടുത്തു.
1993ല്‍ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍ക്ക മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചത് മുഖ്യമന്ത്രി പെരുമാറ്റചട്ടം ലംഘിച്ചു എന്നതിന്റെ പേരിലാണ്.തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചശേഷം ചില വികസന പദ്ധതികള്‍ പ്രഖ്യാപിച്ചതിനാണ് ചരിത്രത്തിലാദ്യമായി അനുച്ഛേദം 324, 329 (ബി) വകുപ്പുകള്‍ ഉപയോഗിച്ച് കമ്മിഷന്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ ശേഷന്‍ സുപ്രിംകോടതിയില്‍ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിച്ചു. തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ കമ്മിഷനുള്ള അധികാരം അംഗീകരിച്ച് ഹൈക്കോടതി വിധി സുപ്രിംകോടതി തള്ളി.
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ എന്തെങ്കിലും കൃത്രിമം കാണിച്ചാല്‍ അച്ചടക്ക നടപടി എടുക്കാന്‍ കമ്മിഷന് അധികാരമുണ്ടോ എന്നൊരു തര്‍ക്കത്തിനും ശേഷന്‍ തുടക്കമിട്ടു. ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിലാണ് തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുന്നത്. അതുകൊണ്ട് അവര്‍ക്കെതിരെ അച്ചടക്കനടപടി എടുക്കാനുള്ള അധികാരം കമ്മിഷന് ഇല്ലെന്ന് ക്യാബിനറ്റ് സെക്രട്ടറി വാദിച്ചു. ഉദ്യോഗസ്ഥര്‍ക്കുമേല്‍ നിയന്ത്രണമില്ലെങ്കില്‍ തിരഞ്ഞെടുപ്പ് നീതിയുക്തമായി നടത്താന്‍ കഴിയില്ലെന്ന നിലപാടില്‍ ശേഷന്‍ ഉറച്ചുനിന്നു. വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ശേഷന്റെ നിലപാട് അംഗീകരിച്ച സുപ്രീംകോടതിയുടെ ചരിത്രവിധി, സ്വതന്ത്രവും നീതിയുക്തവുമായി തിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മിഷന്റെ അധികാരത്തെ ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ താളത്തിനൊത്ത് ശേഷന്‍ തുള്ളില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് പിന്നീട് രണ്ട് കമ്മിഷണര്‍മാരെ കൂടി നിയമിച്ച് കമ്മിഷന്റെ അംഗസംഖ്യ മൂന്നായി ഉയര്‍ത്തിയത്.
മാറ്റിമറിച്ച തീരുമാനങ്ങള്‍
ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തുന്ന കാലത്ത് ബൂത്ത് തിരിച്ച് വോട്ടെണ്ണുമ്പോള്‍ വോട്ടിങ്ങ് പാറ്റേണ്‍ ബൂത്ത് തിരിച്ച് ലഭിക്കുന്നത് തിരഞ്ഞെടുപ്പിന്റെ രഹസ്യാത്മകതയെ ബാധിക്കുമെന്ന് ശേഷന്‍ വിലയിരുത്തി. ഉത്തരേന്ത്യയില്‍ സമീന്താര്‍മാര്‍ ആയുധമേന്തി ഭീഷണി മുഴക്കി ഏതെങ്കിലും പാര്‍ട്ടികള്‍ക്ക് വേണ്ടി നിര്‍ബന്ധിച്ച് വോട്ട് ചെയ്യിക്കുന്ന സാഹചര്യത്തില്‍, മറിച്ച് കൂട്ടമായി വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് മനസിലാക്കാന്‍ ബൂത്ത് തിരിച്ചുള്ള വോട്ടെണ്ണല്‍ സഹായിക്കും. ഇത് തടയാനാണ് എല്ലാ ബൂത്തുകളിലെയും വോട്ടുകള്‍ കൂട്ടിക്കലര്‍ത്തി എണ്ണണമെന്ന തീരുമാനമെടുത്തത്.
മാധ്യമങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായി കമ്മിഷന്‍ നേരിട്ട് പാസുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചു.തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ പൂര്‍വ്വപശ്ചാത്തലം പരിശോധിക്കാന്‍ തുടങ്ങി. രാഷ്ട്രീയ പാര്‍ട്ടികളുമായി അടുപ്പമുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലിയില്‍നിന്ന് നീക്കി. തിരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് നിയന്ത്രണം, സര്‍ക്കാര്‍,സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് ചുമരെഴുത്ത് നടത്തുന്നത് വിലക്കി. ഇത് പാലിച്ചില്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ വീണ്ടും പെയിന്റ് അടിച്ചുനല്‍കണം.മൈക്ക് ഉപയോഗിക്കുന്നതിന് പുതിയ നിയമം കൊണ്ടുവന്നു. കേന്ദ്രമന്ത്രിയായിരുന്ന സന്തോഷ് മോഹന്‍ ദേവ് പ്രചരണത്തിന് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെയും ടാറ്റ അയേണ്‍ ആന്റ് സ്റ്റീല്‍ കമ്പനിയുടെയും ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, ഇതിന്റെ ചെലവ് ഇരുകമ്പനികള്‍ക്കും നല്‍കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു.
ശേഷന്റെ കാലത്ത് ലോക്സഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവ് ചെയ്യാവുന്നത് ഒന്നര ലക്ഷം രൂപയായിരുന്നു. പത്ത് ലക്ഷത്തോളം വോട്ടര്‍മാരെ കണ്ട് പ്രചരണം നടത്താന്‍ വെറും ഒന്നരലക്ഷം രൂപ എന്നത് പരിഹാസ്യമാണെന്ന് ശേഷന്‍ തന്നെ പറയുന്നു. എങ്കിലും നിയമം കര്‍ശനമായി നടപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ തുക ഉയര്‍ത്തി നിശ്ചയിക്കണം. തുക ഉയര്‍ത്തി നിശ്ചയിക്കാന്‍ നിയമഭേദഗതി പാര്‍ലമെന്റ് പാസാക്കണം. അത് കമ്മിഷന്റെ പരിധിയില്‍ വരുന്ന വിഷയമല്ല. ഒന്നരലക്ഷം രൂപയാണ് പരിധിയെങ്കിലും സ്ഥാനാര്‍ഥിയുടെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികള്‍ ചെലവഴിക്കുന്ന തുക സ്ഥാനാര്‍ഥിയുടെ അക്കൗണ്ടില്‍ വരില്ലെന്ന് നിയമഭേദഗതി കൊണ്ടുവന്നു. പണം ഉള്ളവര്‍ക്ക് ഈ പഴുത് ഉപയോഗിച്ച് എത്രവേണമെങ്കിലും ചെലവഴിക്കാനുള്ള സാഹചര്യം ഇത് വഴിവെച്ചു. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 171 (എച്ച്) എന്ന നിയമം സമര്‍ത്ഥമായി ഉപയോഗിച്ച് ശേഷന്‍ സ്ഥാനാര്‍ഥിയുടെ അമിത പണചെലവ് നിയന്ത്രിച്ചു. ഈ വകുപ്പ് പ്രകാരം പത്ത് രൂപയിലധികം ആരെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി ചെലവഴിക്കുന്നുണ്ടെങ്കില്‍ അത് സ്ഥാനാര്‍ഥിയുടെ അനുമതിയോടെയാവണം. രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിച്ചുചേര്‍ത്ത് ഈ നിയമം കര്‍ശനമായി നടപ്പിലാക്കുമെന്ന് ശേഷന്‍ അറിയിച്ചു. ഇച്ഛാശക്തിയുണ്ടെങ്കില്‍ എങ്ങനെ കാര്യങ്ങള്‍ കൃത്യമായി നടത്തിക്കൊണ്ടുപോവാമെന്ന് ശേഷന്‍ തെളിയിച്ചു.
അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ പാര്‍ട്ടി ഭരണഘടന തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കണമെന്ന് ശേഷന്‍ തീരുമാനിച്ചു. പാര്‍ട്ടി ഭരണഘടനയില്‍ പറയുന്ന പ്രകാരം സംഘടനാതിരഞ്ഞെടുപ്പ് നടത്തുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആദ്യമായി തീരുമാനിച്ചത് ശേഷന്റെ കാലത്താണ്.
1995 ജനുവരി ഒന്നിനുശേഷം നടക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും വോട്ടര്‍ ഐ.ഡി കാര്‍ഡ് നിര്‍ബന്ധമാക്കി 1993 ല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇറക്കിയ ഉത്തരവ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ അസ്വസ്ഥമാക്കി. ഓരോ വോട്ടര്‍ക്കും ഫോട്ടോ പതിച്ച, പ്രത്യേക ക്രമനമ്പരുള്ള വോട്ടര്‍ ഐഡി കാര്‍ഡ് നല്‍കുകയെന്നത് ഭാരിച്ച ചെലവ് വരുന്ന പ്രക്രിയയാണ്. പല സംസ്ഥാനങ്ങളും ഇതിന്റെ സാങ്കേതികത്വം ചൂണ്ടികാട്ടി ഇത് പ്രായോഗികമല്ലെന്ന് ആദ്യം നിലപാടെടുത്തു.180 കോടി രൂപ ചെലവ് വരുമെന്ന് പറഞ്ഞ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഐ.ഡി കാര്‍ഡ് വിതരണം നടപ്പിലാക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. ഐ.ഡി കാര്‍ഡ് വിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന സംസ്ഥാന നിയമസഭാതിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പുകള്‍ ബംഗാളില്‍ മാറ്റിവെക്കേണ്ടിവരുമെന്ന് ശേഷന്‍ വ്യക്തമാക്കി. താമസിയാതെ എല്ലാ സംസ്ഥാനസര്‍ക്കാരുകളും ഐ.ഡി കാര്‍ഡ് വിതരണ നടപടികള്‍ ആരംഭിച്ചു. വോട്ടര്‍ ഐ.ഡിയില്ലാതെ വോട്ട് രേഖപ്പെടുത്താനാവില്ലെന്ന നിലപാട് ഭരണഘടനാവിരുദ്ധമാണെന്ന് വാദിച്ച് ഒഡിഷ, ബിഹാര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കള്ളവോട്ട് തടയിടുന്നതില്‍ വലിയ പങ്ക് വഹിച്ച വോട്ടര്‍ ഐഡി കാര്‍ഡ് ശേഷന്‍ നടപ്പിലാക്കുകതന്നെ ചെയ്തു. പരാതി വരുന്നതുവരെ കാത്തിരിക്കാതെ നവീകരണത്തിനും പഴുതടക്കുന്നതിനും സ്വയം മുന്നിട്ടിറങ്ങിയതുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ കുറിച്ച് പറയുമ്പോള്‍ ശേഷന് മുന്‍പും ശേഷവും ഒരേയൊരു ശേഷന്‍ മാത്രം അവശേഷിക്കുന്നത്.
Content Highlights: tn seshan former Chief Election Commissioner of India